കണ്ണാടി നോക്കി വിമര്‍ശിക്കൂ, സിബലിനും മറ്റുള്ളവര്‍ക്കുമെതിരേ ആദിര്‍ ചൗധരിയും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ വാക്പോര് തുടരുന്നു. പാര്‍ട്ടിക്കുള്ളില്‍ തിരുത്തല്‍ നടപടി ആവശ്യപ്പെട്ട കപില്‍ സിബലിന് മറുപടിയുമായി കഴിഞ്ഞ ദിവസം സല്മാന് ഖുര്‍ഷിദ് വന്നതിന് പിന്നാലെ ആദിര്‍ രഞ്ജന്‍ ചൗധരിയും രംഗത്തുവന്നു. നേതൃത്വത്തെ വിമര്‍ശിക്കുന്നവര്‍ കണ്ണാടിയില്‍ നോക്കി സ്വയം വിമര്‍ശിക്കുകയാണ് ചെയ്യേണ്ടതെന്ന് ആദിര്‍ ചൗധരി പറഞ്ഞു. എല്ലാവര്ക്കും സംസാരിക്കാന്‍ അവസരം ലഭിക്കുന്ന എ.ഐ.സി.സി സമ്മേളനത്തിന് കാത്ത് നില്‍ക്കാതെ നേതാക്കള്‍ മാധ്യമങ്ങളിലൂടെ ചെളിവാരിയെറിയുകയാണെന്ന് ചൗധരി കുറ്റപ്പെടുത്തി.
ബിഹാറിന്റെ തോല്‍വിയെക്കുറിച്ച് അവര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അതിനായി നിശ്ചയിച്ച സമയം ആകുന്നതുവരെ കാത്തിരിക്കണം. തെരഞ്ഞെടുപ്പ് തോല്‍വിയുടെ മുറിവില്‍ ഉപ്പു പുരട്ടുന്നത് അവസരവാദമാണ്. ചിലര്‍ ഇത്തരം അവസരവാദം ആസ്വദിക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും കാലങ്ങളായി പാലിച്ചുവരുന്ന സംസ്കാരമുണ്ട്. വഹിക്കുന്ന പദവികളോട് അവര്‍ ഉത്തരവാദിത്തം കാണിക്കണമെന്നും ആദിര്‍ ചൗധരി പറഞ്ഞു.
2016ലെ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളായിരുന്ന ഇടതുപാര്‍ട്ടികളേക്കാള്‍ മികച്ച പ്രകടനമാണ് കോണ്‍ഗ്രസ് കാഴ്ചവച്ചത്. അതിനെ ബിഹാര്‍ തെരഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. എല്ലാത്തിനും രാഹുലിന് നേരേ വിമര്‍ശനം നടത്തുന്നത് ശരിയല്ലെന്നും ചൗധരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."