കെട്ടിടങ്ങള്‍ പൊളിക്കല്‍ തകൃതി; പുനര്‍നിര്‍മാണങ്ങള്‍ ഫയലില്‍ മാത്രം
പാലക്കാട്: നഗരത്തില്‍ വര്‍ഷങ്ങളായി പഴയകെട്ടിടങ്ങളും ബസ് സ്റ്റാന്റുകളുമെല്ലാം പൊളിക്കല്‍ തകൃതിയാവുമ്പോഴും പുനര്‍നിര്‍മാണം കടലാസിലൊതുങ്ങിയിരിക്കുകയാണ്. അന്താരാഷ്ട്ര ടെര്‍മിനല്‍ നിര്‍മാണത്തിനായി പഴയകെട്ടിടം പൊളിച്ച് അഞ്ച് വര്‍ഷമായിട്ടും പുതിയ കെട്ടിടത്തന്റെ നടപടികള്‍ ഫയലുകളിലുറങ്ങുകയാണ്. 25 കോടിയുടെ പദ്ധതിയും 15 കോടിയുടെ പദ്ധതിയും നഗരവികസനത്തിന്റെ ഗതിവിഗതികളില്‍ സാധ്യമാകില്ലെന്നതിനാല്‍ ഒടുവില്‍ 9.16 കോടിയുടെ പദ്ധതിക്കാണ് ഭരണാനുമതിയായത്. എന്നാല്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സിയുടെ കെട്ടിടനിര്‍മാണത്തില്‍ ഭരണസമിതിയും എം.എല്‍.എ, എം.പി മ്മാരും കൊമ്പുകോര്‍ക്കുകയാണ്.
പൊള്ളാച്ചി ബസുകളെ സ്റ്റേഡിയത്തിലേക്കും ബാക്കി ബസുകളെ സമീപത്തെ അന്താരാഷ്ട്ര ടെര്‍മിനലിലേക്കും മാറ്റി. മുറവിളികള്‍ക്കൊടുവില്‍ സ്റ്റാന്റിനകത്തൊരു താല്‍ക്കാലിക കാത്തിരിപ്പുകേന്ദ്രവും നിര്‍മിച്ച് സ്റ്റാന്റു നിര്‍മാണം ഒതുക്കിയതാണോ എന്നാണ് ചോദ്യങ്ങളുയരുന്നത്. കെ.എസ്.ആര്‍.ടി.സി സ്റ്റാന്റുകെട്ടിടം പൊളിച്ചതിനു പിന്നാലെയാണ് ഒരു വര്‍ഷം മുന്‍പ് സുല്‍ത്താന്‍പേട്ടയിലെ പഴയ കാനറാബാങ്ക് കെട്ടിടവും പൊളിച്ചത്. എട്ട് കോടി രൂപ ചെലവില്‍ അണ്ടര്‍ഗ്രൗണ്ടടക്കമുള്ള അന്താരാഷ്ട്ര നിലവാരമുള്ള ഷോപ്പിങ് കോംപ്ലക്‌സ് 2020ല്‍ പൂര്‍ത്തിയാകുമെന്ന നഗരസഭയുടെ വാദം എത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണം.
ഇതിന്റെ ഭാഗമായി പ്രദേശം മുഴുവന്‍ കെട്ടിയടച്ചതും വാഹനയാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതിനെല്ലാം പുറമെയാണ് നൂറ്റാണ്ടുപഴക്കമുള്ള കോട്ടമൈതാനത്തെ ചുറ്റുമതിലും പൊളിച്ചത്. ഇനിയും കാലങ്ങള്‍ കഴിഞ്ഞാലും തകരാത്ത കരിങ്കല്‍ മതില്‍ പൊളിച്ച് കാശുപോക്കറ്റിലാക്കിയതല്ലാതെ പുതിയമതില്‍ നിര്‍മാണം പാതിവഴിയിലുപേക്ഷിച്ച സ്ഥിതിയാണ്. ഇതിനെല്ലാം പുറമെ അധികാരത്തിലേറിയയുടന്‍ പ്രഖ്യാപിച്ച മുനിസിപ്പല്‍ സ്റ്റാന്റ് പൊളിക്കലും ടൗണ്‍ഹാള്‍ കെട്ടിടത്തിന്റെ നവീകരണവും മാര്‍ക്കറ്റ് റോഡിലെ മീന്‍മാര്‍ക്കറ്റ് കെട്ടിടത്തിന്റെ പുനര്‍നിര്‍മാണവും പ്രഖ്യാപനത്തിലാണ്.
സമീപത്തെ കെട്ടിടം തകര്‍ന്നതിന്റെ പേരില്‍ മുനിസിപ്പല്‍ സ്റ്റാന്റ് അടച്ചുപൂട്ടിയെങ്കിലും ഇനി ഇതുംകൂടി പൊളിച്ചിടാനുള്ള പദ്ധതിയുണ്ടെങ്കിലും പുതിയ സ്റ്റാന്റ് നിര്‍മാണം കടലാസില്‍ മാത്രമൊതുങ്ങുമെന്നതില്‍ സംശയമില്ല. അപകയാവസ്ഥയിലായ മീന്‍മാര്‍ക്കറ്റ് കെട്ടിടവും ഉടന്‍ നഗരസഭ ഒഴിപ്പിച്ച് അതുംകൂടി പൊളിച്ചിടാനുള്ള പദ്ധതിയാണ് നഗരസഭയ്ക്ക്. ഇത്തരത്തില്‍ നഗരത്തില്‍ പലതും പൊളിച്ചിടുന്നതല്ലാതെ പുതിയത് പണിയുന്നത് നഗരസഭയില്‍ കടലാസിലൊതുങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."