ലോകത്തെ നടുക്കി മരിച്ചു വീണവര്‍
പട്ടാളം കൊന്ന സീസെറോ
വാക്കിന്റെ രക്തസാക്ഷിയായിരുന്നു സീസെറോ. മാര്‍ക്കസ് ടള്ളിയസ് സിസെറോ ബി.സി. 106 ജനുവരി 3-ന് ആര്‍വിനം എന്ന പട്ടണത്തില്‍ ജനിച്ചു. ജൂലിയസ് സീസറെ എതിര്‍ക്കുന്നവരുടെ കൂട്ടത്തിലായിരുന്നു സിസെറോ. സീസറിനു ശേഷം അധികാരത്തില്‍ വന്ന മാര്‍ക്ക് ആന്റണിയെ സെനറ്റില്‍ തീപ്പൊരി പ്രസംഗങ്ങളിലൂടെ സിസെറോ ആക്രമിച്ചു. സീസര്‍ തന്റെ അവകാശിയായി ഒസ്യത്തില്‍ പ്രഖ്യാപിച്ച ഒക്‌ടോവിയന്‍ (ആഗസ്റ്റസ് സീസര്‍) ആന്റണിക്കൊപ്പം ചേര്‍ന്നതോടെ സിസെറോയുടെ കഷ്ടകാലം തുടങ്ങിയിരുന്നു. സിസെറോയെ ശിക്ഷാര്‍ഹരുടെ പട്ടികയില്‍പ്പെടുത്തി അവര്‍. ബി.സി. 43 ഡിസംബര്‍ 7-ന് ആന്റണിയുടെ പട്ടാളക്കാര്‍ കൊലപ്പെടുത്തി.
കെന്നഡിയുടെ വധം
1963 നവംബര്‍ 22 വെളളിയാഴ്ച. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 12.30 ലോകത്തെ പിടിച്ചു കുലുക്കിയ കൊലപാതകങ്ങളില്‍ പ്രഥമ സ്ഥാനം അര്‍ഹിക്കുന്ന ഒന്നാണ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡിയുടെ വധം. അമേരിക്കയുടെ 35-ാം പ്രസിഡന്റായിരുന്നു കെന്നഡി.
ലോകത്ത് ആദ്യമായി തത്സമയം ഫിലിമിലേയ്ക്കു പകര്‍ത്തിയ കൊലപാതകമായിരുന്നു ശീതസമരകാലത്തെ ഏറ്റവും വ്യക്തിപ്രഭാവമുളള കെന്നഡിയുടേത്. വസ്ത്ര നിര്‍മാതാവും കെന്നഡിയുടെ അടുത്ത സുഹൃത്തുമായ എബ്രഹാം സാപ്‌റൂഡറാണ് തന്റെ 8 എം.എം. മൂവി കാമറ കൊണ്ട് കൊലപാതകം ചിത്രീകരിച്ചത്. ഡാലസ് വഴി ടെക്‌സാസിലേക്ക് നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്‍ റാലിയിലാണ് അദ്ദേഹം വധിക്കപ്പെട്ടത്. ഡാലസിലെ ട്രേഡ് മാര്‍ട്ടിലേക്ക് തുറന്ന ലിമസിന്‍ കാറിലായിരുന്നു യാത്ര. ടെക്‌സാസ് ഗവര്‍ണറായ ജോണ്‍ ബൗഡന്‍ കോണലിയും ഭാര്യയും കെന്നഡിയുടെ ഭാര്യ ജാക്വിലിന്‍ കെന്നഡിയും ഒപ്പമുണ്ടായിരുന്നു. ടെക്‌സാസ് സ്‌കൂള്‍ ഡിപ്പോസിറ്ററിക്ക് മുമ്പിലെത്തിയ സംഘത്തെ ചീറിപ്പാഞ്ഞുവന്ന വെടിയുണ്ടയാണ് എതിരേറ്റത്. മുന്‍ സീറ്റിലിരുന്ന ഗവര്‍ണറുടെ കഴുത്തില്‍ തുളച്ചുകയറിയ ആദ്യ വെടിയുണ്ട അദ്ദേഹത്തെ അര്‍ധപ്രാണനാക്കി. പിന്നേയും രണ്ട് വെടിയുണ്ടകള്‍. രണ്ടാമത്തേത് കെന്നഡിയുടെ തലയിലും തറച്ചുകയറി. തെരഞ്ഞെടുപ്പു ചൂടില്‍ ആര്‍ത്തിരമ്പുന്ന ജനസമൂഹത്തെ അഭിവാദ്യം ചെയ്തിരുന്ന കെന്നഡിയുടെ വലതു കരം താണു. അദ്ദേഹം പ്രിയതമ ജാക്വിലിന്‍ കെന്നഡിയുടെ കൈകളിലേയ്ക്ക് വീണു. ഏതാണ്ട് അര മണിക്കൂറിനു ശേഷം ഡാലസിലെ പാര്‍ക്ക്‌ലാന്റ് മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ തീവ്രപരിചരണ മുറിയില്‍ കെന്നഡിയുടെ ജീവന്‍ പൊലിഞ്ഞു. കൊലയാളിയെ പൊലിസ് കൈയോടെ പിടികൂടി, ലീഹാര്‍വി ഓസ്‌വാള്‍ഡ് എന്ന ഇരുപത്തിനാലുകാരനായിരുന്നു പ്രതി.
