രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു
ബംഗളൂരു: സഖ്യസര്‍ക്കാരിന് ഭീഷണിയായി കര്‍ണാടകയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ചു. ഇന്നലെ രാവിലെ വിജയനഗര്‍ എം.എല്‍.എ ആനന്ദ് സിങ് രാജിവച്ചതിന് പിന്നാലെ ബല്‍ഗാവി ജില്ലയിലെ ഗോകക് മണ്ഡലം എം.എല്‍.എ രമേഷ് ജാര്‍ക്കിഹോളിയും രാജിവച്ചതോടെ സംസ്ഥാനത്ത് സര്‍ക്കാരിന്റെ നിലനില്‍പ്പ് കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. രണ്ട് എം.എല്‍.എമാര്‍ രാജിവച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കാത്തിരിക്കുന്ന ബി.ജെ.പിയുടെ പ്രതീക്ഷയും ഉയര്‍ന്നിട്ടുണ്ട്.
113 അംഗങ്ങളുള്ള കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസിന്റെ അംഗബലം 78 ആയി ചുരുങ്ങിയിട്ടുണ്ട്. ആനന്ദ് സിങ് രാജിവച്ച വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് കോണ്‍ഗ്രസ് നേതൃത്വം പോലും അറിഞ്ഞത്. താന്‍ രാജിവച്ചിരിക്കുന്നുവെന്നും രാജിക്കത്ത് സ്പീക്കര്‍ക്ക് കൈമാറിയെന്നും ആനന്ദ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ രാജിവയ്ക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയാറായില്ല. ഗവര്‍ണര്‍ വാജുഭായ് വാലയെ സന്ദര്‍ശിച്ച് രാജിക്കാര്യം അറിയിക്കുമെന്നും സിങ് പറഞ്ഞു.
ആനന്ദ് സിങ് രാജിവച്ച് മണിക്കൂറുകള്‍ക്കകം രമേഷ് ജാര്‍ക്കിഹോളിയും രാജിവച്ചു. നേരത്തെ തന്നെ വിമത ശബ്ദം ഉയര്‍ത്തിയിരുന്ന അദ്ദേഹം രാജി ഭീഷണി മുഴക്കി രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന രമേഷ്, കോണ്‍ഗ്രസ് വിടുമെന്ന് പാര്‍ട്ടി നേതൃത്വം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ കമ്പനിക്ക് ബെല്ലാരിയില്‍ 3,667 ഏക്കര്‍ ഭൂമി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി ആനന്ദ് സിങ് രംഗത്തെത്തിയതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അതിനിടയില്‍ സര്‍ക്കാരിനെ വീഴ്ത്താമെന്ന് ബി.ജെ.പി പകല്‍കിനാവ് കാണുകയാണെന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ട്വീറ്റ് ചെയ്തു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
രണ്ട് തവണ മന്ത്രിസഭാ വികസനം ഉണ്ടായിട്ടും മന്ത്രിസ്ഥാനം കിട്ടാത്തതിലുള്ള പ്രതിഷേധമാണ് രാജിക്ക് പിന്നിലുള്ള കാരണമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ ജനുവരിയില്‍ റിസോര്‍ട്ടില്‍ താമസിക്കുന്നതിനിടയില്‍ കോണ്‍ഗ്രസ് എം.എല്‍.എ ജെ.എന്‍ ഗണേഷ്, കുപ്പികൊണ്ട് ആനന്ദ് സിങ്ങിന്റെ തലക്കടിച്ചത് വലിയ വിവാദത്തിനിടയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."