പാലം വന്നില്ല; കല്ലാച്ചേരി കടവിന് തോണി തന്നെ ശരണം
എടച്ചേരി: ഒരു പാലത്തിനായുള്ള നാട്ടുകാരുടെ അനന്തമായ കാത്തിരിപ്പിന് ഇനിയും വിരാമമായില്ല.
രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ധനകാര്യ വകുപ്പ് മന്ത്രി കേരള നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ കല്ലാച്ചേരി കടവ് പാലത്തിനായി പത്ത് കോടി രൂപ നീക്കിവച്ചതോടെ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഇരു കരക്കാരും ഏറെ പ്രതീക്ഷയിലായിരുന്നു.
നാദാപുരം നിയോജക മണ്ഡലത്തിലെ എടച്ചേരി പഞ്ചായത്തും, കൂത്തുപറമ്പ് മണ്ഡലത്തിലെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്നതാണ് ഈ കടവ്. മാഹിപ്പുഴയ്ക്ക് കുറുകെ വരുന്ന ഈ പാലം രണ്ട് ജില്ലകളായ കോഴിക്കോടും, കണ്ണൂരും തമ്മിലും ബന്ധിപ്പിക്കുന്നു. ഇവിടെ പാലം നിര്‍മിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
ബിനോയ് വിശ്വം, എം.എല്‍.എ ആയിരുന്ന കാലത്ത് അദ്ദേഹം തല്‍പര്യമെടുത്ത് അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് തന്നെ ശ്രമം നടത്തുകയും ഇതിന് ഫണ്ട് മാറ്റിവെക്കുകയും ചെയ്തിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ നടക്കാതെ പോയ പാലത്തിനായി പിന്നീട് വന്ന യു. ഡി.എഫ് സര്‍ക്കാറിന്റെ കാലത്തും ഫണ്ട് മാറ്റി വച്ചെങ്കിലും നിര്‍മാണം നടന്നില്ല.
പലതവണയായി ഫണ്ട് ലാപ്‌സായെങ്കിലും ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ അനുവദിച്ച പത്ത് കോടി ഉപയോഗിച്ച് പാലംപണി പൂര്‍ത്തിയാവുമെന്ന് തന്നെയാണ് നാട്ടുകാര്‍ ഉറച്ചു വിശ്വസിച്ചിരുന്നത്. എന്നാല്‍ ഇവരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചു കൊണ്ട് പാലം പണി ഇപ്പോഴും അനന്തമായി നീണ്ടു പോവുകയാണ്.
അതിനിടെ ഇവിടെ നാട്ടുകാര്‍ക്ക് ഏക ആശ്രയമായിരുന്ന കടത്ത് തോണിയും ഇല്ലാതായി.
ഏറെക്കാലം ഇതുവഴിയുള്ള യാത്രയും മുടങ്ങി. പാലം പണി ഇനിയും നീണ്ടു പോകുമെന്ന തിരിച്ചറിവില്‍ നാട്ടുകാര്‍ വീണ്ടും ഇവിടെ കടത്തു തോണി ഏര്‍പ്പെടുത്തിയിരിക്കയാണ്. കൂത്തുപറമ്പ് മണ്ഡലത്തിലെ എം.എല്‍.എയും, മന്ത്രിയുമായ കെ.കെ ശൈലജയുടെ പ്രധാനതെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു ഈ പാലം യാഥാര്‍ഥ്യമാക്കല്‍.
നാദാപുരം എം.എല്‍.എ ഇ.കെ വിജയന്‍ ഈ പാലത്തിനായി ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂര്‍ ടൗണില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയാണ് കല്ലാച്ചേരി കടവ്. ഇവിടെ നിന്നും അക്കരെ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ കടവത്തൂരിലെത്താന്‍ വല്ലപ്പോഴും മാത്രമുണ്ടാകുന്ന കടത്തുതോണി മാത്രമാണ് ഏക മാര്‍ഗ്ഗം.
ദിവസവും വിദ്യാര്‍ഥികളും, ഉദ്യോഗസ്ഥരും, കച്ചവടക്കാരുമുള്‍പ്പെടെ നിരവധിയാളുകളാണ് ഈ കടവിനെ ആശ്രയിക്കുന്നത്. അതെ സമയം കടവിനക്കരെയുള്ള തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍പ്പെട്ട അപ്രോച്ച് റോഡിന് വേണ്ടി ചില പ്രദേശവാസികള്‍ സ്ഥലം വിട്ടുകൊടുക്കുന്നതില്‍ വിമുഖത കാണിച്ചതിനാലാണത്രെ പാലം പണി ഇത്രയും കാലം നീണ്ടുപോയത്.
തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ട് ഇതിനുള്ള പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് ഇനി കൂത്തുപറമ്പ് എം.എല്‍.എയുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്.
എന്നാല്‍ എടച്ചേരി പഞ്ചായത്തിലെ ഇരിങ്ങണ്ണൂര്‍ ടൗണ്‍ മുതല്‍ കടവ് വരെയുളള റോഡ് വീതി കൂട്ടി മെറ്റല്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ ടാറിങ് കൂടി പൂര്‍ത്തിയാക്കാനായി നാദാപുരം എം. എല്‍.എ ഇ.കെ വിജയന്റെ ആസ്തി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചിരുന്നു.
ജോലി തുടങ്ങിയെങ്കിലും മഴ തുടങ്ങിയതോടെ ടാറിങ് ജോലി നിര്‍ത്തിവക്കുകയായിരുന്നു.എന്നാല്‍ ഈയടുത്ത കാലത്തായി ഈ റോഡിന്റെ ജോലിയും ഏതാണ്ട് പൂര്‍ത്തിതിയായിട്ടുണ്ട്.
എടച്ചേരി പഞ്ചായത്തിന്റെ ഭാഗത്ത് നിന്നുള്ള നിയമപരമായഎല്ലാ കാര്യങ്ങളും ഇതിനകം തന്നെ പൂര്‍ത്തിയായി. ഇനി മറുകരക്കാരായ തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് അധികൃതര്‍ കൂടി അപ്രോച്ച് റോഡിനായുള്ള സ്ഥലമേറ്റെടുക്കല്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കിയാല്‍ കല്ലാച്ചേരി കടവ് പാലം യാഥാര്‍ഥ്യമാവുമെന്നാണ് നാട്ടുകാര്‍ ഇപ്പോഴും കരുതുന്നത്.
പെരിങ്ങത്തൂര്‍-മാഹിപ്പുഴയുടെ ഇരു കരകളിലായി താമസിക്കുന്ന രണ്ട് ജില്ലക്കാരായ നാട്ടുകാര്‍ക്ക് ഏറെ ഉപകാരപ്രദമായ ഈ പാലത്തിന്റെ പണി എത്രരയും പെട്ടെന്ന് ആരംംഭിക്കണമെന്ന് നാട്ടുകാര്‍ ശക്തമായി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."