ഹജ്ജ് ക്യാംപിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങള്‍
ഖിലാഫത്ത് നഗര്‍ (പൂക്കോട്ടൂര്‍): ഹജ്ജ് അറിവുകള്‍ തുറന്നുവച്ച പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിലേക്ക് ഇന്നലെ ഒഴുകിയെത്തിയത് ആയിരങ്ങള്‍. പതിനേഴാമതു പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപിനു ഇന്നലെ രാവിലെയാണ് പൂക്കോട്ടൂര്‍ ഖിലാഫത്ത് നഗറില്‍ തുടക്കമായത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ഹജ്ജ് പഠനക്യാംപിനായി ഉദ്ഘാടന സെഷനു മുന്‍പുതന്നെ ഒഴുകിയെത്തിയ വന്‍ ജനപ്രവാഹത്തെ ഉള്‍ക്കൊള്ളാനാകാതെ നഗരി നിറഞ്ഞൊഴുകി. അതിരാവിലെ മുതല്‍ ദേശീയപാതയില്‍ ക്യാംപ് സ്റ്റോപ്പുകളില്‍ പ്രതിനിധികളുടെ വന്‍ തിരക്കായിരുന്നു. തൊട്ടടുത്ത കാംപസ് ബില്‍ഡിങ്, മസ്ജിദ് എന്നിവിടങ്ങളില്‍കൂടി പ്രതിനിധികള്‍ക്കു സൗകര്യപ്പെടുത്തിയിരുന്നു.
ഒരു മണിക്കൂറിനകം അവസാനിച്ച ഉദ്ഘാടന സെഷനു ശേഷം സദസ് ക്ലാസിലേക്കു വഴിമാറി. ഹജ്ജ് അനുഷ്ഠാന ശ്രേഷ്ഠതകള്‍, ഹജ്ജ് യാത്ര,ഇഹ്റാം തുടങ്ങിയ ഭാഗങ്ങളാണ് ഇന്നലെ അവതരിപ്പിച്ചത്. ഇന്നു രാവിലെ ത്വവാഫ് മുതല്‍ തുടങ്ങി ഹജ്ജ്് കഴിഞ്ഞുള്ള മടക്കംവരെ പഠനം നടക്കും.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍നിന്നായി സര്‍ക്കാര്‍, സ്വകാര്യ വിഭാഗങ്ങളിലായി ഹജ്ജിനു പുറപ്പെടുന്ന ഹാജിമാരാണ് ഹജ്ജ് ക്യാംപിനെത്തിയത്. ഹാജിമാര്‍ക്ക് ഭക്ഷണ, താമസ സൗകര്യങ്ങളും ഒരുക്കിയിരുന്നു. വിദൂര സ്ഥലങ്ങളില്‍നിന്നുള്ളവര്‍ക്ക് തൊട്ടടുത്ത ഓഡിറ്റോറിയം, കോാളജ് എന്നിവയ്ക്കു പുറമേ പൂക്കോട്ടൂര്‍ പ്രദേശങ്ങളിലെ വീടുകളിലുമാണ് സൗകര്യമൊരുക്കിയത്.
ഹജ്ജിന്റെ പ്രധാന കര്‍മങ്ങളുടെ പരിശീലനവും ക്ലാസിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഇതിനായി വിശുദ്ധ കഅ്ബയുടെ മാതൃകയും വേദിയില്‍ ഒരുക്കിയിട്ടുണ്ട്. പ്രധാന ചരിത്ര സ്ഥലങ്ങളെ കുറിച്ചു പഠിക്കാന്‍ ഡിജിറ്റല്‍ സംവിധാനവും ഉപയോഗിക്കുന്നു. ഇന്നു വൈകിട്ട് ദുആ സമ്മേളനത്തോടെയാണ് ദ്വിദിന ക്യാംപിന്റെ സമാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."