വല്ലംനിറ ജൈവസഭ അതിജീവനത്തിന്റെ പുതിയ മാതൃക
നെടുമങ്ങാട്: നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ പദ്ധതിയായ വല്ലംനിറയും അതിന്റെ ഭാഗമായ ജൈവസഭയും അതിജീവനത്തിന്റെ പുതിയ മാതൃകയാണെന്ന് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍ സീമ പറഞ്ഞു. കരകുളം പഞ്ചായത്തിലെ കരയാളത്തുകോണം വാര്‍ഡിലെ വല്ലംനിറ അതിജീവന ജൈവസഭ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഹരിത കേരളം മിഷന്റെ ഭാഗമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും അഞ്ചു ഗ്രാമപഞ്ചായത്തുകളും സഹകരിച്ച് കുടുംബശ്രീ വഴി നടപ്പാക്കുന്ന ജനകീയ പദ്ധതിയാണ് വല്ലംനിറ. ജൈവകൃഷിയും പൂക്കൃഷിയും ഒരു സംസ്‌കാരമായും തൊഴില്‍ സംരംഭമായും വീട്ടുമുറ്റത്തു യാഥാര്‍ഥ്യമാക്കുക, വിശേഷാവസരങ്ങളില്‍ നാല് ജൈവപച്ചക്കറി വിഭവം 25,000 വീടുകളില്‍ ലഭ്യമാക്കുക, ജൈവഗ്രാമം കുടുംബശ്രീയിലൂടെ സാധ്യമാക്കുക, ഓരോ വീട്ടിലും അധികം വരുന്ന ജൈവപച്ചക്കറിയും പൂവും തക്കതായ വില നല്‍കി ജൈവഗ്രാമം വഴി ശേഖരിച്ച് സ്റ്റാളുകളിലൂടെ വിതരണം ചെയ്യുക എന്നതൊക്കെയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തന പരിധിയിലെ അന്‍പതു ശതമാനം വീടുകളിലേക്കും ഒരു പദ്ധതിയെത്തുന്നുവെന്ന പ്രത്യേകതയും വല്ലം നിറയ്ക്കുണ്ട്.
സംസ്ഥാനത്ത് ആദ്യമായി 98 വാര്‍ഡുകളിലും ജൈവകൃഷിക്കും പൂകൃഷിക്കുമായി ജൈവസഭ സംഘടിപ്പിച്ച ആദ്യത്തെ ബ്ലോക്കാണ് നെടുമങ്ങാട്. പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ ബ്ലോക്കിലെ വിവിധ വാര്‍ഡുകളില്‍ ജൈവസഭ ചേരുന്നത്. പ്രളയക്കെടുതിയില്‍ കൃഷിനാശം സംഭവിച്ചവര്‍ക്കും മറ്റു ഗുണഭോക്താക്കള്‍ക്കും നടീല്‍ വസ്തുക്കള്‍ നല്‍കുക എന്നതാണ് സെപ്റ്റംബര്‍ ഒക്ടോബര്‍ മാസത്തില്‍ ചേരുന്ന ജൈവസഭയുടെ പ്രധാന ലക്ഷ്യം. ബ്ലോക്കിലെ 98 വാര്‍ഡുകളിലും ജൈവസഭ ചേരുന്നുണ്ട്. യഥാസമയം കൃഷിനാശത്തിന് പരിഹാരം കണ്ടെത്തി ഗുണഭോക്താക്കളെ സഹായിക്കാന്‍ ബ്ലോക്ക്പഞ്ചായത്ത് അംഗങ്ങളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരും വിദഗ്ദ്ധരുമുണ്ട്. എല്ലാ മാസവും ഇവരുടെ നേതൃത്വത്തില്‍ അവലോകന യോഗവും ചേരും.
മോണിറ്റര്‍മാര്‍ അവരവരുടെ ചുമതലയനുസരിച്ച് വീടുകള്‍ സന്ദര്‍ശിച്ച് ചെടിയുടെ വളര്‍ച്ച മറ്റ് വിവരങ്ങള്‍ എന്നിവ യഥാസമയം കൃഷി ഓഫിസര്‍മാരെ അറിയിക്കും. ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നടക്കുന്ന മൂന്നാം ഘട്ട പദ്ധതി പ്രവര്‍ത്തങ്ങള്‍ക്ക് മുന്നോടിയായി ഏറ്റവും കൂടുതല്‍ പച്ചക്കറിയും പൂവും അവരവരുടെ ആവശ്യം കഴിഞ്ഞു മോണിറ്റര്‍മാര്‍ വഴി ജൈവഗ്രാമത്തിനു വിലയ്ക്ക് നല്‍കുന്നതിന്റെ അടിസ്ഥാനത്തില്‍ വിവിധ അവാര്‍ഡുകള്‍ നല്‍കുന്നതാണ്. മൂന്നാം ഘട്ട പദ്ധതിപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടംപുളി, ആര്യവേപ്പ് എന്നിവയുടെ തൈകള്‍ വിതരണം ചെയ്യും. വിഷരഹിതമായ ജൈവപച്ചക്കറികൃഷിയും പൂക്കൃഷിയും അതിന്റെ വിപണനവും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ബ്ലോക്കിലെ എല്ലാ വീടുകളിലും വല്ലംനിറ പദ്ധതി എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു അറിയിച്ചു.
ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി, കരകുളം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് അനില, പഞ്ചായത്ത് അംഗങ്ങളായ പി.എന്‍ മധു, ലേഖാ റാണി, കരകുളം കുടുംബശ്രീ സി.ഡി. എസ് ചെയര്‍പേഴ്‌സണ്‍ സുകുമാരി, ലളിത, കരകുളം പഞ്ചായത്തിലെ വല്ലംനിറ ഗുണഭോക്താക്കള്‍, നാട്ടുകാര്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ വാര്‍ഡിലെ വല്ലംനിറ ഗുണഭോക്താക്കള്‍ക്ക് നടീല്‍ വസ്തുക്കളും നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."