ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി; സേവനംകൊണ്ട് മാതൃക രചിച്ച ഉദാരമതി
മലപ്പുറം: മത,സാമൂഹ്യ രംഗത്തെ സേവന ചരിത്രം കൊണ്ടു ജീവിതമേഖലയില്‍ വെളിച്ചം വിതറിയ വ്യക്തിത്വത്തിനുടമയായിരുന്നു ഇന്നലെ നിര്യാതനായ ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി. പണ്ഡിത നേതൃനിരയോടൊപ്പം ചേര്‍ന്നുനിന്നു കേരളത്തിലെ ദീനീ സംഘാടനത്തിനു മുഴുസമയം ഉഴിഞ്ഞു വച്ച മാതൃകാ ജീവിതമാണ് ഹാജിയുടേത്.
വ്യാപാര രംഗത്തും സാമൂഹ്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പൗരപ്രമുഖനായ ഹാജി ധര്‍മ്മനിഷ്ഠയും സേവനമനസ്തകയുംകൊണ്ടു വേറിട്ട മാതൃകയില്‍ ശ്രദ്ധേയനാക്കി. ആത്മീയ മാര്‍ഗദര്‍ശിയായ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരുടെ സന്തത സഹചാരിയായാണ് കര്‍മമേഖലയില്‍ ചെമ്മുക്കന്‍ അലവിക്കുട്ടി എന്ന കുഞ്ഞാപ്പു ഹാജി മതകീയ സംഘാടനത്തിന്റെ മുന്‍നിര നേതൃനിരയിലെത്തുന്നത്. സമസ്തക്കു കീഴില്‍ സുന്നി മഹല്ല് ഫെഡറേഷന്‍ രൂപം കൊള്ളുമ്പോള്‍ സജീവ സാനിധ്യമായിരുന്നു ഹാജി.
കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായ പ്രഥമ മലപ്പുറം ജില്ലാ എസ്.എം.എഫിന്റെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം പദവി വഹിച്ചു. അന്നു മുതല്‍ മലപ്പുറം ജില്ലയിലെ മഹല്ല് ഫെഡറേഷന്റെ നേതൃനിരയില്‍ ഹാജിയുണ്ട്. എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, ഡോ. യു.ബാപ്പുട്ടി ഹാജി തുടങ്ങിയവരോടൊപ്പം എസ്.എം.എഫിനെ ശക്തിപ്പെടുത്തുന്നതിലും മഹല്ല് ശാക്തീകരണത്തിന്റേയും മാതൃകാ ദര്‍സിന്റേയും ശില്‍പികളിലൊരാളായി മുഴുസമയം സേവനരംഗത്തിറങ്ങി. നിലവില്‍ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു.
1983ല്‍ കോട്ടക്കലിലെ എ.എം ടൂറിസ്റ്റ്‌ഹോമില്‍ ദാറുല്‍ ഹുദാ എന്ന ആശയത്തിന് പണ്ഡിത നേതൃത്വം ആശയം പകരുമ്പോള്‍ കൂടെയുള്ള ഹാജി ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാല പ്രാരംഭം മുതലുള്ള ഓരോ ഉയര്‍ച്ചയിലും ഇഴപിരിയാത്ത സേവന സാന്നിധ്യമായി. അക്കാദമിയായി ആരംഭിച്ച സ്ഥാപനത്തിന്റെ പ്രഥമ ട്രഷററായിരുന്നു കുഞ്ഞാപ്പുഹാജി. മാനീപാടത്തെ വിദ്യാഭ്യാസ സമുച്ചയം ആഗോള പ്രബോധന വീഥിയിലേക്ക് പ്രതിഭകളെ പാകപ്പെടുത്തുമ്പോള്‍, യു. ബാപ്പുട്ടി ഹാജിയോടൊപ്പം നാളെയുടെ വെളിച്ചം സ്വപ്നം കണ്ടു വിശ്രമമറിയാത്ത കര്‍മയോഗിയായി കുഞ്ഞാപ്പു ഹാജി കര്‍മ മണ്ഡലത്തിലിറങ്ങി.
2003 മുതല്‍ കണ്‍മറയുന്നത് വരേ യൂനിവേഴ്‌സിറ്റിയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം പ്രവര്‍ത്തിച്ചു.
ജാമിഅ നൂരിയ്യ ട്രഷറര്‍, വളവന്നൂര്‍ ബാഫഖി യതീംഖാന ജനറല്‍ സെക്രട്ടറി, അരനൂറ്റാണ്ട് കാലം മഹല്ല് പ്രസിഡന്റ് തുടങ്ങിയ പദവിയില്‍ കുഞ്ഞാപ്പു ഹാജി സജീവമായി രംഗത്തുണ്ട്. ആയിരക്കണക്കിന് ഫൈസി പണ്ഡിതര്‍ പ്രബോധന രംഗത്തിറങ്ങിയ ജാമിഅ നൂരിയ്യയുടെ ഓരോ പുരോഗതിയുടെ പടവുകളില്‍ നേതൃപരമായ സേവനമായിരുന്നു ഹാജിയുടേത്.
ജാമിഅയുടെ വികസന പ്രവര്‍ത്തനങ്ങള്‍, ജൂനിയര്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സംരഭങ്ങളിലൂടെ ജാമിഅയിലൂടെ പ്രബോധന ചലനങ്ങളിലും സേവനമികവോടെ ഉല്‍സാഹപൂര്‍വം ഹാജി തന്റെ കൈയൊപ്പു ചാര്‍ത്തി. അനുരജ്ഞനത്തിന്റെയും സ്‌നേഹവായ്പുകളുടേയും മാനസിക തലം പകര്‍ന്നു നല്‍കിയ സൂഫീ ശ്രേഷ്ഠരില്‍ നിന്നും പഠിച്ചെടുത്ത പാഠങ്ങള്‍ പകര്‍ത്തിയാണ് ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി നേതൃമാതൃകയായി കടന്നുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."