ക്രൈംബ്രാഞ്ച് ഡോക്ടര്‍മാരുടെ മൊഴിയെടുത്തു
ആര്‍പ്പൂക്കര: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയവെ മരിച്ച പ്രതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഫോറന്‍സിക് ഡോക്ടര്‍മാരുടെ മൊഴി കോട്ടയം മെഡിക്കല്‍ കോളജിലെത്തി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
ഇടുക്കി ക്രൈംബ്രാഞ്ച് മേധാവി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കല്‍ കോളജില്‍ എത്തിയത്. രാവിലെ 10ന് എത്തിയ സംഘം രണ്ട് ഡോക്ടര്‍മാരില്‍നിന്ന് മൊഴിയെടുത്ത ശേഷം വൈകിട്ട് 4.30ന് മടങ്ങി. കേസില്‍ അന്വേഷണം നടക്കുകയാണെന്നും ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും സാബു മാത്യു പറഞ്ഞു.
രാജ്കുമാറിന്റെ മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പതിനൊന്നര മണിക്കൂറോളം മൃതദേഹം ആശുപത്രിയിലും ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സിലും വച്ചതാണ് ജീര്‍ണിക്കാന്‍ കാരണമെന്ന് പറയുന്നു. ശരീരത്തിലുണ്ടായിരുന്ന മര്‍ദനത്തിന്റെ പാടുകള്‍ അറിയാതിരിക്കുന്നതിന് മനഃപൂര്‍വം താമസിപ്പിച്ചതാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ഒ.പി ചീട്ട് എടുത്തു; ഡോക്ടറെ
കാണിച്ചതായി രേഖകളിലില്ല
ആര്‍പ്പൂക്കര: പീരുമേട് സബ് ജയിലില്‍ മരിച്ച റിമാന്‍ഡ് പ്രതി രാജ്കുമാറിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഒ.പി ചീട്ട് എടുത്തെങ്കിലും ഡോക്ടറെ കാണിച്ചതായി രേഖകളിലില്ല.
19നാണ് ഒ.പി ചീട്ട് എടുത്തത്. രാജ്കുമാറിനെ മൂത്രസംബന്ധമായ അസുഖത്തിനാണ് കൊണ്ടുവന്നതെന്നും അന്നേദിവസം ഈ വിഭാഗത്തിന്റെ ഒ.പിയില്ലാത്തതിനാല്‍ മടങ്ങിയെന്നും പിറ്റേ ദിവസം യൂറോളജി വിഭാഗം ഡോക്ടര്‍മാരെ കണ്ടുവെന്നുമാണ് പൊലിസ് പറയുന്നത്. എന്നാല്‍, അത്തരത്തില്‍ ഒരാള്‍ വന്നതായി തന്റെ ഓര്‍മയില്‍ ഇല്ലെന്ന് യൂറോളജി വിഭാഗം മേധാവി ഡോ.സുരേഷ് ഭട്ട് പ്രതികരിച്ചു.
രോഗബാധിതനാണെങ്കില്‍ ഒ.പി.യിലെ പ്രാഥമിക പരിശോധനക്ക് ശേഷം രോഗിയെ അഡ്മിറ്റ് ചെയ്യുമായിരുന്നുവെന്നുമാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."