നാടകശാലയില്‍ വെടിയേറ്റുവീണ ലിങ്കണ്‍
അടിമത്തവും വര്‍ണവിവേചനവും നിലനിര്‍ത്താന്‍ യുദ്ധം വരെ ചെയ്ത തെക്കന്‍ സംസ്ഥാനങ്ങളെ തോല്‍പ്പിച്ച് അമേരിക്കന്‍ ഐക്യനാടുകളെ ഒരു കുടക്കീഴില്‍ അണിനിരത്തിയ യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 16-ാമത്തെ പ്രസിഡന്റാണ് എബ്രഹാം ലിങ്കണ്‍. പൂര്‍ണജനാധിപത്യ സംവിധാനത്തിനും കറുത്തവര്‍ക്കും വെളുത്തവര്‍ക്കും തുല്യസ്ഥാനം നേടിക്കൊടുക്കുന്നതിനും വേണ്ടി പരിശ്രമിച്ച ലിങ്കണ്‍, ഇരു കൂട്ടര്‍ക്കും തുല്യവോട്ടവകാശവും നേടിയെടുത്തു. ഇതോടെ ലിങ്കണെ വധിക്കാനുള്ള പദ്ധതി അണിയറയില്‍ രൂപംകൊള്ളുകയായിരുന്നു. ജോണ്‍ വില്‍ക്‌സ് ബൂത്ത് ആയിരുന്നു ഇതിന്റെ പിന്നില്‍. ലിങ്കണെ വധിച്ചശേഷം ഐക്യ അമേരിക്കയുടെ പിടിയില്‍നിന്ന് വിമുക്തമായ തെക്കും തെക്കുപടിഞ്ഞാറും രൂപവത്കരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1865 ഏപ്രില്‍ 14 (ദുഃഖവെള്ളിയാഴ്ച ദിനം) -
ലിങ്കണും ഭാര്യ മേരിയും ഫോര്‍ഡ് തീയേറ്ററില്‍ നാടകം കാണാന്‍ പോകുന്നതായി ബൂത്തിന് വിവരം ലഭിച്ചു. ഇതനുസരിച്ച് ബൂത്ത് നാല് സഹായികളോടൊപ്പം ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തു. അമേരിക്കന്‍ ആഭ്യന്തര യുദ്ധവും മകന്റെ മരണവും തീര്‍ത്ത ആഘാതത്തില്‍നിന്ന് അല്‍പനേരത്തേക്കെങ്കിലും വിടുതി നേടാനാണ് അന്ന് അദ്ദേഹം തിയറ്ററില്‍ എത്തിയത്. ലിങ്കണ്‍, ആഹ്ലാദവാനായി പ്രത്യേകം സജ്ജീകരിച്ചിരുന്ന മുറിയിലിരുന്ന് നാടകം കാണുകയായിരുന്നു. നാല് അംഗരക്ഷകരെ ലിങ്കന്റെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ബോക്‌സിന്റെ വാതിലില്‍ കാലേകൂട്ടി ഇട്ട സുഷിരത്തിലൂടെ ബൂത്തിന് ഉള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ വ്യക്തമായി കാണാമായിരുന്നു. സാഹചര്യങ്ങള്‍ തനിക്കനുകൂലമാണെന്നു കണ്ട ബൂത്ത് തോക്ക് തയ്യാറാക്കി നിന്നു. നാടകത്തിനിടയില്‍ പ്രേക്ഷകര്‍ പൊട്ടിച്ചിരിക്കുമ്പോള്‍, ബൂത്ത് വാതില്‍ തുറന്ന് ഉള്ളില്‍ പ്രവേശിച്ചത് ലിങ്കന്റെ അംഗരക്ഷകര്‍ പോലും ശ്രദ്ധിച്ചില്ല. ഒരു ബോംബ് പൊട്ടിച്ച് മുറിയിലാകെ പുകമറ സൃഷ്ടിച്ച ബൂത്ത് പ്രസിഡന്റിന്റെ നേര്‍ക്ക് നിറയൊഴിച്ചു കഴിഞ്ഞിരുന്നു. രക്ഷപ്പെടുന്നത് തടയാന്‍ ശ്രമിച്ച മേജര്‍ റോത് ബോണിനെ വെട്ടി പരുക്കേല്‍പ്പിച്ച് ബൂത്ത് 12 അടി താഴ്ചയിലേക്കുള്ള സ്റ്റേജിലേക്കെടുത്തുചാടി. തീയേറ്ററിനു പുറത്തു നിര്‍ത്തിയിരുന്ന കുതിരപ്പുറത്തു കയറി രക്ഷപ്പെടുകയും ചെയ്തു. ലിങ്കണെ വെടിവച്ച ശേഷം ചതിയന്മാരുടെ ഗതിയിതാണ് എന്ന് അലറിക്കൊണ്ട് ഓടിയ ബൂത്തിനെ പിന്തുടര്‍ന്ന് പിടികൂടാന്‍ പോലും ആര്‍ക്കുമായില്ല. 12 ദിവസത്തിനുശേഷമാണ് ബൂത്തിന്റെ ഒളിത്താവളം ഭടന്മാര്‍ വളയുന്നത്. ബൂത്ത് കീഴടങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ ഒളിസങ്കേതമായ കളപ്പുരയ്ക്ക് ഭടന്മാര്‍ തീവച്ചു ഉള്ളില്‍ കയറി ഒരു ഭടന്‍ നിറയൊഴിക്കുകയും ചെയ്തു. തലയ്ക്കു പിന്നില്‍ ലിങ്കണു വെടിയേറ്റ അതേ സ്ഥലത്ത് ബൂത്തിനും വെടിയേറ്റു. മുറിവു കെട്ടാന്‍ വന്ന സൈനികനെ തടഞ്ഞുകൊണ്ട് ബൂത്ത് പറഞ്ഞു - ''ഞാന്‍ രാജ്യത്തിനു വേണ്ടി മരിച്ചുവെന്ന് അമ്മയോടു പറയുക.''
മാര്‍ട്ടിന്‍ ലൂഥര്‍ കിങ്
അമേരിക്കന്‍ ഐക്യനാടുകളിലെ കറുത്ത വര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതിയ നേതാവായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍ കിങ്. അമേരിക്കയില്‍ നിലനിന്നിരുന്ന വര്‍ണവിവേചനം അവസാനിപ്പിക്കുന്നതിനായി പരിശ്രമിച്ച നേതാവാണ് കിങ്. ജോര്‍ജിയ സംസ്ഥാനത്തിലെ അറ്റ്‌ലാന്റയില്‍ 1928 ജനുവരി 15-ന് ഒരു പുരോഹിതന്റെ മകനായാണ് ലൂഥര്‍ കിങിന്റെ ജനനം. കിങിന്റെ ജീവിതത്തിലെ തിളങ്ങുന്ന ഒരധ്യായമാണ് 1963-ല്‍ വാഷിങ്ടണില്‍ അദ്ദേഹം നടത്തിയ പ്രസംഗം. 1964-ല്‍ പൗരാവകാശ ബില്‍ പാസാക്കപ്പെട്ടു. 1964-ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൂടി കിങിനു ലഭിച്ചു. അതോടെ വെള്ളവര്‍ഗക്കാരുടെ അസംതൃപ്തി അതിരു കടന്നു. അതാണ് വധത്തില്‍ കലാശിച്ചത്. 1968 ഏപ്രില്‍ 4-ന് മെംഫിസിലെ മുറിയുടെ ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന കിങിനെ ജയിംസ് എള്‍റേ എന്ന വെള്ളക്കാരനാണ് വെടിവച്ചു വീഴ്ത്തിയത്.
