വൈദ്യുതി മുടങ്ങിയാല്‍ ഉടന്‍ തിരികെയെത്തും
ആദ്യഘട്ടം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍
കോഴിക്കോട്: വൈദ്യുതി തടസം എത്രയുംവേഗം പുനഃസ്ഥാപിക്കാന്‍ കെ.എസ്.ഇ.ബി നൂതന സംവിധാനം ഏര്‍പ്പെടുത്തുന്നു. സ്‌കാഡ ഡിസ്ട്രിബ്യൂഷന്‍ മാനേജ് സിസ്റ്റം എന്ന പേരില്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ പദ്ധതി പ്രവര്‍ത്തനസജ്ജമായി. 11 കെ.വി ലൈനുകളിലെ വിതരണ സംവിധാനം തല്‍സമയം വിദൂര നിയന്ത്രിതമാകുന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഇതിനായി മൂന്ന് പ്രധാന നഗരങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ചുവരികയാണ്.
വൈദ്യുതിവിതരണ ശൃംഖലയില്‍ തകരാര്‍ സംഭവിച്ചാല്‍ ആ ശൃംഖലയിലെ എല്ലായിടത്തും വൈദ്യുതി മുടങ്ങുകയാണ് പതിവ്. ഇതിനുപകരമായി ബദല്‍ സംവിധാനം പ്രാവര്‍ത്തികമാക്കി ഉപഭോക്താക്കള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നതാണ് സംവിധാനത്തിന്റെ സവിശേഷത.
ഇതിന്റെ ഭാഗമായി തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ നഗരങ്ങളിലെ 50 സബ്‌സ്റ്റേഷനുകള്‍ വിദൂര നിയന്ത്രിത സംവിധാനം (ആര്‍.ടി.യു) വഴി നിരീക്ഷിക്കാനും കഴിയും. നഗരങ്ങളിലെ ഭൂഗര്‍ഭ 11 കെ.വി ലൈനുകള്‍ വഴിയുള്ള വിതരണം നിയന്ത്രിക്കാന്‍ 3253 റിങ് മെയിന്‍ യൂനിറ്റുകള്‍ (ആര്‍.എം.യു) ഉണ്ടാകും. ഇതുവഴിയാണ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വൈദ്യുതി വിതരണം നിയന്ത്രിക്കുന്നത്.
വൈദ്യുതി തകരാര്‍ സംഭവിച്ച സ്ഥാനം കണ്‍ട്രോള്‍ റൂമില്‍ രേഖപ്പെടുത്തുകയും സമയനഷ്ടം കുറച്ച് തകരാര്‍ പരിഹരിക്കാനാകുകയും ചെയ്യും. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ സംവിധാനം ഏര്‍പ്പെടുത്തി.
വൈദ്യുതി നെറ്റ്‌വര്‍ക്ക് തത്സമയ അവസ്ഥ പ്രദര്‍ശിപ്പിക്കുന്ന വിഷ്വല്‍ പ്രൊജക്ഷന്‍ സിസ്റ്റം മൂന്ന് കണ്‍ട്രോള്‍ റൂമിലും സ്ഥാപിക്കും. ഇത് നോക്കിയാല്‍ എവിടെയൊക്കെ തടസമില്ലാതെ വിതരണം നടക്കുന്നത് മനസിലാക്കാം. തടസമുണ്ടായാല്‍ ആ മേഖലയിലുള്ള ഉപഭോക്താക്കള്‍ക്ക് എസ്.എം.എസ് വഴി വൈദ്യുതി തടസത്തിന്റെ കാരണം അറിയിക്കാനാകും. ഇതോടെ ആളുകള്‍ തുടരെ കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ചുചോദിക്കേണ്ടിവരില്ല. തകരാര്‍ എത്രസമയത്തിനകം പരിഹരിക്കാനാകുമെന്നത് അറിയിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കുന്നുണ്ട്.
വൈദ്യുതി സംബന്ധമായ വിവരങ്ങള്‍ സൂക്ഷിച്ചുവയ്ക്കാനും വൈദ്യുതി പ്രവാഹം വിശകലനം ചെയ്യാനും കഴിയും. സ്മാര്‍ട്ട് മീറ്ററിന്റെയും അനുബന്ധ അത്യാധുനിക ഉപകരണങ്ങളുടേയും സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാനും സമയാധിഷ്ഠിത വൈദ്യുതി നിരക്കിന്റെ ആനുകൂല്യം നേടാനും കഴിയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."