മൂന്ന് പതിറ്റാണ്ടിന് ശേഷം സഊദി-ഇറാഖ് അതിർത്തികൾ തുറന്നു
റിയാദ്: മുപ്പത് വർഷം മുമ്പ് അടച്ചു പൂട്ടിയ സഊദി-ഇറാഖ് കര അതിർത്തികൾ തുറന്നു. ഇരു രാജ്യങ്ങൾക്കുമിടയിലെ ജദീദ അറാർ അതിർത്തി പോസ്‌റ്റാണ് ഇരു രാജ്യങ്ങൾക്കുമിടയിൽ പുതു ബന്ധത്തിന് ശക്തിയേകി തുറന്നത്. ഉത്തര അതിർത്തി പ്രവിശ്യ ഗവർണർ ഫൈസൽ ബിൻ ഖാലിദ് ബിൻ സുൽത്താൻ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. ഇറാഖ് ആഭ്യന്തര മന്ത്രി ഉസ്മാൻ അൽഗാനിമിയുടെ നേതൃത്വലുള്ള സംഘവും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. നാലാമത് സഊദി-ഇറാഖ് ഏകോപന സമിതി യോഗത്തിൽ കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമായാണ് അതിർത്തി പോസ്റ്റ് തുറന്നത്. ഇതോടെ രണ്ടു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി വ്യാപാരം എളുപ്പമാക്കും.
ജദീദ അറാർ അതിർത്തി പോസ്റ്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് കൊറോണ വ്യാപനം നേരിടുന്നതിന് ഇറാഖി ജനതക്കുള്ള മെഡിക്കൽ വസ്തുക്കളും ഉപകരണങ്ങളും അടങ്ങിയ സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉപഹാരം വഹിച്ച വാഹന വ്യൂഹം സഊദി അറേബ്യ ഇറാഖിലേക്ക് അയച്ചു. 16,66,772 ചതുരക്ര മീറ്റർ വിസ്തീർണമുള്ള പ്രദേശത്താണ് ജദീദ അറാർ അതിർത്തി പോസ്റ്റ് പരന്നുകിടക്കുന്നത്. രാജ്യത്തിന്റെ വടക്കൻ ഭാഗത്തേക്കുള്ള സാമ്പത്തിക കവാടമായാണ് ഇത് അറിയപ്പെടുന്നത്. സഊദി-ഇറാഖ് സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും സാമ്പത്തിക, വികസന മേഖലകളിൽ സഹകരണത്തിന്റെ പുതിയ വിഹായസ്സുകളിലേക്കും തുടക്കം കുറിക്കുന്ന ലോജിസ്റ്റിക് സോണും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.
1990 ൽ ഇറാഖ് ഭരണാധികാരി സദ്ദാം ഹുസൈന്റെ സൈന്യം അയൽ രാജ്യമായ കുവൈത്തിൽ അധിനിവേശം തുടങ്ങിയതോടെ ഉടലെടുത്ത സഊദി-ഇറാഖ് ബന്ധത്തിലേറ്റ വിള്ളലോടെയാണ് അതിർത്തി അടച്ചത്. പിന്നീട് 2015 ൽ സഊദി അറേബ്യ വീണ്ടും ഇറാഖിലെ ബാഗ്‌ദാദിൽ എംബസി തുറന്നതോടെ ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം പുനഃരാരംഭിക്കുകയായിരുന്നു. നിലവിൽ ഇരു രാജ്യങ്ങളും തമ്മിൽ ഊർജ്ജം, സ്പോർട്സ് തുടങ്ങി വിവിധ മേഖലകളിൽ നിക്ഷേപത്തിന് കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. എല്ലാ ഇറാഖി ഉൽപ്പന്നങ്ങളും സഊദി അറേബ്യയിലേക്ക് കയറ്റുമതി ചെയ്യുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു, ഈ അതിർത്തിയിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സന്ദർശകരെ അങ്ങോട്ടുമിങ്ങോട്ടും അനുവദിക്കുമെന്നും ഇറാഖിലെ സഊദി അംബാസിഡർ അബ്ദുൽഅസീസ് അസീസ് അൽ ശംരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."