ഏറനാട്ടില്‍ കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പ് ദുഷ്‌കരം ഒന്‍പത് പഞ്ചായത്തുകളിലായി 6,78,45,955 രൂപയുടെ നഷ്ടം
മഞ്ചേരി: പ്രളയവും ഉരുള്‍പൊട്ടലും ദുരിതം വിതച്ച ഏറനാട് താലൂക്ക് പരിധിയില്‍ കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പ് ദുഷ്‌ക്കരമാവുന്നു. മഞ്ചേരി മേഖലയിലെ ഒന്‍പത് പഞ്ചായത്തുകളിലായി 6,78,45,955 രൂപയുടെ നാശ നഷ്ടമാണുണ്ടായത്. കല്ലും ചെളിയും വന്നടിഞ്ഞ് മിക്ക കൃഷിയിടങ്ങളും പുനരുപയോഗത്തിനു പറ്റാത്ത നിലയിലാണ്. ഭൂഘടന മാറിയതും കര്‍ഷകരെ വലക്കുന്നു. ജലസേചന സംവിധാനത്തിലുള്ള കുറവും കര്‍ഷകരെ പ്രയാസപ്പെടുത്തുകയാണ്.
ഉരുള്‍പൊട്ടലില്‍ രൂക്ഷമായ നാശനഷ്ടം സംഭവിച്ച ചാലിയാര്‍, എടവണ്ണ, മമ്പാട്, കരുവാരക്കുണ്ട്, ഊര്‍ങ്ങാട്ടിരി പഞ്ചായത്തുകളില്‍ കൃഷി ഭൂമികള്‍ക്കുണ്ടായ നാശ നഷ്ടങ്ങള്‍ വിലയിരുത്താന്‍ മലപ്പുറം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ആനക്കയം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കൃഷി നാശം സംഭവിച്ചത്. 2,44,45,000 രൂപയുടെ നഷ്ടമാണ് ഊര്‍ങ്ങാട്ടിരിയില്‍ കണക്കാക്കുന്നത്. കാര്‍ഷിക നാശവുമായി ബന്ധപ്പെട്ട് 1899 പരാതികളാണ് താലൂക്കിലെ വിവിധ കൃഷി ഓഫിസുകളില്‍ ലഭിച്ചിരിക്കുന്നത്. കാര്‍ഷിക നഷ്ടം സംബന്ധിച്ച് ഈ മാസം 29നകം കണക്കുകള്‍ നല്‍കണമെന്ന് മഞ്ചേരി അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍ പ്രീതാ പോള്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എടവണ്ണ പഞ്ചായത്തില്‍ 350 ഹെക്ടര്‍ കൃഷിയിടങ്ങള്‍ നശിച്ചതില്‍ 1,60,54,855 രൂപ നഷ്ടം സംഭവിച്ചു. അരീക്കോട് 70 കര്‍ഷകര്‍ക്ക് 26.76 ലക്ഷം രൂപയും ചീക്കോട് 161 കര്‍ഷകര്‍ക്ക് 25 ലക്ഷം, കാവനൂരില്‍ 250 കര്‍ഷകര്‍ക്ക് 40 ലക്ഷം, കീഴുപറമ്പില്‍ 200 കര്‍ഷകര്‍ക്ക് 35.6 ലക്ഷം, കുഴിമണ്ണയില്‍ 150 കര്‍ഷകര്‍ക്ക് 30 ലക്ഷം, മഞ്ചേരി നഗരസഭയില്‍ 125 കര്‍ഷകര്‍ക്ക് 35.6 ലക്ഷം, പുല്‍പ്പറ്റയില്‍ 260 കര്‍ഷകര്‍ക്ക് 80.5 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.
2013 മുതല്‍ 2017 വരെ കൃഷിനാശം സംഭവിച്ച കര്‍ഷര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാര തുകയില്‍ 1,80,38,000 രൂപയാണ് ഇതുവരെ വിതരണം ചെയ്തിരിക്കുന്നത്. ഇക്കാലയളവില്‍ 3.25 കോടി രൂപകൂടി വിതരണം ചെയ്യേണ്ടതുണ്ട്. കാര്‍ഷിക മേഖലയില്‍ അധികൃതര്‍ തുടരുന്ന അനാസ്ഥ പ്രളയ ശേഷവും മാറ്റമില്ലാത്തത് ഉത്പാദന മേഖലയെ പിറകോട്ടിപ്പിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."