സുപ്രിംകോടതിയുടെ സുപ്രധാന വിധി എല്ലാ ഭൂമി ഏറ്റെടുക്കലുകളിലും പകരം ഭൂമി നല്‍കേണ്ട
ന്യൂഡല്‍ഹി: എല്ലാ ഭൂമി ഏറ്റെടുക്കലുകളിലും പകരം ഭൂമിയോ ഫ്‌ളാറ്റോ നല്‍കേണ്ടതില്ലെന്ന് സുപ്രിംകോടതി വിധി. റെയില്‍വേ പദ്ധതിയ്ക്കായി ചെന്നൈയിലെ വേലച്ചേരി സെന്റ് . തോമസ് മൗണ്ട് എക്‌സ്റ്റന്‍ഷനില്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പകരം സ്ഥലമോ ഫ്‌ളാറ്റോ നല്‍കണമെന്ന മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയാണ് സുപ്രിംകോടതി ഉത്തരവ്. റെയില്‍വേയുടെ മാസ് റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതിയ്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്തത്.
ഇതിനെതിരേ ഭൂമി നഷ്ടപ്പെടുന്നവര്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളി. അതിന് പകരം അവര്‍ക്ക് ഭൂമിയോ ഫ്‌ളാറ്റോ നല്‍കാനായിരുന്നു ഹൈക്കോടതി വിധി.
എന്നാല്‍ ഇത്തരം കേസുകളില്‍ പകരം ഭൂമിയോ ഫ്‌ളാറ്റോ നല്‍കണമെന്ന് നിയമമില്ലെന്ന് ജസ്റ്റിസുമാരായ എ.എം ഖാന്‍വില്‍ക്കര്‍, അജയ് രസ്‌തോഗി എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി.
മാസ് റാപിഡ് ട്രാന്‍സിറ്റ് സിസ്റ്റം പദ്ധതിയുടെ നയത്തിലും ഇങ്ങനെയൊരു വ്യവസ്ഥയില്ല. ഇല്ലാത്ത നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതിക്ക് കഴിയില്ല. സംസ്ഥാനത്തിന് സ്വമേധയാ അവര്‍ക്ക് പകരം ഭൂമി നല്‍കുന്നതിന് തടസമില്ല. എന്നാല്‍ എല്ലാ ഏറ്റെടുക്കലുകളിലും അതൊരു വ്യവസ്ഥയായി വയ്ക്കാന്‍ കഴിയില്ല. പകരം ഭൂമി നല്‍കാതെ ഭൂമി ഏറ്റെടുക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന ജീവിക്കാനുള്ള അവകാശത്തെ ഹനിക്കലാണെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരിയാനയിലെ ഒരു പദ്ധതിയ്ക്ക് ഭൂമി ഏറ്റെടുത്തപ്പോള്‍ അവിടെ പകരം ഭൂമി നല്‍കിയത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി പറഞ്ഞത്. എന്നാല്‍ അവിടെ ഭൂമി ഏറ്റെടുത്തത് വാണിജ്യ ആവശ്യത്തിനായിരുന്നു. എല്ലാ ഏറ്റെടുക്കലിനെയും ഒരുപോലെ കാണരുത്. ഭൂരഹിതരാകുന്നവര്‍ക്ക് പകരം ഭൂമിയ്ക്കായി സര്‍ക്കാരില്‍ അപേക്ഷ നല്‍കാം. അപേക്ഷ പരിഗണിക്കുമ്പോള്‍ പ്രസ്തുത വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സര്‍ക്കാരിന് മുന്‍ഗണന നല്‍കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."