അമരമ്പലത്ത് പഞ്ചായത്ത് അംഗം കോണ്‍ഗ്രസ് വിട്ടു ഒരു മാസത്തിനുള്ളില്‍ കോണ്‍ഗ്രസ് വിട്ടത് രണ്ട് അംഗങ്ങള്‍
നിലമ്പൂര്‍: പോത്തുകല്ലിന് പിറകെ അമരമ്പലം ഗ്രാമപഞ്ചായത്തും പിടിച്ചെടുക്കാന്‍ സി.പി.എം ശ്രമം. അവിശ്വാസ പ്രമേയം ചൊവ്വാഴ്ച ചര്‍ച്ച ചെയ്യാനിരിക്കെ ഗ്രാമപഞ്ചായത്തിലെ ഒരുകോണ്‍ഗ്രസ് അംഗം കൂടി സിപിഎമ്മിലെത്തി. പത്തൊമ്പതാം വാര്‍ഡായ നരിപൊയിലില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗവും പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ടി പി ഹംസയാണ് പാര്‍ട്ടി സ്ഥാനമാനങ്ങള്‍ രാജിവച്ചത്. പി.വി അന്‍വര്‍ എം എല്‍ എക്കൊപ്പം നിലമ്പൂര്‍ വാര്‍ത്താ സമ്മേളനം നടത്തിയാണ് ഹംസ തന്റെ രാജി പ്രഖ്യാപിച്ചത്.
ഒരു മാസത്തിനിടെ രണ്ടാമത്തെ അംഗമാണ് കോണ്‍ഗ്രസ് വിടുന്നത്. ഇതോടെ ഭരണം തങ്ങളുടെ കൈകളിലേക്ക് വരുമെന്ന പ്രത്യാശയിലാണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍. കഴിഞ്ഞ മാസം ഉപ്പുവള്ളി വാര്‍ഡിലെ കോണ്‍ഗ്രസ് അംഗം അനിതാ രാജു രാജിവച്ചിരുന്നു. ഉപ്പുവളിയിലെ ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമായ ഘട്ടത്തിലാണ് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് ഇന്നലെ ഹംസയുടെ രാജിയുണ്ടായത്. 19 അംഗ ഭരണ സമിതിയില്‍ ഇപ്പോള്‍ രണ്ടംഗങ്ങള്‍ രാജിവച്ചതോടെ യു.ഡി.എഫിന്റെ അംഗബലം എട്ടായി മാറി.
സി.പി.എമ്മിന് നിലവില്‍ ഒമ്പത് അംഗങ്ങളാണ് ഉള്ളത്. രണ്ടുപേര്‍ കൂടി വരുന്നതോടെ 11 അംഗങ്ങളുടെ പിന്‍ബലത്തില്‍ ഭരണം നടത്താനാവും. സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് പി.വി.അന്‍വര്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഹംസ പറഞ്ഞു. മെമ്പര്‍ സ്ഥാനം രാജിവെക്കുന്നില്ല. വാര്‍ഡിലെ ഭൂരിപക്ഷ വോട്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമെ അംഗത്വം രാജിവെക്കു എന്നും ഹംസ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."