തുണ്ടുകടലാസിലെ നിറക്കാഴ്ചകള്‍
ഞങ്ങളെ നീ വല്ലാതെ വിസ്മയിപ്പിച്ചു കളഞ്ഞല്ലോ കണ്ണാ... എത്ര ക്ഷമയോടെ, എത്ര സൂക്ഷ്മതയോടെ എത്ര നേരം ഇരുന്നാണ് നീ ഈ കടലാസു കഷ്ണങ്ങള്‍ കുഞ്ഞുകുഞ്ഞായി വെട്ടിച്ചേര്‍ത്തു വച്ചു മനോഹര ചിത്രങ്ങളാക്കിയത്!. വാന്‍ഗോഗിന്റെ നീലാകാശങ്ങളും സൂര്യകാന്തിപ്പൂക്കളും ഓര്‍മപ്പെടുത്തുന്ന മനോഹര ചിത്രങ്ങള്‍... നിറക്കൂട്ടുകളിലൂടെ നീ കണ്ട പ്രകൃതിയും ജീവജാലങ്ങളും... അവിശ്വസനീയം... അവര്‍ണനീയം. നിന്നെ പിച്ചവപ്പിച്ചത് മുതല്‍ ഭൂമിയിലെ എല്ലാ എല്ലാ വൈവിധ്യങ്ങളും ചൂണ്ടിക്കാട്ടി നിന്നോടൊപ്പമിരുന്നു നിന്നെ നീയാക്കിയ ഞങ്ങളുടെ ദീദിക്ക് ഒത്തിരി സ്‌നേഹം.. ഒരായിരം ഉമ്മകള്‍. വീണ്ടും ഉയരങ്ങളിലേക്കുള്ള പ്രയാണങ്ങളില്‍ എന്നും എന്നും നിന്നോടൊപ്പം... കണ്ണാ...ഒത്തിരി സ്‌നേഹം...
കോഴിക്കോട് ആര്‍ട് ഗാലറിയില്‍ നടന്ന ബിമല്‍ ഷംസിന്റെ 'പേപ്പര്‍ ബിറ്റ്‌സ്' കൊളാഷ് പ്രദര്‍ശനത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ഒരു സഹൃദയന്‍ പങ്കുവച്ച പോസ്റ്റാണിത്. തുണ്ട് പേപ്പര്‍ എന്ന് മലയാളികള്‍ പരീക്ഷാ കാലത്ത് മാത്രം കേള്‍ക്കുന്ന വാക്കാണ്. എന്നാല്‍ നാം പാഴാക്കി കളയുന്ന ഓരോ തുണ്ടു കടലാസുകളും ചേര്‍ത്തുവച്ച് കൊളാഷുകള്‍ നിര്‍മിച്ച് അത്ഭുതപ്പെടുത്തുകയാണ് ബിമല്‍ ഷംസ്. ജന്മനാ ഡൗണ്‍ സിന്‍ഡ്രോം എന്ന അവസ്ഥയുള്ള ബിമല്‍, ചെറുപ്പം മുതലേ വീട്ടില്‍ വാങ്ങുന്ന മാഗസിനുകളില്‍ നിന്ന് അവനിഷ്ടപ്പെട്ട നിറങ്ങള്‍ മാത്രം കീറിയെടുത്ത് തറയില്‍ ഓരോ രൂപങ്ങള്‍ നിര്‍മിക്കാറുണ്ടായിരുന്നു. നിറങ്ങളോടുള്ള മകന്റെ അഭിരുചി തിരിച്ചറിഞ്ഞ് മാതാപിതാക്കള്‍ പിന്നീട് പഴയ മാഗസിനുകള്‍ വാങ്ങി നല്‍കി. ഇതോടെ മാഗസിനുകളില്‍ കാണുന്ന ഇഷ്ടപ്പെട്ട നിറങ്ങള്‍ കൈകൊണ്ട് കീറിയെടുത്ത് വെള്ള കടലാസിലേക്ക് ഒട്ടിച്ചു. പക്ഷെ അവയ്‌ക്കൊന്നും രൂപങ്ങളില്ലായിരുന്നു.
അങ്ങനെയാണ് ചിത്രകലയില്‍ പരിശീലനം നേടിയ ബിമലിന്റെ അമ്മ ജെസി കാസിം വെള്ള കടലാസില്‍ ഓരോ രൂപങ്ങള്‍ വരച്ചു നല്‍കിയത്. അമ്മ വരച്ച രൂപങ്ങളിലേക്ക് അവന്‍ മാഗസിനുകളില്‍ നിന്നും ഓരോ നിറങ്ങള്‍ കീറിയെടുത്ത് ഒട്ടിച്ചു. പിന്നെ അവന്‍ തന്നെ സ്വന്തമായി പല രൂപങ്ങളും കണ്ടെത്തി. തന്റെ വീട്ടിന്റെ മുറ്റത്ത് പച്ച പുല്ലുകള്‍ക്കിടയില്‍ വിടര്‍ന്ന് നില്‍ക്കുന്ന റോസാ പുഷ്പവും, പുഴയും, ആകാശവും, നക്ഷത്രവും, കുളത്തില്‍ വിരിഞ്ഞു നില്‍ക്കുന്ന താമരയും, കണിക്കൊന്നയും മാഗസിനിലെ വ്യത്യസ്ത വര്‍ണങ്ങള്‍ വെട്ടി ക്യാന്‍വാസിലേക്ക് അവന്‍ പകര്‍ത്തിയൊട്ടിച്ചു. ചുവപ്പും, പച്ചയും, നീലയും, മഞ്ഞയും നിറങ്ങള്‍ കൂട്ടിയോജിപ്പിച്ച് അവന്‍ കണ്ടലോകം തന്നെ കൊളാഷുകളാക്കി. മാതാപിതാക്കള്‍ക്കൊപ്പം അവധിയാഘോഷിക്കാന്‍ ബേപ്പൂരില്‍ പോയപ്പോള്‍ അന്ന് തന്റെ മനസില്‍ പതിഞ്ഞ ലൈറ്റ് ഹൗസും, ഒട്ടകവും, ആഗ്രാകോട്ടയും, ഉദയവും അസ്തമയവും നാട്ടുവഴികളും മരങ്ങളുമൊക്കെ കയ്യൊതുക്കത്തോടെ ബിമല്‍ കൊളാഷിലേക്ക് കീറിയൊട്ടിച്ചു. വൈവിധ്യമാര്‍ന്ന നിറക്കാഴ്ചകളാണ് കീറിയൊട്ടിച്ച നാല്‍പതോളം കൊളാഷിലും ബിമല്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത്.
കോഴിക്കോട് ഫറോക്ക് സ്വദേശികളായ ഷംസ്, ജെസി കാസിം എന്നിവരാണ് ബിമലിന്റെ മാതാപിതാക്കള്‍. ദീര്‍ഘകാലം കുവൈറ്റിലായിരുന്ന ഇവര്‍ ഇപ്പോള്‍ കോയമ്പത്തൂരിലാണ് താമസം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."