വ്യക്തി വിവര സംരക്ഷണ ബില്‍: ആശങ്ക പ്രകടിപ്പിച്ച് ഇന്റര്‍നെറ്റ്, മൊബൈല്‍ കമ്പനികള്‍
വ്യക്തി വിവര സംരക്ഷണ കരട് ബില്ലിനു മേലുള്ള അഭിപ്രായമറിക്കാനുള്ള തിയ്യതി അവസാനിക്കാനിരിക്കേ, ആശങ്കയറിയിച്ച് മൊബൈല്‍, ഇന്റര്‍നെറ്റ് കമ്പനികള്‍ രംഗത്ത്. ബില്ല് ബിസിനസിനെ വലിയ തോതില്‍ ബാധിക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി, അഡൈ്വര്‍ടൈസിങ് ടെക്‌നോളജി കമ്പനികള്‍ ഉള്‍പ്പെടുന്ന ഇന്‍ഡസ്ട്രി അസോസിയേഷന്‍ അറിയിച്ചു.
ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, പേടിഎം, മൊബിക്വിക്ക് തുടങ്ങി വന്‍കിട കമ്പനികള്‍ ഉള്‍പ്പെടുന്നതാണ് ഇന്‍ഡസ്ട്രി അസോസിയേഷന്‍. സെപ്റ്റംബര്‍ 30നാണ് ബില്ലിന്റെ കരടിന്മേല്‍ അഭിപ്രായമറിയിക്കാനുള്ള അവസാന തിയ്യതി.
ബില്ലില്‍ നിര്‍ദേശിക്കുന്ന പ്രകാരം വ്യക്തിവിവരങ്ങള്‍ ശേഖരിക്കുകയും കൈകാര്യം ചെയ്യുകയും എന്നത് വലിയ കടമ്പയാണെന്നും ഇത് കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ബിസിനസ് വിജയകരമായി നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഇപ്പോഴും പൂര്‍ണതോതില്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ പുതിയ സംവിധാനം വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് നേരത്തെ ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും നേരത്തെ അറിയിച്ചിരുന്നു.
ബില്ലിന്റെ കരട് രൂപം വായിക്കാം>>>
ജസ്റ്റിസ് ബിന്‍.എന്‍ ശ്രീകൃഷ്ണയാണ് വ്യക്തി വിവര സംരക്ഷണ ബില്‍ സര്‍ക്കാരിനു സമര്‍പ്പിച്ചത്. പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. വിവരത്തിന്റെ പൂര്‍ണ അവകാശം വ്യക്തികള്‍ക്കു തന്നെയാണെന്ന് ബില്ലില്‍ പറയുന്നു.
ബില്ലിലെ പ്രധാന നിര്‍ദേശങ്ങള്‍
- ഡാറ്റാ സുരക്ഷിതത്വം സുപ്രധാനമാണെന്നും ഒരു വ്യക്തിയില്‍ നിന്ന് ആവശ്യമായ ഡാറ്റ മാത്രമേ കമ്പനികള്‍ സ്വീകരിക്കാവൂയെന്നും ബില്ലില്‍ പറയുന്നു.
- ശേഖരിക്കുന്ന ഡാറ്റയുടെ ഉപയോഗം ഉപഭോക്താവിനെ അറിയിക്കണം.
- എല്ലാ വ്യക്തി വിവരങ്ങളുടെയും ഒരു കോപ്പി ഇന്ത്യയില്‍ സൂക്ഷിക്കണം.
- നിര്‍ണായക വ്യക്തിവിവരങ്ങള്‍ സൂക്ഷിക്കുന്നതും കൈകാര്യം ചെയ്യുന്നതും ഇന്ത്യയില്‍ തന്നെ ആയിരിക്കണം. എമര്‍ജന്‍സി ഘട്ടങ്ങളിലല്ലാതെ പുറത്തുകൊണ്ടുപോവാന്‍ പറ്റില്ല.
തെറ്റിച്ചാലുള്ള ശിക്ഷ, പിഴ
- അഞ്ചു കോടി രൂപയോ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ രണ്ടു ശതമാനമോ മുതല്‍ 15 കോടി രൂപയോ ആഗോള വരുമാനത്തിന്റെ നാലു ശതമാനം വരെയോ പിഴ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."