പറക്കുമോ കീഴാറ്റൂരില്‍ 'വയല്‍ക്കിളികള്‍'
കണ്ണൂര്‍: നൂറുമേനി വിളയുന്ന കീഴാറ്റൂര്‍ വയലിനെ പിളര്‍ത്തി ദേശീയപാത വികസനം നടപ്പാക്കുന്നതിനെതിരേ കേരളം കണ്ട പ്രക്ഷുബ്ധ സമരം നടത്തിയ വയല്‍ക്കിളികള്‍ കീഴാറ്റൂരില്‍ ജനവിധി തേടിയിറങ്ങുമ്പോള്‍ പരിസ്ഥിതി രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാകുന്നു.
തളിപ്പറമ്പ് നഗരസഭയിലെ ഉറച്ച ഇടതുപക്ഷ വാര്‍ഡായ കീഴാറ്റൂരില്‍ (വാര്‍ഡ് 30) നിന്ന് വയല്‍ക്കിളി സുരേഷ് കീഴാറ്റൂരിന്റെ ഭാര്യ ലത പടിഞ്ഞാറേക്കരയാണ് ആധിപത്യമുണ്ടെന്ന് തെളിയിക്കാന്‍ വയല്‍ക്കിളി സ്ഥാനാര്‍ഥിയായി രംഗത്തിറങ്ങിയിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് വേണ്ടി പോരാടിയ ഒരു സമരസംഘടനയെന്ന നിലയില്‍ കേരളമാകെ ചര്‍ച്ചയാകുന്ന നിലയില്‍ തന്നെയാണ് മത്സരരംഗത്ത് നില്‍ക്കുന്നതെന്ന് സുരേഷ് കീഴാറ്റുര്‍ പറഞ്ഞു. ഇടതുപക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുള്ള കീഴാറ്റൂരില്‍ വിജയിക്കാന്‍ തന്നെയാണ് മത്സരിക്കുന്നത്. കീഴാറ്റൂരില്‍ മാത്രമല്ല, തൊട്ടടുത്ത വാര്‍ഡുകളിലും വയല്‍ക്കിളികളുടെ മത്സരത്തിന്റെ പ്രതിധ്വനി ഉണ്ടാകും. ഏതു കക്ഷികളുടെയും പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലത വയല്‍ക്കിളി സമരത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഡിഫറന്റ്‌ലി ഏബിള്‍ഡ് വെല്‍ഫെയര്‍ ഫെഡറേഷന്റെ തളിപ്പറമ്പ് യൂനിറ്റ് കമ്മിറ്റി സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു. യു.ഡി.എഫ്, എന്‍.ഡി.എ മുന്നണികള്‍ വയല്‍ക്കിളികളെ പിന്തുണയ്ക്കുമെന്നാണ് സൂചന.
വയല്‍ക്കിളി സമരം
കണ്ണൂര്‍ ജില്ലയിലെ കീഴാറ്റൂര്‍ എന്ന സ്ഥലത്ത് നെല്‍വയല്‍ നികത്തി ബൈപാസ് പാത നിര്‍മിക്കുന്നതിനെതിരേ നാട്ടുകാരുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രതിഷേധ സമരമാണ് വയല്‍ക്കിളി സമരം. സി.പി.എം പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കിയ വയല്‍ക്കിളികള്‍ എന്ന സംഘടനയാണ് സമരരംഗത്തേക്ക് ആദ്യം വന്നത്. വികസനത്തിനു എതിരു നില്‍ക്കരുതെന്നും ദേശീയപാത അലൈന്‍മെന്റ് ഒഴിവാക്കാനാവില്ലെന്നുമായിരുന്നു സി.പി.എം നിലപാട്. ഇതോടെ രണ്ടു വിഭാഗങ്ങള്‍ സി.പി.എമ്മില്‍ ഉടലെടുത്തു. സി.പി.എം നയത്തെ തള്ളി 11 പേര്‍ സമരത്തോടൊപ്പം ഉറച്ചു നിന്നു. ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതോടെ, ഈ സമരം ജനവിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ, വികസനവിരുദ്ധ സമരമായി മുദ്രകുത്തപ്പെട്ടു. പിന്നീട് വയല്‍ക്കിളികളുടെ സമരപന്തല്‍ തീവച്ചു നശിപ്പിക്കപ്പെട്ടു. മന്ത്രി ജി. സുധാകരന്‍ സമരക്കാരെ കഴുകന്മാരെന്ന് വിശേഷിപ്പിച്ചു. കോണ്‍ഗ്രസും ബി.ജെ.പിയും സമരത്തെ പിന്തുണച്ചു.
മത്സരചിത്രം
കഴിഞ്ഞ തവണ 600 ലേറെ പേര്‍ വോട്ട് ചെയ്തപ്പോള്‍ 400 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എം സ്ഥാനാര്‍ഥി കീഴാറ്റൂരില്‍ വിജയിച്ചത്. കോണ്‍ഗ്രസിന് 92 വോട്ടും ബി.ജെ.പിയ്ക്ക് ഏഴു വോട്ടുമാണ് ലഭിച്ചത്. ഇക്കുറി വാര്‍ഡില്‍ 725 വോട്ടര്‍മാരുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."