അക്കൗണ്ട് പി.എഫ് കോര്‍പ്പറേഷന്‍ മരവിപ്പിച്ചു
വടക്കാഞ്ചേരി: വ്യവസായ വകുപ്പിന് കീഴിലുള്ള വിരുപ്പാക്ക തൃശൂര്‍ കോഓപ്പറേറ്റീവ് സ്പിന്നിങ് മില്ലിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ട് പ്രോവിഡന്റ് ഫണ്ട് കോര്‍പ്പറേഷന്‍ മരവിപ്പിച്ചു.
കോര്‍പ്പറേഷനില്‍ മില്ല് അടയ്ക്കാനുള്ള രണ്ട് കോടിയോളം രൂപ ഈടാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇതോടെ നൂല്‍ വിറ്റ ഇനത്തില്‍ മില്ലിന്റെ അക്കൗണ്ടിലേയ്ക്ക് കമ്പനികള്‍ അടച്ച 40 ലക്ഷം രൂപ മില്ലിന് ലഭിയ്ക്കാത്ത സാഹചര്യം ഉടലെടുത്തു.
മില്‍ അധികൃതര്‍ വ്യവഹാര നടപടികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും വിധി വന്നിട്ടില്ല.
അതിനിടെ മില്‍ അധികൃതര്‍ ചെയര്‍മാന്‍ എം.കെ കണ്ണന്റെ പേരില്‍ പുതിയ അക്കൗണ്ട് ആരംഭിയ്ക്കുകയും ദൈന്യം ദിന പ്രവര്‍ത്തനങ്ങള്‍ ഈ അക്കൗണ്ടിലൂടെ നടത്തുകയുമാണ്.
ബാങ്ക് അക്കൗണ്ടിലൂടെ നല്‍കിയിരുന്ന തൊഴിലാളികളുടെ ശമ്പളം കഴിഞ്ഞ മാസം നേരിട്ട് പണമായാണ് നല്‍കിയത്. മറ്റൊരു സംഭവ വികാസത്തില്‍ മില്ലിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മില്ലിന് രണ്ട് മാസം ലേ ഓഫ് നല്‍കുന്ന കാര്യം മാനേജ്‌മെന്റിന്റെ സജീവ പരിഗണനയിലാണ്. പുതിയ മെഷിനുകള്‍ സ്ഥാപിയ്ക്കുന്നതിനും വൈദ്യുതി വിതരണ ശൃംഖലയുടെ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനുമാണ് ലേ ഓഫ് ആലോചനയിലുള്ളത്.
ഇതിനെതിരെ തൊഴിലാളി യൂണിയനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."