ടോള്‍ പ്ലാസ വിപുലീകരണത്തിന് സ്ഥലമേറ്റെടുക്കുന്നതിനായി വിജ്ഞാപനം; പ്രദേശവാസികള്‍ ആശങ്കയില്‍
മരട്: ഇടപ്പള്ളി - അരൂര്‍ ദേശീയപാതയില്‍ കുമ്പളം ടോള്‍ പ്ലാസയുടെ വിപുലീകരണത്തിന് സ്ഥലമേറ്റെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചതോടെ പ്രദേശവാസികള്‍ ആശങ്കയിലായി.
ദേശീയപാതയുടെ റോഡ് വികസനത്തിനും മറ്റ് അനുബന്ധ പ്രവൃര്‍ത്തികള്‍ക്കുമായി സ്ഥലമേറ്റെടുക്കല്‍ എന്ന രീതിയിലാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചതെങ്കിലും അതില്‍ പറഞ്ഞിട്ടുള്ള സര്‍വേ നമ്പറുകള്‍ പ്രകാരം ടോള്‍ പ്ലാസയുടെ ഇരുവശങ്ങളിലും പെട്ട വീടുകളാണ് ഏറ്റെടുക്കുന്നതെന്ന് പ്രദേശവാസികള്‍ മനസിലാക്കിയതോടെയാണ് തങ്ങളുടെ ഭൂമിയും കിടപ്പാടവും നഷ്ടപ്പെടുമെന്ന് ഭയന്ന് ആശങ്കയിലായത്.
ടോള്‍ പ്ലാസയുടെ ചുറ്റും ദീര്‍ഘചതുരത്തില്‍ ഏറ്റെടുക്കുന്ന സ്ഥലത്ത് ഏകദേശം അറുപതോളം വീടുകളുണ്ടെന്ന് പരിസരവാസിയായ പങ്കജാക്ഷന്‍ പറഞ്ഞു.
നിലവില്‍ ആവശ്യത്തിന് നാലുവരിപ്പാതയുള്ളപ്പോള്‍ ഇപ്പോള്‍ ഏറ്റെടുക്കുന്ന സ്ഥലം ടോള്‍ പ്ലാസയുടെ വിപുലീകരണത്തിനാണെന്നും, പ്രദേശവാസികളെ പറിച്ച് മാറ്റുന്ന ഇത്തരമൊരാവശ്യം അംഗീകരിക്കാനാകില്ലെന്നും, ദേശീയപാതയുടെ വികസനത്തിനായി സ്ഥലം വിട്ടുകൊടുത്ത പലരുടെയും ബാക്കിയുള്ള സ്ഥലം കൂടി നഷ്ടമാകുന്നത് അനീതിയാണെന്നും പരിസരത്തുള്ള വീട്ടുകാര്‍ പറഞ്ഞു.
സ്ഥലം നഷ്ടപ്പെടുന്ന സര്‍വ്വേ നമ്പറുകളിലുള്ള വീട്ടുകാര്‍ യോഗം ചേര്‍ന്ന് പ്രതിഷേധ സമിതി രൂപീകരിക്കുകയും സ്ഥലം എം.പിയേയും എം.എല്‍.എ എം.സ്വരാജിനേയും നേരില്‍ കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും സമിതി കണ്‍വീനര്‍ കുറശ്ശേരിയില്‍ മധു പറഞ്ഞു.
ടോള്‍ പ്ലാസ ജീവനക്കാര്‍ ഭക്ഷണാവശിഷ്ടങ്ങളും മറ്റും കാനയിലൊഴുക്കുന്നത് മൂലം അസഹനീയമായ ദുര്‍ഗന്ധം സഹിക്കുന്നത് കൂടാതെ ടോള്‍ പ്ലാസ പരിസരത്ത് ചരക്ക് ലോറികള്‍ നിര്‍ത്തിയിടുന്നത് മൂലമുള്ള ബുദ്ധിമുട്ടുകള്‍ പലതും നാട്ടുകാര്‍ സഹിച്ചു കൊണ്ടിരിക്കെയാണ് സ്ഥലമേറ്റെടുക്കല്‍ കൂടി വന്നിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."