പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ജില്ലാതല കാംപയിന്‍; 'മാലിന്യമകറ്റാം രോഗങ്ങളും'
മെയ് 28 മുതല്‍ ജൂണ്‍ 30 വരെ
കൊച്ചി: ജില്ലയില്‍ ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള കര്‍ശന നിര്‍ദേശം നല്‍കി. പനി പടരുന്ന സാഹചര്യം വിലയിരുത്താനും തുടര്‍ നടപടികള്‍ക്കുമായി ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് തീരുമാനം. ഇതിനായി 28 മുതല്‍ ജൂണ്‍ 30 വരെ ഒരു മാസം നീളുന്ന 'മാലിന്യമകറ്റാം രോഗങ്ങളും' എന്ന ജില്ലാതല കാംപയിന്‍ സംഘടിപ്പിക്കും. ജില്ല ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, ജില്ലയിലെ മറ്റു വകുപ്പുകള്‍, റെസിഡന്റ്‌സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍, സ്‌കൂള്‍കോളേജ് വൊളന്റിയര്‍മാര്‍ തുടങ്ങിയവരുടെ സഹകണത്തോടെയാണ് കാംപയിന്‍ സംഘടിപ്പിക്കുന്നത്. മാലിന്യ നിര്‍മാര്‍ജനവും കൊതുക് നശീകരണവും പകര്‍ച്ചവ്യാധി നിയന്ത്രണവും കൃത്യമായ രീതിയില്‍ നടത്തുവാന്‍ വ്യകതികളെയും കുടുംബങ്ങളെയും സമൂഹത്തെയും പ്രാപ്തരാക്കുക എന്നതാണ് കാംപയിന്റെ ലക്ഷ്യം. കാംപയിന്റെ ഭാഗമായി കൃത്യമായ ആസൂത്രണത്തോടെയുള്ള പദ്ധതിയാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയിരിക്കുന്നത്.
23ന് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ശുചിത്വസ്‌ക്വാഡുകള്‍ രൂപീകരിക്കും. ഇവ 24, 25 തീയതികളില്‍ നിര്‍ദേശിക്കപ്പെട്ട പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് ശുചിത്വം സംബന്ധിച്ച് രൂപരേഖ തയ്യാറാക്കും. 27ന് ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ തുടരും. 28ന് കാംപയിന്‍ ആരംഭിക്കും. എല്ലാ വീടുകളിലും പൊതുസ്ഥലങ്ങളിലും ഉറവിട നശീകരണവും മാലിന്യനിര്‍മാര്‍ജനവും ക്ലോറിനേഷനും നടക്കുന്നുവെന്ന് വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉറപ്പുവരുത്തും.
ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നതിനുള്ള സാഹചര്യം പൂര്‍ണമായി ഇല്ലാതാക്കാന്‍ കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് ജില്ലാ കലക്ടര്‍ ചൂണ്ടിക്കാട്ടി. ഇതിനായി വൊളന്റിയര്‍മാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തണം. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. 2015ല്‍ 240 ഡെങ്കി കേസുകളും 2016 ല്‍ 430 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം രോഗികളുടെ എണ്ണം വര്‍ധിക്കാതിരിക്കാനുള്ള എല്ലാ നടപടികളും കൂട്ടായി ആസൂത്രണം ചെയ്ത് നടപ്പാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിന്‍പ്രകാരമുള്ളവിവിധ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി മെയ് 14ന് ദേശീയ ആരോഗ്യദൗത്യം, ആരോഗ്യവകുപ്പ്, ശുചിത്വമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ വീടുകളില്‍ ശുചീകരണം നടത്തുന്നതിനുള്ള കാംപയിന്‍ പ്രവര്‍ത്തനം നടത്തിയിരുന്നു. ഇതു പ്രകാരം വീടും പരിസരവും ശുചിയാക്കുകയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ചെയ്തു. ജില്ലയില്‍ ഡെങ്കിപപ്പനി പടരുന്നതിനുള്ള സാഹചര്യം പൂര്‍ണമായി ഇല്ലാതാക്കാന്‍ സാധിച്ചിട്ടില്ല. പൊതുസ്ഥലങ്ങളുള്‍പ്പെടെ ശുചീകരണപ്രവര്‍ത്തനം നടത്തേണ്ടതുണ്ട്. ഇനിയും ശുചീകരിക്കാത്ത ഇടങ്ങള്‍ കണ്ടെത്തി ശുചിയാക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് മെയ് 28ന് വിപുലമായ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
വീടുകളിലും പരിസരങ്ങളിലും മാലിന്യം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനാരോഗ്യനിയമത്തിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് നല്‍കി നടപടിയെടുക്കും. ജില്ലയിലെ 33 പഞ്ചായത്തുകളിലും കൊച്ചി കോര്‍പ്പറേഷന്‍ പരിസരങ്ങളിലുമായി 82 ഡെങ്കി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പഞ്ചായത്ത് സെക്രട്ടറിമാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഡി.എച്ച്.ഒ, അഡീഷണല്‍ ഡി.എം.ഒ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."