അഭിലാഷ് ടോമിയുടെ പായ്‌വഞ്ചി കണ്ടെത്തി; ഇന്ന് ഉച്ചയോടെ രക്ഷിച്ചേക്കും
സിഡ്‌നി: പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് മത്സരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയെ കണ്ടെത്തി. ആസ്‌ത്രേലിയന്‍ തീരമായ പെര്‍ത്തില്‍ നിന്ന് 3704 കിലോ മീറ്റര്‍ അകലെയാണ് വഞ്ചി കണ്ടെത്തിയത്. ഇന്ത്യന്‍ തീരമായ കന്യാകുമാരിയില്‍ നിന്ന് 5020 കിലോ മീറ്റര്‍ അകലെയാണിത്. ഇന്ത്യന്‍ നാവിക സേനയുടെ പി8ഐ വിമാനമാണ് അഭിലാഷിന്റെ വഞ്ചി കണ്ടെത്തിയത്.
പയ്‌വഞ്ചിയുടെ തകര്‍ന്ന നിലയിലുള്ള ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. വിമാനത്തില്‍ നിന്നുള്ള റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിച്ചു. മേഖലയില്‍ കനത്ത മഴയുണ്ട്. മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തിലാണ് കാറ്റടിക്കുന്നത്. പായ്‌വഞ്ചി കറങ്ങുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുന്നു. പത്ത് അടിയോളം ഉയരത്തില്‍ തിരമാലകള്‍ അടിക്കുന്നതിനാല്‍ പായ്‌വഞ്ചിയുടെ അടുത്തെത്തുന്നതിന് തടസമാവുന്നു.
അടിയന്തര ആവശ്യത്തിനുള്ള മരുന്നുകളും ഭക്ഷണവും പയ് വഞ്ചിയില്‍ എത്തിക്കാനാണ് ശ്രമം. ഫ്രാന്‍സിന്റെ മത്സ്യ ബന്ധന കപ്പലായ ഓസിരിസ് രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. ഈ കപ്പല്‍ ഇന്ന് ഉച്ചയോടെ അഭിലാഷിന്റെ അടുത്തെത്തിയേക്കുമെന്ന് ഇന്ത്യന്‍ നാവികസേനയും കേന്ദ്ര പ്രതിരോധ മന്ത്രാലയവും അറിയിച്ചു. ഞായറാഴ് രാത്രി ഏഴ് മണിയോടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇവര്‍ ഇക്കാര്യം അറിയിച്ചത്.
അടുത്ത പതിനാറ് മണിക്കൂറിനുള്ളില്‍ ഓസിരിസ് അഭിലാഷിന് അടുത്തെത്തും. തുടര്‍ന്ന് പ്രാഥമിക ചികിത്സക്ക് ശേഷം ഓസ്‌ട്രേലിയയുടെ നാവികസേനയും കപ്പലായ എച്ച്.എം.എ.എസ് ബല്ലാരറ്റിലേക്ക് മാറ്റും. ഈ കപ്പലിലാകും അഭിലാഷിനെ ഇന്ത്യയിലേക്ക് കൊണ്ടുവരിക.
പി8ഐക്ക് പുറമെ സാഹചര്യങ്ങള്‍ നിരീക്ഷിക്കാനായി ആസ്‌ത്രേലിയയുടെ രണ്ട് സൈനിക വിമാനങ്ങളും പ്രദേശത്തുണ്ട്. ഐ.എന്‍.എസ് സത്പുര, ഐ.എന്‍.എസ് ജ്യോതി, എച്ച്.എം.എസ്. ബല്ലാറാത്ത് എന്നീ കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ടു.
ജൂലൈ ഒന്നിന് ഫ്രാന്‍സിലെ 'ലെ സാബ്‌ലെ' തുറമുഖത്ത് നിന്ന് ആരംഭിച്ച മത്സരത്തിന്റെ 83ാം ദിവസമാണ് അഭിലാഷ് ടോമി അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്‌വഞ്ചിയായ 'തുരീയ' തകരുകയായിരുന്നു. 110 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ വഞ്ചിയുടെ മൂന്ന് പായ്മരങ്ങളും തകര്‍ന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബോട്ടില്‍ വീണ് നടുവിന് പരുക്കേറ്റ അഭിലാഷ്, സഹായം അഭ്യര്‍ഥിച്ച് അപായ സന്ദേശം നല്‍കിയിരുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30 പേര്‍ പങ്കെടുക്കുന്ന ഗോള്‍ഡന്‍ ഗ്ലോബ് മത്സരത്തില്‍ അഭിലാഷ് നിലവില്‍ മൂന്നാം സ്ഥാനത്തായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."