സി.എ.ജി കുരുക്കില്‍ കിഫ്ബി
ഇടതുസര്‍ക്കാരിന്റെ അടിസ്ഥാനവികസനത്തിനുള്ള പദ്ധതികള്‍ നടപ്പിലാക്കാനും കൂടുതല്‍ പലിശക്ക് ബോണ്ട് വഴിയും അല്ലാതെയും വായ്പകളെടുക്കാനും പൂര്‍ണ അധികാരമുള്ള കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) ഇപ്പോള്‍ സി.എ.ജി കുരുക്കില്‍ പെട്ട് ഉഴലുകയാണ്. കഴിഞ്ഞ നാലര വര്‍ഷം എല്ലാം സ്വന്തം സാമ്രാജ്യമായി കരുതുന്ന മുഖ്യമന്ത്രി പിണറായി വിജയനും കണക്കുകള്‍ കൊണ്ട് ന്യായീകരിക്കുന്ന ധനമന്ത്രി തോമസ് ഐസക്കും കിഫ്ബിയെ സര്‍ക്കാരിന് സമാന്തരമായി പ്രവര്‍ത്തിക്കുന്ന ഒരു കോര്‍പറേറ്റ് സംവിധാനമാക്കി മാറ്റി. തലപ്പത്ത് ലക്ഷങ്ങള്‍ ശമ്പളം നല്‍കി മുന്‍ ചീഫ് സെക്രട്ടറിയെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റി. എന്തിനേറെ കണക്കുകള്‍ ചോദിക്കരുത് എന്ന നിലയിലെത്തി. ആയിരക്കണക്കിന് കോടികള്‍ ചെലവിടുന്ന കിഫ്ബിയില്‍നിന്ന് സി.എ.ജിയെ അകറ്റി. ഇഷ്ടക്കാരെ കണക്ക് നോക്കാന്‍ ഏല്‍പ്പിച്ചു.
സംസ്ഥാനത്ത് വായ്പയെടുക്കണമെങ്കില്‍ കേന്ദ്രാനുമതി വേണം. മാത്രമല്ല, കേന്ദ്രം നിശ്ചയിച്ച തുകയില്‍ കൂടുതല്‍ എടുക്കാനും പാടില്ല. പിന്നെ എങ്ങനെ പണമെത്തിക്കാം എന്ന ഗവേഷണത്തിന്റെ ബാക്കിപത്രമാണ് 1999ല്‍ ഇടതുസര്‍ക്കാര്‍ തന്നെ രൂപംകൊടുത്ത കിഫ്ബിയെ പൊടി തട്ടിയെടുക്കുന്നത്. തുടര്‍ന്ന് സെക്രട്ടേറിയറ്റിനടുത്ത് സ്വകാര്യ കെട്ടിടത്തില്‍ കിഫ്ബി എന്ന പ്രസ്ഥാനം കെട്ടിപ്പൊക്കി. അവിടെനിന്നും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ചെറുകിട പദ്ധതികള്‍ മുതല്‍ വന്‍കിട പദ്ധതികള്‍വരെയുള്ള ടെന്‍ഡര്‍ നടപടികള്‍ കാറ്റില്‍പ്പറത്തി കോടികള്‍ ഒഴുകികൊണ്ടിരുന്നു. കുറഞ്ഞ പലിശയ്ക്ക് ഇവിടെനിന്നു തന്നെ പണം വായ്പയെടുക്കാമെന്നിരിക്കെ കൂടുതല്‍ പലിശക്ക് പുറത്തുനിന്നും ബോണ്ട് വഴിയും അല്ലാതെയും പണമെത്തുന്നു.
സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പിലാക്കാനാണ് കിഫ്ബി രൂപീകരിച്ചത്. കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് നിയമം അനുസരിച്ച് 1999 നവംബര്‍ 11 നാണ് കിഫ്ബി ആരംഭിച്ചത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ 2016ല്‍ അധികാരമേറ്റെടുത്തപ്പോള്‍ കിഫ്ബിയുടെ ചട്ടങ്ങള്‍ പരിഷ്‌കരിച്ചു. സാമ്പത്തിക മേഖലയിലെ മാന്ദ്യത്തെ ഫലപ്രദമായി പ്രതിരോധിക്കുക, സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്നിവയായിരുന്നു ലക്ഷ്യങ്ങള്‍. കിഫ്ബിക്ക് രൂപംകൊടുക്കുമ്പോള്‍ 1,000 കോടിയില്‍ താഴെമാത്രമാണ് വായ്പകള്‍ വഴി ധന സമാഹരണം ലക്ഷ്യമിട്ടിരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍, 40 ശതമാനം സര്‍ക്കാര്‍ ഓഹരിയുള്ള സംയുക്ത സംരംഭങ്ങള്‍, രജിസ്റ്റര്‍ ചെയ്ത സൊസൈറ്റികള്‍ എന്നിവയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുകയായിരുന്നു ആദ്യ ലക്ഷ്യം. ചീഫ് സെക്രട്ടറി, ആറ് വകുപ്പ് സെക്രട്ടറിമാര്‍ ബാങ്കിങ് മേഖലയിലുള്ള രണ്ട് വിദഗ്ധര്‍ എന്നിവരടങ്ങുന്നതായിരുന്നു കിഫ്ബിയുടെ ബോര്‍ഡ്. 2016ല്‍ ഈ നിയമത്തില്‍ ഭേദഗതി വരുത്തി. അതുവരെയുള്ള ഘടനകളെയൊക്കെ മാറ്റിമറിക്കുന്നതായിരുന്നു ആ നിയമഭേദഗതി. ചട്ടങ്ങളില്‍ പലതും മാറ്റിയെഴുതി. ഇഷ്ടക്കാര്‍ക്ക് വേണ്ടി ചില താല്‍പര്യങ്ങള്‍ ഉള്‍പ്പെടുത്തി. കിഫ്ബിക്ക് അനുമതി നല്‍കാവുന്ന പദ്ധതികളുടെ എണ്ണം ഇരട്ടിയാക്കി. ഭൂമിയൊരുക്കലും ധാതുഖനനവും കിഫ്ബിയുടെ പരിധിയില്‍ കൊണ്ടുവന്നു. മത്സ്യബന്ധനം, ഐ.ടി, വിദ്യാഭ്യാസം, ആരോഗ്യം, സ്‌പോര്‍ട്‌സ്, ടൂറിസം തുടങ്ങി കോര്‍പറേറ്റുകള്‍ക്ക് താല്‍പര്യമേറിയ മിക്ക മേഖലകളിലും കിഫ്ബിക്ക് പദ്ധതികള്‍ നടത്താനുള്ള അനുമതിയും നിയമംവഴി നല്‍കി. ഇത് കൂടാതെ സര്‍ക്കാര്‍ ഓഹരി നിക്ഷേപം 26 ശതമാനമുള്ള സൊസൈറ്റികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പദ്ധതിയുമായി സഹകരിക്കാമെന്നും ഭേദഗതി വരുത്തി. 1999ലെ നിയമമനുസരിച്ച് കിഫ്ബിയുടെ ഫണ്ട് ദേശസാല്‍ക്കരണ ബാങ്കില്‍ വേണം നിക്ഷേപിക്കാന്‍ എന്നുണ്ടായിരുന്നു. ഭേദഗതിയോടെ ഈ നിബന്ധനയും കളഞ്ഞു. ഇതോടെ കിഫ്ബിയിലെത്തിയ സര്‍ക്കാര്‍ ഫണ്ട് ട്രഷറികളിലേക്ക് പോകാതെ ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ സ്ഥിര നിക്ഷേപമായി. ഏറ്റെടുക്കാനുള്ള പദ്ധതികളുടെ ചെലവ് ആയിരം കോടിയില്‍ നിന്നും 21,000 കോടിയായി ഉയര്‍ത്തി. പത്തു കോടി മാത്രമേ ഒരു തവണ അനുവദിക്കാവൂ എന്ന നിബന്ധനയും മാറ്റിയെഴുതി. ബോര്‍ഡിന്റെ ഘടനയും മാറ്റി. 2016ലെ ഭേദഗതി സ്വകാര്യവല്‍ക്കരണത്തിനുള്ള അധിക സാധ്യതകള്‍ തുറക്കുകയായിരുന്നു. പൊതു, സ്വകാര്യ പങ്കാളിത്തത്തിന്റെ പേരില്‍ പൊതുവിഭവങ്ങള്‍ ഉപയോഗിച്ച് നിക്ഷേപവും വികസനവും നിര്‍മാണവും നടത്തുകയായിരുന്നു.
