മാവോയിസ്റ്റ് ഭീഷണിയുള്ള സ്റ്റേഷനുകളില്‍ പ്രത്യേക പരിശീലനം നേടിയ 350 പൊലിസുകാരെ നിയമിക്കും
കാളികാവ്: മാവോയിസ്റ്റ് ഭീഷണിയുള്ള മലയോര മേഖലയിലെ പൊലിസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിശീലനം നേടിയ 350 പൊലിസുകാരെ നിയമിക്കും. സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്കെതിരേയുള്ള നടപടി കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.
മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ സ്റ്റേഷനുകളിലാണ് പ്രത്യേക നിയമനം നടത്തുന്നത്. വിവിധ പൊലിസ് സ്റ്റേഷനുകളില്‍ നിന്ന് തെരഞ്ഞെടുത്ത സിവില്‍ പൊലിസ് ഓഫിസര്‍മാര്‍ക്ക് ഇതിനോടകം പരിശീലനം നല്‍കിക്കഴിഞ്ഞു. ആദിവാസി കോളനികളുമായി ബന്ധം സ്ഥാപിക്കുക, മലയോര മേഖലയില്‍ നിന്നുള്ള വിവരശേഖരണം നടത്തുക തുടങ്ങിയവയായിരിക്കും പുതുതായി നിയമിക്കുന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ചുമതല.
സ്റ്റേഷനുകളില്‍ ഇപ്പോഴുള്ള സ്‌പെഷല്‍ ബ്രാഞ്ച് (എസ്.ബി), സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച്(എസ്.എസ്.ബി) ഉദ്യോഗസ്ഥര്‍ക്ക് പുറമേയാണ് പുതിയ നിയമനം നടത്തുക. മേഖലാതലത്തില്‍ ശേഖരിക്കുന്ന വിവരങ്ങള്‍ സംസ്ഥാന ഇന്റലിജന്‍സ് എ.ഡി.ജി.പിക്കാണ് കൈമാറുന്നത്. എ.ഡി.ജി.പി വിവരങ്ങള്‍ സര്‍ക്കാരിന് നേരിട്ട് സമര്‍പ്പിക്കുന്നതിനാല്‍ സംസ്ഥാന പൊലിസ് മേധാവിക്കു പലപ്പോഴും ഈ വിവരങ്ങള്‍ ലഭിക്കാറില്ല.
സായുധ പരീശീലനം പൂര്‍ത്തിയാക്കിയ 350 പൊലിസുകാരുടെ പട്ടിക സംസ്ഥാന പൊലിസ് മേധാവി പുറത്തിറക്കിയിട്ടുണ്ട്. ജില്ല അടിസ്ഥാനമാക്കിയുള്ള നിയമനം ഉടനെയുണ്ടാവും. ഊട്ടി കൂനൂരിലെ മദ്രാസ് റജിമെന്റിനു കീഴിലാണ് പൊലിസുകാര്‍ ഒരു മാസത്തെ കഠിന പരിശീലനം പൂര്‍ത്തിയാക്കിയത്. മലപ്പുറം പാലക്കാട് ജില്ലകളില്‍ നിന്നായി 100 പേരും കണ്ണൂര്‍, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍നിന്ന് 50 പേരുമാണ് പ്രത്യേക പരിശീലനം പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്ത് 46 പൊലിസ് സ്റ്റേഷനുകള്‍ക്കാണ് മാവോയിസ്റ്റ് ഭീഷണിയുള്ളത്. കടുത്ത ഭീഷണിയുള്ളതായി കണ്ടെത്തിയ 21 സ്റ്റേഷനുകളില്‍ കൂടുതല്‍ പേര്‍ക്ക് നിയമനം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."