അങ്കം 8ന്; ഒരുങ്ങി 5 ജില്ലാ പഞ്ചായത്തുകള്‍
തിരുവനന്തപുരം
തുടര്‍ച്ചയ്ക്കായി എല്‍.ഡി.എഫ്; മുഖം മിനുക്കി യു.ഡി.എഫ്
ടി. മുഹമ്മദ്
തലസ്ഥാനത്ത് കോര്‍പറേഷന്‍ കഴിഞ്ഞാല്‍ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കുന്നത് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്കാണ്. നിലവിലുള്ള ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫും കഴിഞ്ഞ തവണ കൈവിട്ടത് തിരിച്ചുപിടിക്കാന്‍ യു.ഡി.എഫും നിലമെച്ചപ്പെടുത്തി കരുത്തു തെളിയിക്കാന്‍ ബി.ജെ.പിയും പോരാട്ട രംഗത്ത് സജീവമായിക്കഴിഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 26 ഡിവിഷനുകളില്‍ 19 എണ്ണം എല്‍.ഡി.എഫാണ് നേടിയത്. ആറെണ്ണം യു.ഡി.എഫിനും ഒരെണ്ണം ബി.ജെ.പിക്കും ലഭിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി നാലു തവണ ഭരണം എല്‍.ഡി.എഫിനായിരുന്നു. 2010ല്‍ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. ബി.ജെ.പിക്ക് ആദ്യമായി ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ലഭിച്ചത് കഴിഞ്ഞ തെരഞ്ഞെടുപ്പിലാണ്. ആദ്യമായി ലഭിച്ച ഡിവിഷനായതിനാല്‍ വെങ്ങാനൂര്‍ ഏതുവിധേനയും നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് ബി.ജെ.പി. സംസ്ഥാന സെക്രട്ടറിയും മുന്‍ ജില്ലാ പ്രസിഡന്റുമായ എസ് സുരേഷിനെയാണ് ഇവിടെ രംഗത്തിറക്കിയിരിക്കുന്നത്. എസ്.സുരേഷ് 2010ല്‍ ഇവിടെ പരാജയപ്പെട്ടിരുന്നു.
കഴിഞ്ഞ തവണ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടാന്‍ കാരണം കരുത്തുറ്റ സ്ഥാനാര്‍ഥികളുടെ അഭാവമാണെന്ന് പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.
അതിനാല്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പുതുമുഖങ്ങളും പരിചയസമ്പന്നരും ഉള്‍പ്പെടെ മികച്ച സ്ഥാനാര്‍ഥികളെ തന്നെയാണ് ഇക്കുറി രംഗത്തിറക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അന്‍സജിതാ റസ്സല്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ജെ ആനന്ദ് തുടങ്ങിയവര്‍ മത്സര രംഗത്തുണ്ട്.
സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും എല്‍.ഡി.എഫ് ഒരു ലാപ്പ് മുന്നിലാണിപ്പോള്‍. സി.പി.എം 19 സീറ്റിലും സി.പി.ഐ നാല് സീറ്റിലും ജനതാദള്‍ (എസ്), ജെ.ഡി.എസ്, കേരള കോണ്‍ഗ്രസ് എന്നിവര്‍ ഓരോ സീറ്റിലുമാണ് മത്സരിക്കുന്നത്. പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കൃത്യമായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്. മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ഷൈലജാ ബീഗവും മത്സരരംഗത്തുണ്ട്.