പരമ്പരാഗത ഭരണസംവിധാനത്തിനു പുറത്തുള്ള കിഫ്ബിയെന്ന ആശയം സമീപഭാവിയില്‍ത്തന്നെ സംസ്ഥാനത്തിന്റെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നതാണ്. അടിസ്ഥാന സൗകര്യവികസനത്തിനും വന്‍കിട പദ്ധതികള്‍ക്കും ബജറ്റിലൂടെ പണം കണ്ടെത്തി ബജറ്റിലൂടെ ചെലവാക്കുന്ന കീഴ്‌വഴക്കമാണ് കിഫ്ബി വന്നതോടെ തെറ്റിയത്. സാധാരണഗതിയില്‍ സംസ്ഥാനങ്ങള്‍ക്കു വായ്പയെടുക്കുന്നതിനു പരിധിയുണ്ട്. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനത്തിലധികം വായ്പയെടുക്കാനാവില്ല. എന്നാല്‍, കിഫ്ബി ഇതിനെ മറികടക്കുന്നു. വായ്പയല്ല, ബോണ്ടുകളാണ് നിക്ഷേപമാര്‍ഗം എന്നതാണ് കിഫ്ബിയുടെ സവിശേഷതയായി സര്‍ക്കാര്‍ പറയുന്നത്.
കിഫ്ബിയുടെ 2,150 കോടിയുടെ മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധം എന്നാണ് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) കണ്ടെത്തല്‍, ഇതാണ് കേരളത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയത്. രാജ്യത്തിനു പുറത്തുനിന്ന് സംസ്ഥാനങ്ങള്‍ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്ഛേദത്തിന്റെ ലംഘനമായാണു മസാല ബോണ്ട് വഴി കിഫ്ബി പണം സമാഹരിച്ചതിനെ സി.എ.ജി കാണുന്നത്. ഇതുവരെയുള്ള കടമെടുപ്പു സര്‍ക്കാരിനു 3,100 കോടിരൂപയുടെ ബാധ്യത വരുത്തിയെന്നും സി.എ.ജി വ്യക്തമാക്കുന്നു. കേന്ദ്രത്തില്‍ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനുണ്ടെങ്കില്‍ കേന്ദ്ര അനുമതി വാങ്ങാതെ ആഭ്യന്തര കടമെടുപ്പു പോലും പാടില്ലെന്നും ഭരണഘടനയില്‍ പറയുന്നു. കേന്ദ്ര അനുമതിയില്ലാതെ കിഫ്ബി ആഭ്യന്തര വായ്പയെടുത്തത് ഈ വ്യവസ്ഥയുടെ ലംഘനമാണെന്നാണു സി.എ.ജിയുടെ മറ്റൊരു കണ്ടെത്തല്‍. കിഫ്ബിയെ സര്‍ക്കാര്‍ സ്ഥാപനമായി സി.എ.ജി കാണുമ്പോള്‍ ഒരു കോര്‍പറേറ്റ് സ്ഥാപനമെന്ന പോലെയാണ് കേരള സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നത്.
