ഫ്രാങ്കോയുടെ അനുയായികള്‍ വധഭീഷണി മുഴക്കി: ജീവന് ഭീഷണിയെന്ന് കന്യാസ്ത്രീയുടെ സഹോദരിയുടെ പരാതി
കൊച്ചി: പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായതോടെ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീയുടെ സഹോദരി.
തനിക്കും കുടുംബത്തിനും ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് കാലടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കാണ് സഹോദരി പരാതി നല്‍കിയത്. കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ മൂന്നുദിവസം നിരാഹാരസമരം നടത്തി അവശയായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഫ്രാങ്കോയുടെ അനുയായികള്‍ വധഭീഷണി മുഴക്കിയതായാണ് പരാതിയില്‍ പറയുന്നത്. എന്ത് ഹീനകൃത്യവും ചെയ്യാന്‍ മടിയില്ലാത്ത പണവും രാഷ്ട്രീയസ്വാധീനവുമുള്ള ഫ്രാങ്കോ മുളയ്ക്കല്‍ തന്നെയും കുടുംബത്തിനെയും അപായപ്പെടുത്തുമെന്നും സഹോദരിക്കൊപ്പം നിന്നതിനാണ് തങ്ങളോട് കടുത്ത ശത്രുത പുലര്‍ത്തുന്നതെന്നും പരാതിയില്‍ സഹോദരി വ്യക്തമാക്കുന്നു. ഫ്രാങ്കോയുടെ അനുയായിയായ തോമസ് ചിറ്റൂപറമ്പന്‍ എന്നയാള്‍ മകനെയും സഹോദരനെയും അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
സഹോദരനെതിരേ കള്ളപരാതിയും നല്‍കിയിട്ടുണ്ട്. എറണാകുളത്ത് നിരാഹാരമിരുന്നപ്പോള്‍ ഉണ്ണി ചിറ്റൂപറമ്പന്‍ തന്റെ ഫോട്ടോയെടുത്ത് കൊണ്ടുപോയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."