ഇ.വി.എം സുരക്ഷിതമല്ലെന്ന് തെളിയിക്കാനാവുമോ; വെല്ലുവിളിയുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍(ഇ.വി.എം) കൃത്രിമം കാണിക്കാന്‍ സാധിക്കുമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അത് തെളിയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഇതിനായി രാഷ്ടീയ പാര്‍ട്ടികളെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ നസീം സെയ്ദി വെല്ലുവിളിച്ചു. ജൂണ്‍ മൂന്നു മുതല്‍ കൃത്രിമം കണ്ടുപിടിക്കാന്‍ അവസരം നല്‍കുമെന്ന് സെയ്ദി വ്യക്തമാക്കി. ആരോപണമുന്നയിക്കുന്നവര്‍ ഇതുവരെ തെളിവൊന്നും ഹാജരാക്കിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു.
നേരത്തെ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിനില്‍ കൃത്രിമം കാണിക്കാന്‍ സാധിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. നിയമസഭയില്‍ എ.എ.പി എം.എല്‍.എ ഇതു സംബന്ധിച്ച തെളിവ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ എ.എ.പി തെരഞ്ഞെടുപ്പ് കമ്മിഷന് ഈ തെളിവ് കൈമാറിയിട്ടില്ല. എന്നാല്‍ നിലവിലുള്ള വോട്ടിങ് മെഷിനുകളെല്ലാം മാറ്റുക എന്നത് സാധ്യമായ കാര്യമല്ലെന്ന് സെയ്ദി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ദേശീയ-പ്രാദേശിക പാര്‍ട്ടികള്‍ക്ക് അവസരം ഉപയോഗപ്പെടുത്താം. ഒരു പാര്‍ട്ടിക്ക് മൂന്നു പ്രതിനിധികളെ ഇതിനായി നിയോഗിക്കാം. എന്നാല്‍ ഇവരെല്ലാം ഇന്ത്യന്‍ പൗരത്വമുള്ളവരായിരിക്കണം. പങ്കെടുക്കുന്നവരെല്ലാം മെയ് 26ന് അഞ്ചു മണിക്ക് മുന്‍പായി തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണമെന്ന് നിര്‍ദേശമുണ്ട്. നാലോ അഞ്ചോ ദിവസം വരെ പാര്‍ട്ടികള്‍ക്ക് പങ്കെടുക്കാം.
എന്നാല്‍ ദിവസത്തിന്റെ കാര്യത്തില്‍ കൃത്യമായി വിവരം നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറായിട്ടില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പ് ഒഴിവാക്കുന്നതോടെ മാത്രമേ ഇത് ഉപേക്ഷിക്കുകയുള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സൂചിപ്പിച്ചു.
സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ഏറ്റവും മികവുപുലര്‍ത്തുന്നവയാണ് ഇന്ത്യയിലെ വോട്ടിങ് മെഷിനുകള്‍. അവ അത്യന്തം സുരക്ഷിതമാണെന്ന് ആവര്‍ത്തിച്ച നസീം സെയ്ദി ആം ആദ്മി പാര്‍ട്ടിയുടെ ആരോപണങ്ങളെ തള്ളി. കെട്ടിച്ചമച്ച നാടകമാണ് ഡല്‍ഹി നിയമസഭയില്‍ അരങ്ങേറിയതെന്നും മെഷിനില്‍ കൃത്രിമം സാധ്യമല്ലെന്നും സെയ്ദി കൂട്ടിച്ചേര്‍ത്തു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലംപുറത്തുവന്നതോടെയാണ് വോട്ടിങ് മെഷിനില്‍ കൃത്രിമം ആരോപിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയത്. എ.എ.പിയെ കൂടാതെ ബി.എസ്.പി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളും ആരോപണമുന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."