നിയമലംഘനങ്ങള്‍ക്കെതിരേ പൊലിസ് മുഖംനോക്കാതെ നടപടിയെടുക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: അഴിമതിക്ക് ഒട്ടും വശംവദരാകാതെ, നീതിയുടെ പക്ഷത്തു നില്‍ക്കാനും നിയമലംഘനങ്ങളില്‍ മുഖം നോക്കാതെ നടപടിയെടുക്കാനും ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന ഒരു പൊലിസ് സേനയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം എസ്.എ.പി ഗ്രൗണ്ടില്‍ പുതുതായി പരിശീലനം നേടിയ സായുധസേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സേനാംഗങ്ങളുടെ സേവന-വേതന വ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. പൊലിസ് ഉദ്യോഗസ്ഥരുടെ വിദ്യാഭ്യാസയോഗ്യതയും സേവന-വേതന വ്യവസ്ഥകളും മെച്ചപ്പെട്ടതോടെ പ്രൊഫഷണല്‍ മികവ്, ജനങ്ങളോടുള്ള പെരുമാറ്റം എന്നിവയില്‍ ഗുണപരമായ മാറ്റമുണ്ടായിട്ടുണ്ട്. എങ്കിലും, അങ്ങിങ്ങ് പരാതികള്‍ ഇപ്പോഴും ഉണ്ടാകുന്നു. സ്ത്രീകളും ദുര്‍ബലവിഭാഗങ്ങളും ഉള്‍പ്പെടെ എല്ലാ സാധാരണ ജനങ്ങള്‍ക്കും പൊലിസ് സ്റ്റേഷനില്‍ ധൈര്യപൂര്‍വം വന്ന് ആവലാതി പറയാനും ആശ്വാസം നേടാനുമുള്ള അന്തരീക്ഷമാണ് നാട്ടിലുണ്ടാവേണ്ടത്. അതിനുള്ള എല്ലാ പിന്തുണയും പൊലിസിനു സര്‍ക്കാര്‍ നല്‍കും. എന്നാല്‍ അതിന് വിരുദ്ധമായ പ്രവണതകള്‍ക്കെതിരേ ശക്തമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ട്രെയിനിങ് കാലയളവ് കഴിഞ്ഞാല്‍ പൊലിസ് സേനാംഗങ്ങളുടെ ഫിറ്റ്‌നസ് നിലനിര്‍ത്തുന്നതില്‍ വേണ്ടത്ര ശുഷ്‌കാന്തി ഉണ്ടാകുന്നില്ലെന്ന വിമര്‍ശനമുണ്ട്. അതിനാല്‍ ട്രെയിനിങ്ങിനു ശേഷവും ഫിറ്റ്‌നസും ആരോഗ്യവും നിലനിര്‍ത്തുന്ന കാര്യത്തില്‍ പോരായ്മകളൊഴിവാക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നുകൂടി ബന്ധപ്പെട്ടവര്‍ ആലോചിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ഇന്റലിജന്‍സ് ഡയറക്ടര്‍ എ.ഹേമചന്ദ്രന്‍, കോസ്റ്റല്‍ പൊലിസ് ഡി.ജി.പി. ബി.എസ്. മുഹമ്മദ് യാസിന്‍, സൗത്ത് സോണ്‍ എ.ഡി.ജി.പി ഡോ. ബി.സന്ധ്യ, ബറ്റാലിയന്‍ എ.ഡി.ജി.പി നിതിന്‍ അഗര്‍വാള്‍, ഐ. ജിമാരായ മനോജ് എബ്രഹാം, സുരേഷ്‌രാജ് പുരോഹിത്, ടി.ജെ.ജോസ് മറ്റ് ഉന്നത പൊലിസ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എസ്.എ.പി, അടൂര്‍ കെ.എ.പി മൂന്ന് ബറ്റാലിയനുകളില്‍ നിന്നുമായി 555 പേരാണ് ഇന്നലെ പരിശീലനം നേടി പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."