ഖാന് അല്‍ അഹ്മര്: എട്ടു ദിവസത്തിനുള്ളില്‍ തകര്‍ക്കുമെന്ന് ഇസ്റാഈല്‍
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഗ്രാമമായ ഖാന് അഹ്മര് എട്ട് ദിവസത്തിനുള്ളില്‍ തകര്‍ക്കുമെന്നും അതിനുള്ളില്‍ പ്രദേശം ഒഴിയണമെന്നും ഗ്രാമീണര്‍ക്ക് ഇസ്റാഈല്‍ സര്‍ക്കാരിന്റെ നിര്‍ദേശം. ഫലസ്തീന് ഗ്രാമമായ ഖാന് അല്‍ അഹ്മര് തകര്‍ക്കുന്നതിന് സുപ്രിംകോടതി അനുമതി നല്കിഒരാഴ്ചക്കുള്ളിലാണ് സര്‍ക്കാരിന്റെ ഉത്തരവ്.
ഒക്ടോബര്‍ ഒന്നോടെ പ്രദേശത്തെ മുഴുവന്‍ കെട്ടിടങ്ങളും തകര്‍ക്കുമെന്നും അംഗീകരിക്കുന്നില്ലെങ്കില്‍ കോടതി ഉത്തരവ് അനുസരിച്ച് നിര്‍ബന്ധിതമായി തീരുമാനം നടപ്പിലാക്കുമെന്നും പ്രദേശവാസികള്‍ക്ക് നല്കിയ ഉത്തരവില്‍ പറയുന്നു.
180 കുടുംബങ്ങളുടെ വീടുകളാണ് ഖാന് അല്‍ അഹ്മറില്‍ ഇസ്റാഈല്‍ തകര്‍ക്കുക. പ്രദേശം തകര്‍ക്കാനുള്ള നീക്കത്തിനെതിരേ നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഒരു ഗ്രാമീണരും പ്രദേശത്തുനിന്ന് ഒഴിയില്ലെന്ന് ഗ്രാമീണന് ഈദ് അബു ഖാമിസ്. സൈന്യം തങ്ങളെ നിര്‍ബന്ധിച്ച് ഒഴിപ്പിക്കേണ്ടിവരുമെന്നും ഇസ്റാഈല്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരേ ഗ്രാമീണരുടെ യോഗം ഉടന്‍ ചേരുമെന്നും ഖാന് അല്‍ അഹ്മറിലെ വക്താവു കൂടിയായ ഈദ് അബു ഖാമിസ് പറഞ്ഞു.
ഇസ്റാഈല്‍ അധിനിവേഷം നടത്തിയ മാലെ അദൂമിം, കഫര്‍ അദൂമിം എന്നീ പ്രദേശങ്ങള്ക്കിടിയിലെ ഗ്രാമമാണ് ഖാന് അല്‍ അഹ്മര്. ഈ പ്രദേശം തകര്‍ക്കുന്നതിലൂടെ വെസ്റ്റ് ബാങ്ക് രണ്ട് ഭാഗങ്ങളായി മുറിക്കപ്പെടും.
ഖാന് അല്‍ അഹ്മറിലെ ഗ്രാമീണരെ ഇസ്റാഈല്‍ നേരത്തെ രണ്ട് തവണ ഒഴിപ്പിച്ചിട്ടുണ്ട്. എന്നാല്‍ 1993ല്‍ ഓസ്ലോ കരാറിന്റെ അടിസ്ഥാനത്തില്‍ 40 കുടുംബങ്ങളെ താമസിക്കാന്‍ അനുവദിക്കുകയായിരുന്നു. ഇസ്റാഈല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിന് കീഴിലുള്ള പ്രദേശമാണിത്. ജൂലൈ ആദ്യത്തില്‍ ഖാന് അല്‍ അഹ്മറിലെ ടെന്റുകളും മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇസ്റാഈല്‍ തകര്‍ത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."