ഗര്‍ഭിണിയെ നാവികര്‍ ഭീഷണിപ്പെടുത്തിയതായി പരാതി
പയ്യന്നൂര്‍: നാവിക അക്കാദമി മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് ഗര്‍ഭിണിയായ ഭര്‍തൃമതിയെ വീട്ടില്‍ തനിച്ചുള്ള സമയം രണ്ട് നാവിക ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായി വനിതാ കമ്മിഷനിലും പൊലിസിലും പരാതി നല്കി.
മാലിന്യവിരുദ്ധ സമരം നടത്തുന്ന ജന ആരോഗ്യ സംരക്ഷണ സമിതി ഭാരവാഹിയും മാധ്യമ പ്രവര്‍ത്തകനുമായ സുനില്‍ രാമന്തളിയുടെ ഭാര്യയെയാണ് ഏഴിമലയിലെ നാവിക ഉദ്യോഗസ്ഥര്‍ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ഗര്‍ഭിണിയായ ഭാര്യ വീട്ടില്‍ തനിച്ചുള്ള നേരം വീട്ടിലെത്തിയ നാവികരായ രണ്ട് പേര് ഇത് സുനിലിന്റെ വീടല്ലെയെന്നു പറഞ്ഞെത്തുകയായിരുന്നു.
തുടര്‍ന്ന് നാവിക അക്കാദമിക്കടുത്തുള്ള നിങ്ങളുടെ വീടിന് അക്കാദമിയുടെ അനുമതി ഇല്ലെന്നും വീട് ഉടനെ പൊളിച്ചുമാറ്റുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. നിങ്ങളുടെ ഭര്‍ത്താവ് നാവിക അക്കാദമിക്കെതിരേ സമരം ചെയ്യുന്നുണ്ടെന്നും അതില്‍ നിന്നും പിന്മാറിയില്ലെങ്കില് വീട് വിട്ട് പോകാന്‍ തയ്യാറായിക്കോയെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു.
ഇതു സംബന്ധിച്ച് ഏഴിമല നാവിക അക്കാദമിയിലെ ഉദ്യോഗസ്ഥരായ കെ.എം ശ്യാംലാല്‍, അനൂപ് രാജ് എന്നിവരുടെ പേരില്‍ വനിതാ കമ്മിഷനിലും പൊലിസിലും പരാതി നല്കി.
കഴിഞ്ഞ ദിവസം അക്കാദമി അതിര്‍ത്തിയോട് ചേര്‍ന്നുള്ള വീടുകളില്‍ സര്‍വേക്കെത്തിയ രണ്ട് നാവിക അക്കാദമി ജീവനക്കാരെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചു നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. പൊലിസ് സ്ഥലത്തെത്തിയതിനു ശേഷമാണ് ഇവരെ വിട്ടയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."