നേന്ത്രപ്പഴത്തിനു തീവില ഹോട്ടലുകളില്‍ ഇനി പഴം 'പൊരിയില്ല'
ചെറുവത്തൂര്‍: നേന്ത്രപ്പഴത്തിന്റെ വില കുതിച്ചുയര്‍ന്നതോടെ ഹോട്ടലുകളില്‍ നിന്നു പഴംപൊരി 'ഔട്ട്'. ചായയ്‌ക്കൊപ്പം ഒരു പഴംപൊരി കൂടി വേണമെന്നു പറഞ്ഞാല്‍ ഹോട്ടലുകാര്‍ നിരത്തുന്നത് വാഴപ്പഴങ്ങളുടെ തീവിലയുടെ കണക്കുകള്‍. നാലുമാസം മുമ്പു വരെ നാല്‍പ്പതു രൂപ വരെയായിരുന്നു നേന്ത്രപ്പഴത്തിന്റെ വില. എന്നാല്‍ നോമ്പ് കാലമായപ്പോള്‍ വില 55 രൂപ വരെയെത്തി. തുടര്‍ന്നിങ്ങോട്ടും വാഴപ്പഴങ്ങളുടെ വില കുതിച്ചുയരുകയാണ്.
കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ മാത്രം പത്തു രൂപയുടെ വര്‍ധനവാണ് നേന്ത്രപ്പഴത്തിനുണ്ടായിരിക്കുന്നത്. പഴം പൊരി ഉണ്ടാക്കാനുള്ള ചെലവും വിലയും തട്ടിച്ചുനോക്കുമ്പോള്‍ ഒത്തുപോകില്ലെന്നു കണ്ടതോടെയാണു മിക്ക ഹോട്ടല്‍ നടത്തിപ്പുകാരും പഴംപൊരി തല്‍ക്കാലം വേണ്ടെന്ന നിലപാടിലെത്തിയത്. പ്രാദേശികമായി നേന്ത്രക്കായകളുടെ ഉല്‍പാദനം കുറഞ്ഞതോടെയാണ് വിലവര്‍ധിച്ചു തുടങ്ങിയത്.
ജൂണ്‍ മാസം വരെ ജില്ലയിലെ മടിക്കൈ പോലുള്ള സ്ഥലങ്ങളില്‍ നിന്നു ലോഡുകണക്കിന് നേന്ത്രക്കായകള്‍ പ്രാദേശിക വിപണിയില്‍ എത്തിയിരുന്നു. ഇപ്പോള്‍ വാഴപ്പഴങ്ങള്‍ക്കും കായകള്‍ക്കും പൂര്‍ണമായും ആശ്രയിക്കുന്നത് ഇതരസംസ്ഥാനങ്ങളെയാണ്. നേന്ത്രപ്പഴത്തിനു മാത്രമല്ല ചെറുപഴങ്ങള്‍ക്കും ഇതേവിലയാണ് ഈടാക്കുന്നത്. പച്ചക്കായയ്ക്കും കിലോ 60 രൂപ വരെ നല്‍കണം. എന്നാല്‍ കൃത്രിമ ക്ഷാമമുണ്ടാക്കി വില ക്രമാതീതമായി ഉയര്‍ത്തുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."