കൈക്കൂലിക്കായി ക്രൂരമര്‍ദനം
കേസൊതുക്കാന്‍ ആവശ്യപ്പെട്ടത് 20 ലക്ഷം
തൊടുപുഴ: പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് തടവുകാരനായ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ പൊലിസിനെ കുരുക്കിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോള്‍ 20 ലക്ഷം രൂപ കൈക്കൂലി ചോദിച്ച് ക്രൂരമായി മര്‍ദിച്ചെന്നാണ് മാതാവും അയല്‍വാസികളും ഇന്നലെ വെളിപ്പെടുത്തിയത്.
ഹരിത ഫൈനാന്‍സ് തട്ടിപ്പ് കേസ് പ്രതിയായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാറിനെ കഴിഞ്ഞ 12നാണ് പൊലിസ് കസ്റ്റഡിയിലെടുക്കുന്നത്. ഇതിനുശേഷം നടന്ന ചോദ്യംചെയ്യലില്‍ 40 ലക്ഷം രൂപ വീട്ടിലുണ്ടെന്ന് പറയുകയും ഇതെടുക്കാനായി രാത്രി ഒരുമണിയോടെ വീട്ടിലെത്തിക്കുകയുമായിരുന്നു. ഈ സമയം നീളമുള്ള വടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ച് അവശനാക്കിയെന്ന് അയല്‍വാസിയായ അരുണ്‍ പറയുന്നു. പൊലിസിന് കൈക്കൂലി നല്‍കാമെന്ന് പറഞ്ഞതായും ഇതെടുക്കാനാണ് വന്നതെന്നും പുറത്തുനിന്നവര്‍ പറഞ്ഞതായും ഇദ്ദേഹം പറയുന്നു.
വയറില്‍ വടി ഉപയോഗിച്ച് അടിച്ചതായും ഒരു പൊലിസുകാരന്‍ കുനിച്ചുനിര്‍ത്തി ഇടിക്കുന്നത് കണ്ടതായും അയല്‍വാസി രാജേന്ദ്രനും പറയുന്നു. അലറി കരഞ്ഞിട്ടും പണം എവിടെയെന്ന് ചോദിച്ചായിരുന്നു മര്‍ദനമെന്നും അദ്ദേഹം പറഞ്ഞു.മകനെ പൊലിസ് മര്‍ദിച്ച് കൊന്നതാണെന്ന് മാതാവ് തങ്കമ്മ ഉറപ്പിച്ചുപറയുന്നു. പൊലിസുകാര്‍ കാലില്‍ വടിവച്ച് അടിച്ചാണ് വാഹനത്തില്‍ കയറ്റിയത്. കള്ളംപറഞ്ഞ് കൊണ്ടുവന്നുവെന്ന് പറഞ്ഞ് അസഭ്യവര്‍ഷമായിരുന്നുവെന്നും സ്റ്റേഷനിലെത്തിയാല്‍ നിന്നെ പിച്ചിച്ചീന്തുമെന്ന് പറഞ്ഞത് കേട്ടതായും മാതാവ് പറയുന്നു. ഇതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് സംഘവും വ്യക്തമാക്കി.
സംഭവത്തില്‍ രാജ്കുമാറിനെ റിമാന്‍ഡ് ചെയ്ത ഇടുക്കി കോടതിയിലെ മജിസ്‌ട്രേറ്റ് കൃത്യമായ പരിശോധന നടത്തിയില്ലെന്ന വിമര്‍ശനവും ശക്തമാവുകയാണ്. നടക്കാന്‍വയ്യെന്ന് പൊലിസ് പറഞ്ഞതിനാല്‍ മജിസ്‌ട്രേറ്റ് ജീപ്പിനടുത്തെത്തി പരിശോധിക്കുകയായിരുന്നു. 16ന് രാത്രി ഒന്‍പതിനായിരുന്നു ഇത്.അതേസമയം, കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച് കാര്‍ഡിയാക് പള്‍മണറി റിസസ്‌സൈറ്റേഷന്‍ (സി.പി.ആര്‍) നല്‍കിയെന്ന പൊലിസ് വാദം അധികൃതര്‍ തള്ളുകയാണ്. ഇതുമൂലം വാരിയെല്ല് പൊട്ടിയെന്നാണ് ഫോറന്‍സിക് വിഭാഗം കോടതിക്ക് കൈമാറിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരത്തിലൊരു രോഗിയെ ഒരുകാരണവശാലും ആശുപത്രിയില്‍നിന്ന് പറഞ്ഞുവിടാറില്ലെന്ന് കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാരും പറയുന്നു.
ഒ.പിയിലെത്തിച്ചെങ്കിലും ഉടന്‍ മടക്കിക്കൊണ്ടുപോയതായാണ് വിവരം. എവിടെയാണ് സി.പി.ആര്‍ നല്‍കിയതെന്നത് ഇനി കണ്ടെത്തേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രാജ്കുമാറിന്റെ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."