പത്തനംതിട്ട
ടി.എസ് നന്ദു
1995 ല്‍ നിലവില്‍ വന്ന ശേഷം 2005 ല്‍ ഒഴികെ നാലു തവണയും യു.ഡി.എഫിനൊപ്പം അടിയുറച്ചു നിന്ന ജില്ലാ പഞ്ചായത്താണ് പത്തനംതിട്ട. ചരിത്രത്തിലാദ്യമായി സ്ഥിരം മത്സരാര്‍ഥികളെ ഒഴിവാക്കി പുതുമുഖങ്ങളെ അണിനിരത്തിയാണ് ഇക്കുറി മുന്നണികള്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പിടിക്കാനിറങ്ങുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറല്‍ വിഭാഗത്തിനായതു കൂടി കണക്കിലെടുക്കുമ്പോള്‍ ഇക്കുറി ഡിവിഷനുകളിലെ മത്സരത്തിന് വാശിയേറും. ആകെ ഡിവിഷനുകള്‍ 16 ആണ്. 2015 ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.-11, എല്‍.ഡി.എഫ് - അഞ്ച് എന്ന നിലയിലായിരുന്നു. ബി.ജെ.പി അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ല. കേരള കോണ്‍ഗ്രസ് ജോസിന്റെ വരവോടെ നിലവിലെ കക്ഷിനില 10-6 എന്നായി മാറിയിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ പത്തനംതിട്ടയിലെങ്കിലും യു.ഡി.എഫിനോട് ചായ്‌വുകാട്ടുന്ന ജില്ല ഇത്തവണയും പതിവു തെറ്റിക്കാനുള്ള സാധ്യത കുറവാണെന്നാണ് പൊതു വിലയിരുത്തല്‍.
2015 ലേതില്‍ നിന്നുമുള്ള വ്യത്യസ്തത, ഇക്കുറി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ മുന്നണി മാറ്റം മാത്രമാണ്. കഴിഞ്ഞ തവണ ഒരു സീറ്റ് മാണി ഗ്രൂപ്പിന് ലഭിച്ചിരുന്നു; പുളിക്കീഴ് ബ്ലോക്കില്‍ നിന്നും. ജോസ് വിഭാഗത്തിന്റെയും ചില അതൃപ്തരുടെയും കൊഴിഞ്ഞുപോക്കാണ് യു.ഡി.എഫ് ജില്ലാ പഞ്ചായത്തില്‍ നേരിടുന്ന വെല്ലുവിളി. ബി.ജെ.പിയാകട്ടെ വീണ്ടും ശബരിമലയാകും പ്രധാന ആയുധമാക്കുക. കേരള കോണ്‍ഗ്രസ് എമ്മിന് സ്വാധീനമുണ്ടായിരുന്ന ജില്ലയാണ് പത്തനംതിട്ട. എന്നാല്‍ പിളര്‍പ്പിനെ തുടര്‍ന്ന് വിഘടിക്കുന്ന പാര്‍ട്ടി വോട്ടുകള്‍ ആര്‍ക്കു കിട്ടും എന്നത് നിര്‍ണായകമാണ്. എന്തായാലും ജോസ്-ജോസഫ് പക്ഷങ്ങള്‍ രണ്ട് ഡിവിഷനുകളില്‍ വീതം ഇക്കുറി മത്സരിക്കുന്നുണ്ട്.
പ്രമാടം ഡിവിഷനില്‍ നിന്നും ജനവിധി തേടുന്ന റോബിന്‍ പീറ്റര്‍, മലയാലപ്പുഴയില്‍ നിന്നും മത്സരിക്കുന്ന സാമുവല്‍ കിഴക്കുപുറം, ഇലന്തൂരില്‍ നിന്നും മത്സരിക്കുന്ന എം.ബി സത്യന്‍ എന്നിവരാണ് യു.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. ഇലന്തൂരില്‍ നിന്നുള്ള ഓമല്ലൂര്‍ ശങ്കരന്‍, ഏനാത്ത് ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന പി.ബി ഹര്‍ഷകുമാര്‍, കുളനടയില്‍ നിന്നും മത്സരിക്കുന്ന ആര്‍. അജയകുമാര്‍ എന്നിവരാണ് എല്‍.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. കുളനടയില്‍ നിന്നും മത്സരിക്കുന്ന ബി.ജെ.പി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനട, പ്രമാടം ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന ജില്ലാ ജനറല്‍ സെക്രട്ടറി വി.എ സൂരജ് എന്നിവരാണ് എന്‍.ഡി.എയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. പഴയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, തുടങ്ങിയവര്‍ അടക്കം പല പ്രമുഖര്‍ക്കും യു.ഡി.എഫ് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ കോന്നിയൂര്‍ പി.കെ കോന്നി ഡിവിഷനില്‍ നിന്നുതന്നെ സി.പി.ഐ സ്വതന്ത്രനായി മത്സരിക്കുന്നു എന്നതൊഴിച്ചാല്‍ മറ്റു പ്രശ്‌നങ്ങള്‍ ഒന്നും മുന്നണികള്‍ അഭിമുഖീകരിക്കുന്നില്ല.
