ഉത്തരവ് നടപ്പായില്ല മന്ത്രി വാഹനങ്ങള്‍ക്ക് ഇപ്പോഴും അകമ്പടി
ആലക്കോട്: മന്ത്രിമാരുടെ യാത്രക്ക് പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്ന മന്ത്രിസഭാ തീരുമാനം കടലാസിലൊതുങ്ങി. ഉത്തരവു പുറത്തുവന്നതിനു ശേഷവും നാട്ടിന്‍പുറങ്ങളില്‍ പോലും എസ്‌കോര്‍ട്ട് വാഹനങ്ങളുടെ അകമ്പടിയോടെയാണ് പല മന്ത്രിമാരും സഞ്ചരിക്കുന്നത്. മന്ത്രി വാഹനങ്ങള്‍ക്ക് വഴിയൊരുക്കാന്‍ റോഡിലൂടെ ചീറിപ്പായുന്ന പൈലറ്റ് വാഹനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പിണറായി സര്‍ക്കാര്‍ ഇത്തരത്തിലുള്ള ജനപ്രിയ തീരുമാനം കൈക്കൊണ്ടത്. കഴിഞ്ഞദിവസം ആലക്കോട് എസ്‌കോര്‍ട്ട് വാഹനങ്ങളുമായി എത്തിയ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയോട് ഇക്കാര്യം ആരാഞ്ഞപ്പോള്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടല്ല പൊലിസ് പൈലറ്റ് വാഹനങ്ങളില്‍ അകമ്പടി സേവിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കാലാകാലങ്ങളായി മന്ത്രിമാര്‍ക്ക് നല്‍കി വരുന്ന എസ്‌കോര്‍ട്ട് പിന്‍വലിക്കാന്‍ ആവശ്യമായ യാതൊരു ഉത്തരവും ലഭിച്ചിട്ടില്ലെന്ന് പൊലിസ് ഉദ്യോഗസ്ഥരും വിശദീകരിച്ചു. ജനങ്ങളെ പേടിക്കുന്ന ജനപ്രതിനിധികളാണ് പൊലിസ് അകമ്പടിയില്‍ യാത്ര ചെയ്യുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് വിരുദ്ധമായാണ് അകമ്പടി വാഹനങ്ങള്‍ ഇപ്പോഴും മന്ത്രിവാഹനങ്ങള്‍ക്കൊപ്പം ചീറിപ്പായുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."