ഡോ. നജീബുള്ള
അഫ്ഗാനിസ്ഥാനിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ അവസാന പ്രസിഡന്റായിരുന്നു ഡോ. നജീബുള്ള. പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്ഥാന്‍ എന്ന കമ്യൂണിസ്റ്റ് സംഘടനയുടെ നേതാവായിരുന്നു അദ്ദേഹം. 1947 ഓഗസ്റ്റിലാണ് മുഹമ്മദ് നജീബുള്ള ജനിച്ചത്. കമ്യൂണിസ്റ്റ് ആശയങ്ങളോട് അടുപ്പം തോന്നി നജീബുള്ള, 1965-ല്‍ പാര്‍ട്ടിയില്‍ അംഗമായി. 1979-ല്‍ സോവിയറ്റ് യൂണിയന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം കൈക്കലാക്കി. നജീവുള്ളയെ അവര്‍ രഹസ്യപോലിസ് തലവനാക്കി. സമര്‍ഥമായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സോവിയറ്റ് ഭരണാധികാരികള്‍ തൃപ്തരായിരുന്നു. 1986-നവംബറില്‍ നജീബുള്ള പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1987-ല്‍ സോവിയറ്റ് സേന അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍മാറിയതോടെ സ്ഥിതിഗതി മാറിമറിഞ്ഞു. ആഭ്യന്തരകലഹം രൂക്ഷമായ അഫ്ഗാനിസ്ഥാനില്‍ കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടു. വീട്ടുതടങ്കലിലായ നജീബുള്ളയെ ക്രൂരമായി വധിച്ച് നാല്‍ക്കവലയില്‍ കെട്ടിതൂക്കുകയായിരുന്നു.
ബേനസീര്‍ ഭൂട്ടോ
1971 മുതല്‍ 1973 വരെ പാകിസ്താന്‍ പ്രസിഡന്റും 1973 മുതല്‍ 1977 വരെ പ്രധാനമന്ത്രിയും ആയിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയെ ജനറല്‍ സിയാ ഉള്‍ ഹഖ് 1979 ഏപ്രില്‍ 4-ന് പുലര്‍ച്ചെ റാവല്‍പിണ്ടിയില്‍ വിവിധ കാരണങ്ങള്‍ നിരത്തി തൂക്കിലേറ്റി.
ലോകത്തെ നടുക്കിയ രാഷ്ട്രീയ കൊലപാതകങ്ങളുടെ കൂട്ടത്തില്‍ പാകിസ്താന്റെ പ്രിയദര്‍ശിനിയായ ബേനസീര്‍ ഭൂട്ടോയും ഒരു ചോരച്ചിത്രമായി മാറി.
ലോക ചരിത്രത്തില്‍ തന്നെ ഒരു മുസ്‌ലിം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയെ 2008 നവംബര്‍ 28-നാണ് റാവല്‍പിണ്ടിയിലെ ലിയാഖത്ത് ബാഗ് പാര്‍ക്കില്‍വച്ചു നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ വെടിവച്ചു കൊന്നത്.
സോളമന്‍ ബണ്ഡാര നായകെ
1956 മുതല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന എസ്. ഡബ്ല്യു.ആര്‍.ഡി ബണ്ഡാരനായകെ 1959 സെപ്റ്റംബറില്‍ ഒരു ബുദ്ധസന്ന്യാസിയുടെ വേഷത്തില്‍ വന്ന ഒരാളുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. 1959 സെപ്റ്റംബര്‍ 25-ന് കൊളംബോയില്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ബുദ്ധ ഭിക്ഷുക്കളുടെ വേഷമണിഞ്ഞ രണ്ടുപേര്‍ വന്നു. അതിഥികളെ സ്വീകരിക്കുന്നതിനായി പുറത്തേക്കുവന്നപ്പോള്‍ അവരിലൊരാള്‍ തോക്കെടുത്തു സോളമന്‍ ബണ്ഡാരനായകെയുടെ നേര്‍ക്ക് നിറയൊഴിക്കുകയായിരുന്നു. ബണ്ഡാരനായകെയുടെ ഭാര്യ സിരിമാവോ അദ്ദേഹത്തിന്റെ രക്ഷയ്ക്കായി ഓടി റിവോള്‍വര്‍ തട്ടിപ്പറിച്ചു. സോളമന്റെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍ മാര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പിറ്റേന്നു രാവിലെ അദ്ദേഹം അന്ത്യശ്വാസം വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."