എല്‍.ഡി.എഫ് കളംനിറഞ്ഞു;
വരുതിയിലാക്കാന്‍ യു.ഡി.എഫ്
ആലപ്പുഴ
ജലീല്‍ അരൂക്കുറ്റി
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് രൂപീകൃതമായതു മുതല്‍ ഭരണം തുടര്‍ച്ചയാക്കി മാറ്റിയ ഇടതുമുന്നണി കുത്തക നിലനിര്‍ത്താന്‍ നേരത്തെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കളത്തിലിറങ്ങി. അനുകൂലമായ രാഷ്ട്രീയ ഗതിമാറ്റങ്ങളിലും കൈയില്‍ ഒതുങ്ങാത്ത ജില്ലാ പഞ്ചായത്തിനെ ഇക്കുറിയെങ്കിലും വരുതിയാലാക്കി ചരിത്രം തിരുത്തിയെഴുതാനാണ് യു.ഡി.എഫ് രംഗത്തിറക്കിയിരിക്കുന്നത്. സംസ്ഥാന ഭരണനേട്ടങ്ങള്‍ക്കൊപ്പം ജില്ലാ പഞ്ചായത്തിന്റെ നേട്ടങ്ങള്‍ കൂടി പ്രാചരണത്തില്‍ അനുകൂലമാക്കി മാറ്റാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫിന്റെ കണക്കുകൂട്ടല്‍.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തെരഞ്ഞെടുപ്പായതിനാല്‍ മണ്ഡലത്തിന്റെ പള്‍സ് അറിയുന്ന അങ്കം ഒരു രാഷ്ട്രീയ പോരാട്ടമാക്കി മാറ്റുകയാണ് യു.ഡി.എഫ്. സര്‍ക്കാരിനെതിരേയുള്ള വിവാദങ്ങളാണ് യു.ഡി.എഫ് ചര്‍ച്ചയാക്കുന്നത്. എല്‍.ഡി.എഫില്‍ 15 സീറ്റില്‍ സി.പി.എമ്മും അഞ്ച് സീറ്റില്‍ സി.പി.ഐയും മത്സരിക്കുന്നു. ഓരോ സീറ്റ് വീതം കേരള കോണ്‍ഗ്രസ് ജോസ്, ജനതാദള്‍ എസ്, എല്‍.ജെ.ഡി എന്നീ ഘടകക്ഷികള്‍ക്ക് നല്‍കിയിരിക്കുകയാണ്. യു.ഡി.എഫില്‍ ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് ജോസഫ് എന്നിവര്‍ക്ക് ഓരോ സീറ്റ് വീതം നല്‍കിയശേഷം 21 സീറ്റിലും കോണ്‍ഗ്രസാണ് മത്സരിക്കുന്നത്. എന്‍.ഡി.എയില്‍ മൂന്ന് സീറ്റ് ബി.ഡി.ജെ.എസിന് നല്‍കി ബാക്കി 20 സീറ്റിലും ബി.ജെ.പിയാണ് മത്സരിക്കുന്നത്. നിലവിലെ ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ആറ് പേര്‍ മാത്രമാണ് പ്രതിപക്ഷത്തുള്ളത്.
14 മണ്ഡലങ്ങളില്‍ സി.പി.എമ്മും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരമാണ്. വനിതാ സംവരണമായിരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ആരെയും മുന്നണികള്‍ പ്രഖ്യാപിച്ചിട്ടില്ല. കഞ്ഞിക്കുഴി ഡിവിഷനില്‍ നിന്ന് മത്സരിക്കുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും വനിതാവിഭാഗം നേതാവുമായ രാജേശ്വരിയും നിലവിലെ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്ന ഗായിക ദലീമയും (അരൂര്‍) ഇക്കുറി ജനവിധി തേടുന്നത് ഭരണനേതൃത്തിലേക്കാണ്.
മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ ബിന്ദു ബൈജു (അമ്പലപ്പുഴ)വും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം സജിമോള്‍ ഫ്രാന്‍സിസ് ( മനക്കോടം) എന്നിവരാണ് യു.ഡി.എഫില്‍ നിന്ന് മത്സരിക്കുന്നവരില്‍ സാരഥ്യത്തിലേക്ക് പരിഗണിക്കുന്നവര്‍.
എല്‍.ഡി.എഫ് തുടങ്ങി; ആശയക്കുഴപ്പമൊഴിയാതെ യു.ഡി.എഫ്
ഇടുക്കി
ബാസിത് ഹസന്‍
തൊടുപുഴ: നാമനിര്‍ദേശ പത്രികാ സമര്‍പണം അവസാനിച്ചിട്ടും ഇടുക്കി ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫില്‍ ആശയക്കുഴപ്പം തുടരുന്നു. എന്നാല്‍ എല്‍.ഡി.എഫ് പ്രചാരണരംഗത്ത് സജീവമായി. കോണ്‍ഗ്രസിന് അനുവദിച്ചിരിക്കുന്ന അടിമാലി അടക്കമുള്ള ഡിവിഷനുകളിലാണ് തര്‍ക്കം തുടരുന്നത്. ഇവിടെ ഒന്നിലധികം പേര്‍ കോണ്‍ഗ്രസിന് വേണ്ടി പത്രിക സമര്‍പിച്ചിട്ടുണ്ട്.
16 ഡിവിഷനുകളുളള ഇടുക്കി ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ് 11 ഇടത്തും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം അഞ്ച് ഇടത്തുമാണ് മത്സരിക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്ത് സജീവമായിട്ടുണ്ട്. എല്‍.ഡി.എഫില്‍ സി.പി.എം ഏഴിടത്തും സി.പി.ഐ അഞ്ചിടത്തും കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം നാലിടത്തും മത്സരിക്കുന്നു. ഇതില്‍ ഇരു കേരളാ കോണ്‍ഗ്രസുകളും ഏറ്റുമുട്ടുന്ന മൂലമറ്റം, മുരുക്കാശേരി ഡിവിഷനുകള്‍ ശ്രദ്ധാകേന്ദ്രമാകും. മൂലമറ്റത്ത് ജോസഫ് വിഭാഗം ജില്ലാ പ്രെസിഡന്റ് പ്രൊഫ. എം.ജെ ജേക്കബും ജോസ് വിഭാഗത്തിന്റെ കര്‍ഷക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് റെജി കുന്നംകോട്ടുമാണ് മത്സരരംഗത്ത്. എല്‍.ഡി.എ യില്‍ ബി.ജെ.പി 14 ഇടത്തും ബി.ഡി.ജെ.എസ് രണ്ടിടത്തും മത്സരിക്കുന്നു. അതേസമയം ജില്ലാ പഞ്ചായത്ത് സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധം മുസ്‌ലിം ലീഗില്‍ പുകയുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനറല്‍ വിഭാഗത്തിന് ആയതോടെയാണ് കോണ്‍ഗ്രസില്‍ അടി ശക്തമായത്. മുന്‍ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോയി തോമസ് പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് പാമ്പാടുംപാറ ഡിവിഷനില്‍ മത്സരരംഗത്തുണ്ട്. ജില്ലാ പഞ്ചായത്തില്‍ നിലവില്‍ 11 സീറ്റും യു.ഡി.എഫിനാണ്. 2010 ല്‍ പ്രതിപക്ഷമില്ലാത്ത ജില്ലാ പഞ്ചായത്തായിരുന്നു ഇടുക്കിയിലേത്.