പണം ട്രഷറിയില്‍
നിക്ഷേപിക്കാത്തതെന്തുകൊണ്ട്?
കിഫ്ബിക്ക് മസാല ബോണ്ട് വഴി കിട്ടിയ 2,150 കോടി രൂപ എന്തുകൊണ്ട് ട്രഷറിയില്‍ നിക്ഷേപിച്ചില്ല. മസാല ബോണ്ടുകള്‍ക്ക് വര്‍ഷം 9.723 ശതമാനം പലിശ നിരക്കില്‍ 3,195 കോടിയായാണ് തിരിച്ചടയ്‌ക്കേണ്ടത്. കെ ഫോണ്‍, പെട്രോകെമിക്കല്‍ ആന്റ് ഫാര്‍മ പാര്‍ക്ക്, തീരദേശ, മലയോര ഹൈവേ, പവര്‍ ഹൈവേ, ലൈഫ് സയന്‍സ് പാര്‍ക്ക്, ഹെടെക് സ്‌കൂള്‍ പദ്ധതി തുടങ്ങിയവയാണ് കിഫ്ബിയുടെ പ്രധാന പദ്ധതികള്‍. വിവിധ വകുപ്പുകള്‍ക്ക് കീഴിലായി 54391.47 കോടി രൂപ ചെലവ് വരുന്ന 679 പദ്ധതികള്‍ക്കാണ് കിഫ്ബി അനുമതി നല്‍കിയിരിക്കുന്നത്. ഇതില്‍ ടെന്‍ഡര്‍ ചെയ്തത് 364 പദ്ധതികളാണ്. 14133.42 കോടി രൂപയാണ് ടെന്‍ഡര്‍ തുക. ഇതില്‍ തന്നെ 11639.78 കോടി രൂപ ചെലവ് വരുന്ന 303 പദ്ധതികളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഇതുവരെയായി 5189.68 കോടി രൂപ കരാറുകാര്‍ക്ക് വിതരണം ചെയ്തു.
എന്താണ് മസാല ബോണ്ട്?
രാജ്യാന്തര വിപണിയില്‍ ഇന്ത്യന്‍ രൂപയില്‍ തന്നെ ബോണ്ടിറക്കി പണം സമാഹരിക്കുന്ന രീതിയാണിത്. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ നിക്ഷേപങ്ങള്‍ക്കായാണു മുഖ്യമായും മസാല ബോണ്ടുകള്‍ വഴി കടമെടുക്കുന്നത്. ഇന്ത്യന്‍ സംസ്‌കാരവും രുചിവൈവിധ്യങ്ങളും രാജ്യാന്തര വിപണിയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് രൂപയിലെ ബോണ്ടുകള്‍ക്ക് ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ 'മസാല ബോണ്ട്' എന്ന പേരുവിളിച്ചത്. രൂപയില്‍ ബോണ്ടിറക്കുന്നതിനാല്‍ പണം സ്വീകരിക്കുന്നവരെ വിനിമയ നിരക്കിലെ വ്യത്യാസം ബാധിക്കില്ല. മൂല്യം ഇടിയുന്ന സ്ഥിതിയുണ്ടായാല്‍ അതിന്റെ നഷ്ടം നിക്ഷേപകരാണ് സഹിക്കേണ്ടത്.
കിഫ്ബിയുടെ ധനസമാഹരണം
കിഫ്ബി മസാല ബോണ്ടുകള്‍ വഴി 2150 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. മോട്ടര്‍ വാഹന നികുതിയുടെ വിഹിതം, പെട്രോളിയം സെസ്, മസാലബോണ്ട്, പ്രവാസി ചിട്ടി ബോണ്ട്, ടേം ലോണ്‍, നബാര്‍ഡ് ലോണ്‍, നോര്‍ക്ക ലോണ്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെയാണ് കിഫ്ബി ധനസമാഹരണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."