കരാര്‍ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചതായി വാട്ടര്‍ അതോറിട്ടി കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍
കൊച്ചി: ജലഅതോറിറ്റിയിലെ ചെറുകിട കരാറുകാരുടെ കുടിശിക നല്‍കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച്ച വരുത്തിയെന്നാരോപിച്ച് ജൂണ്‍ ആറ് മുതല്‍ സംസ്ഥാനത്തെ വാട്ടര്‍ അതോറിറ്റിയിലെ കരാര്‍ ജോലികള്‍ നിര്‍ത്തിവയ്ക്കുവാന്‍ തീരുമാനിച്ചതായി വാട്ടര്‍ അതോറിട്ടി കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി അറിയിച്ചു.
അറ്റകുറ്റപണികള്‍ ചെയ്ത ചെറുകിട നാമമാത്ര കരാറുകാര്‍ക്ക് 2012 മുതലുള്ള തുകയാണ് നല്‍കുവാനുള്ളത്. ഇതിനായി 40 കോടി രൂപ അനുവദിക്കുകയും അത് മാര്‍ച്ചില്‍ കൊടുത്ത് തീര്‍ക്കുകയും ചെയ്യണമെന്ന് സര്‍ക്കാര്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ തുക വക മാറ്റി ചിലവഴിക്കുകയായിരുന്നുവെന്ന് കരാറുകാര്‍ ആരോപിക്കുന്നു. കുടിശികയുടെ ഒരു വിഹിതം ഏപ്രില്‍ മാസത്തില്‍ നല്‍കുമെന്ന് ഉറപ്പ് പറഞ്ഞതോടെ വീണ്ടും ജോലികള്‍ തുടങ്ങിയെങ്കിലും ഇതുവരെയും തുക കൈമാറിയില്ല.
ഈ സാഹചര്യത്തിലാണ് അനശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുവാന്‍ സംഘടന തീരുമാനിച്ചതെന്നും വര്‍ഗീസ് കണ്ണമ്പള്ളി അറിയിച്ചു. ജല അതോറിറ്റിയില്‍ ബില്‍ ഡിസ്‌ക്കൗണ്ടിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി മാത്യു ടി തോമസ് നിയമസഭയെ അറിയിച്ചുവെങ്കിലും അക്കാര്യത്തിലും സര്‍ക്കാര്‍ വേണ്ടത്ര നടപടികള്‍ സ്വീകരിച്ചില്ലെന്നും സംഘടന ആരോപിച്ചു.
ജലവിതരണ പൈപ്പുകള്‍, സിമന്റ്, സ്റ്റീല്‍, ക്വാറി, ക്രഷര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ അസാധാരണ വിലക്കയറ്റം തടഞ്ഞുനിര്‍ത്തുവാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു.
സെക്രട്ടറി ജോസഫ് ജോണ്‍, തോമസ് സ്‌ക്കറിയ, എം.ആര്‍ സത്യന്‍, ബാബു തോമസ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."