പുതുതായി കണ്ടെത്തിയ ഭൂമി ഇഷ്ടമായെന്ന് കോളനി വാസികള്‍
നിലമ്പൂര്‍: പ്രളയത്തില്‍ വീടും പുരയിടവും നഷടപ്പെട്ട പട്ടിക വര്‍ഗകുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് പികെ. ബഷീര്‍ എം.എല്‍.എ, പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ ഡോ. ഒ.ജെ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഊരുകൂട്ടം ചേര്‍ന്നു. എരഞ്ഞിമങ്ങാട് ജെ.എസ്.എസ് ട്രെയിനിങ് ക്യാംപിലാണ് ഊരുകൂട്ടം ചേര്‍ന്നത്. പുനരധിവാസത്തിനായി കണ്ടെത്തിയ ചാലിയാര്‍ പഞ്ചായത്തിലെ നരിപൊയിലിലെ ഭൂമിയിലെ പുനരധിവാസമാണ് ചര്‍ച്ച ചെയ്തത്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുടുംബത്തിലെ ആറുപേര്‍ മരിച്ച ചെട്ടിയാംപാറയിലെ അഞ്ചു കുടുംബങ്ങളും, കാഞ്ഞിരപ്പുഴ ദിശമാറി ഒഴുകി ഭൂമിയും വീടും നഷ്ടപ്പെട്ട മതില്‍ മൂല കോളനിയിലെ 15 പട്ടിക വര്‍ഗ കുടുംബങ്ങളുമാണ് ഊരുകൂട്ടത്തിനെത്തിയത്. ഇതില്‍ ചെട്ടിയാംപാറയിലെ ഒരു കുടുംബം ഒഴികെ നാലു കുടുംബങ്ങള്‍ നിലവിലുള്ള സ്ഥലത്ത് തന്നെ വീട് നിര്‍മിച്ചു നല്‍കിയാല്‍ മതിയെന്ന് അറിയിച്ചു. മതില്‍ മൂലയിലെ 14 കുടുംബങ്ങളും പുതിയതായി കണ്ടെത്തിയ ഭൂമിയില്‍ പുനരധിവാസത്തിന് അനുകൂല നിലപാട് അറിയിച്ചു. ക്ഷേത്ര ആചാരങ്ങളുമായി ബന്ധപ്പെട്ട് പുതിയതായി കണ്ടെത്തിയ സ്ഥലത്ത് അമ്പലം നിര്‍മിച്ചു നല്‍കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ ആവാസ വ്യവസ്ഥയ്ക്ക് വിരുദ്ധമായുള്ള ഭൂമിയില്‍ അധിവാസം സാധ്യമല്ലെന്ന നിലപാടിലാണ് മറ്റു കുടുംബങ്ങള്‍. പുനരധിവാസത്തിന് തയാറുള്ള കുടുംബങ്ങള്‍ ബന്ധപ്പെട്ട അപേക്ഷയും സമ്മതപത്രവും പഞ്ചായത്തില്‍ സമര്‍പ്പിക്കണം. പഞ്ചായത്ത് അപേക്ഷകള്‍ ആര്‍.ഡി.ഒക്ക് കൈമാറും. പുതിയതായി കണ്ടെത്തിയ ഭൂമിയില്‍ അധിവസിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരു ഏക്കര്‍ വരെ ഭൂമി ലഭ്യമാക്കാനാകുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. നിലവിലുള്ള കോളനികളില്‍ തന്നെയാണ് പുനരധിവാസമെങ്കില്‍ നിലവിലുള്ള സ്ഥലത്ത് വീട് നിര്‍മിച്ചുകൊടുക്കുകയാണ് ചെയ്യുക. അഞ്ചു സെന്റ് ഭൂമി വരെയുള്ളവരാണ് ഇവരില്‍ മിക്ക കുടുംബങ്ങളും. ഊരുകൂട്ടത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ടി ഉസ്മാന്‍, നിലമ്പൂര്‍ ഡി.എഫ്.ഒ, ഐ.റ്റി.ഡി.പി ഓഫിസര്‍, തഹസില്‍ദാര്‍, മറ്റു വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."