ആംബുലന്‍സില്ല; അബോധാവസ്ഥയിലായ ഗര്‍ഭിണിയേയും വഹിച്ച് 10 കിലോമീറ്റര്‍ ബൈക്ക് യാത്ര
റാഞ്ചി: ആംബുലന്‍സ് ലഭിക്കാതെ വന്നതോടെ ജാര്‍ഖണ്ഡില്‍ പ്രസവവേദനയുമായി യുവതി ബൈക്കില്‍ യാത്രചെയ്തത് പത്തുകിലോമീറ്റര്‍. രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് അബോധാവസ്ഥയില്‍ യുവതിയെ താങ്ങിനിര്‍ത്തിയായിരുന്നു ഇത്രയും ദൂരം ബന്ധുക്കള്‍ ബൈക്കില്‍ യാത്രചെയ്തത്.
ലതേഹര്‍ ജില്ലയിലെ ചതുവാഗ് ഗ്രാമത്തില്‍ ശാന്തി ദേവി എന്ന യുവതിക്കാണ് ദാരുണമായ അനുഭവം ഉണ്ടായത്. യുവതിയുടെ വീട്ടില്‍ നിന്ന് ഏറ്റവും അടുത്തുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് പത്തുകിലോമീറ്റര്‍ ആണ് യാത്രാദൂരമുള്ളത്. ഇവിടേക്കു വിളിച്ചെങ്കിലും സെന്ററില്‍ നിന്ന് ആംബുലന്‍സ് വിടാതിരുന്നതോടെയാണ് രക്തംവാര്‍ന്ന് അബോധാവസ്ഥയിലായ ശാന്തിദേവിയെ മോട്ടോര്‍ ബൈക്കിലാക്കി കുടുംബത്തിന് ആശുപത്രിയിലേക്കു കൊണ്ടുപോവേണ്ടിവന്നത്.
ബൈക്ക് ഓടിക്കുന്നയാളുടെ പിന്നില്‍ ഇരുത്തിയ യുവതിയെ താങ്ങാനായി അവര്‍ക്കു പിന്നില്‍ ഒരാള്‍ ഇരിക്കുകയും ചെയ്തു. എന്നാല്‍, കമ്യൂണിറ്റി സെന്ററില്‍ എത്തിയപ്പോള്‍ അവിടെ നിന്ന് മറ്റൊരു സ്ഥലത്തുള്ള രാജേന്ദ്ര ഇന്‍സിറ്റിറ്റിയൂട്ട് മെഡിക്കല്‍ സയന്‍സസി(റിംസ്)ലേക്ക് റഫര്‍ ചെയ്യപ്പെട്ടു. ആംബുലന്‍സ് ലഭിക്കാതിരുന്നതോടെ കമ്യൂണിറ്റി സെന്ററില്‍ നിന്ന് റിംസിലേക്കും മോട്ടോര്‍ബൈക്കില്‍ കൊണ്ടുപോവേണ്ടിവന്നതായും ശാന്തിദേവിയുടെ കുടുംബം പറഞ്ഞു.
മൂന്നുദിവസമായി ശാന്തിദേവിക്ക് കടുത്ത പനിയാണെന്നും രക്തസ്രാവം കൂടി ഉണ്ടായതോടെ 108ലേക്ക് ഡയല്‍ചെയ്ത് ആംബുലന്‍സ് വിളിച്ചെങ്കിലും അതിന്റെ സേവനം ലഭിച്ചില്ലെന്നും ഭര്‍ത്താവ് കമല്‍ ഗാഞ്ചു പറഞ്ഞു. എന്നാല്‍, ആംബുലന്‍സ് ലഭിച്ചില്ലെന്ന ആരോപണം കമ്യൂണിറ്റി സെന്റര്‍ അധികൃതര്‍ നിഷേധിച്ചു. 108ല്‍ വിളിച്ച ഉടന്‍ ആംബുലന്‍സ് ലഭിക്കില്ലെന്നും അതിനു കുറച്ചുകൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുമെന്നും ജില്ലാ സിവില്‍ സര്‍ജന്‍ ശിവ്പൂജന്‍ ശര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."