അന്ന് 16 ഡിവിഷനുകളിലും യു.ഡി.എഫ് ജയം നേടി. 11 സീറ്റ് കോണ്‍ഗ്രസും അഞ്ച് സീറ്റ് കേരള കോണ്‍ഗ്രസും പിടിച്ചടക്കിയിരുന്നു. 1995ല്‍ നിലവില്‍ വന്ന ജില്ലാ പഞ്ചായത്തില്‍ തുടര്‍ച്ചയായി മൂന്നു തവണ എല്‍.ഡി.എഫ് ആധിപത്യമായിരുന്നു. ജോസ് കെ മാണി വിഭാഗത്തിന്റെ വരവോടെ നില മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.
കോട്ട കാക്കാന്‍ എല്‍.ഡി.എഫ്; വിള്ളലുണ്ടാക്കാന്‍ യു.ഡി.എഫ്
കൊല്ലം
രാജു ശ്രീധര്‍
കൊല്ലം ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നിട്ടു 25 വര്‍ഷം പൂര്‍ത്തിയായെങ്കിലും കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളിലും ഭരണം യു.ഡി.എഫിന് ബാലികേറാമലയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 26ല്‍ 22 സീറ്റുകളിലും ഇടതുമുന്നണിക്കായിരുന്നു വിജയം. യു.ഡി.എഫ് നാലു സീറ്റുകളില്‍ ഒതുങ്ങി. രാഷ്ട്രീയ സാഹചര്യം അനുകൂലമായതിനാല്‍ ഇത്തവണ നില മെച്ചപ്പെടുത്താനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. എന്നാല്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കുമെന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍. മികച്ച പോരാട്ടം നടത്താനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബി.ജെ.പി. വികസനമാണ് ഇടതുമുന്നണിയുടെ പ്രചാരണായുധമെങ്കില്‍ അഴിമതി മുഖ്യ ചര്‍ച്ചയാക്കുകയാണ് യു.ഡി.എഫും എന്‍.ഡി.എയും. കശുവണ്ടിയുടെ സിരാകേന്ദ്രമായ കൊല്ലത്ത് കശുവണ്ടി മേഖലയിലെ പ്രതിസന്ധി പ്രചാരണ വിഷയമാണ്. ആര്‍.എസ്.പിയുടെ ഈറ്റില്ലമായ ജില്ലയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി യു.ഡി.എഫ് പക്ഷത്തായിരുന്നെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല.
ആര്‍.എസ്.പി ഇടതുമുന്നണിയോടൊപ്പം നിന്ന 2010ലെ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് എട്ട് സീറ്റ് നേടിയിരുന്നു. ആര്‍.എസ്.പി അന്നു നേടിയത് രണ്ടു സീറ്റായിരുന്നു. ഭരണകാലാവധി പൂര്‍ത്തിയാകുന്നതിനു മുന്‍പ് ആര്‍.എസ്.പി യു.ഡി.എഫില്‍ എത്തിയതോടെ പ്രതിപക്ഷത്ത് 10 അംഗങ്ങളായപ്പോള്‍ ഇടതുമുന്നണിയുടേത് 16 സീറ്റ് ആയി കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രവചനങ്ങളും പ്രതീക്ഷയും അട്ടിമറിച്ചായിരുന്നു ഇടതുമുന്നണി വന്‍വിജയം നേടിയത്. കൊറ്റങ്കര ഡിവിഷനില്‍ മത്സരിക്കുന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍.എസ് പ്രസന്നകുമാറാണ് ഇടതുമുന്നണിയുടെ നിലവിലെ പ്രസിഡന്റ് സ്ഥാനാര്‍ഥി.
സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ സി ബാള്‍ഡ്വിന്‍, പി.കെ ഗോപന്‍ എന്നിവരും മത്സരിക്കുന്നവരിലെ പ്രമുഖരാണ്. യു.ഡി.എഫില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടിയിട്ടില്ലെങ്കിലും കെ ബാബുരാജനെ പോലെയുള്ള മുതിര്‍ന്ന നേതാക്കളും മത്സര രംഗത്തുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."