വെളിയിട വിസര്‍ജന മുക്തി പ്രഖ്യാപനത്തില്‍ ഒതുങ്ങാതിരിക്കാന്‍
രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150ാം പിറന്നാളിന് ഇനി ദിവസങ്ങള്‍ മാത്രം. 1869 ഒക്ടോബര്‍ രണ്ടിനാണല്ലൊ ഗുജറാത്തിലെ പോര്‍ബന്ദറില്‍ അദ്ദേഹം ജനിച്ചത്. 79ാം വയസ്സില്‍ ഒരു മതഭ്രാന്തന്റെ വെടിയേറ്റു മരിക്കുന്നതിനിടയില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യമെന്ന വലിയ സ്വപ്നം സാക്ഷാത്കരിക്കാന്‍ ആ മഹാത്മാവിനു സാധിച്ചു.
മതേതരത്വത്തില്‍ ഇന്ത്യയുടെ മനുഷ്യശക്തി ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ വിജയിച്ച രാഷ്ട്രപിതാവിനു സ്വപ്നങ്ങള്‍ വേറെയും ഒരുപാടുണ്ടായിരുന്നു. 135 കോടിയോളം വരുന്ന ജനങ്ങളില്‍ ബഹുഭൂരിപക്ഷവും അധിവസിക്കുന്ന ഗ്രാമങ്ങളുടെ സര്‍വതോന്മുഖമായ വളര്‍ച്ചയായിരുന്നു പ്രധാനം.
അയിത്തോച്ചാടനം, ഹരിജന്‍സേവ തുടങ്ങിയ മുദ്രാവാക്യങ്ങളോടൊപ്പം മാലിന്യമുക്ത ഭാരതവും അദ്ദേഹത്തിന്റെ അജന്‍ഡയിലുണ്ടായിരുന്നു. മനുഷ്യവിസര്‍ജ്യങ്ങള്‍ തലയിലേറ്റി നീക്കംചെയ്യാന്‍ വിധിക്കപ്പെട്ട പതിനായിരങ്ങളുടെ കഷ്ടപ്പാടുകള്‍ കണ്ടു വേദനിച്ച ആ ഹൃദയം എടുപ്പുകക്കൂസുകളുടേതായ സംസ്‌കാരം ഇന്ത്യയില്‍ എല്ലായിടത്തും അവസാനിക്കണമെന്നും ആത്മാര്‍ഥമായി ആഗ്രഹിച്ചു. മറ്റുള്ളവര്‍ക്കു സസുഖം ജീവിക്കാന്‍ ആ വൃത്തികെട്ട ജോലി ചെയ്യാന്‍, മറ്റൊരു നിവൃത്തിയുമില്ലാതെ നിയുക്തരായ ഹതഭാഗ്യരില്‍ ഏറെപ്പേര്‍ രോഗഗ്രസ്ഥരായി വേദന തിന്നു മരിക്കാനിടയാവുന്നതു രാഷ്ട്രത്തെയും നൊമ്പരപ്പെടുത്തി.
നിര്‍മല്‍ ഭാരത് അഭിയാനെന്ന പേരില്‍ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതി സ്വച്ഛ് ഭാരത് അഭിയാനെന്ന പേരില്‍ നരേന്ദ്രമോദി മൂന്നുവര്‍ഷം മുമ്പ് ഏറ്റെടുത്തു സ്വച്ഛതാ ഹി സേവാ(ശുചിത്വം തന്നെ സേവനം) എന്ന പേരില്‍ ഈ മാസമാദ്യം പ്രധാനമന്ത്രി മോദി പുനഃപ്രഖ്യാപിച്ചു. മതനേതാക്കളും ഭരണസാരഥികളുമുള്‍പ്പെട്ട സമൂഹത്തോട് രണ്ടു മണിക്കൂര്‍ നേരം അദ്ദേഹം വിഡിയോയിലൂടെ സന്ദേശം കൈമാറി. മുഖ്യമന്ത്രിമാരില്‍ പലരുമെന്നപോലെ മാതാ അമൃതാനന്ദമയി, ശ്രീ ശ്രീ രവിശങ്കര്‍, പട്‌നാ ഗുരുദ്വാരയിലെ സിഖ് പുരോഹിത മേധാവി, അജ്മിര്‍ ദര്‍ഗയിലെ മുഖ്യപുരോഹിതന്‍, വ്യവസായപ്രമുഖനായ രത്തന്‍ ടാറ്റ, ചലച്ചിത്ര സൂപ്പര്‍താരമായ അമിതാഭ് ബച്ചന്‍ എന്നിവരുമായും അദ്ദേഹം ആശയം പങ്കുവച്ചു.
നാലുവര്‍ഷത്തിനുള്ളില്‍ പതിനാലു സംസ്ഥാനങ്ങള്‍ വെളിയിടവിസര്‍ജന മുക്തമാകുമെന്നാണു പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നാലരലക്ഷം ഗ്രാമങ്ങളാണു ഗാന്ധിജയന്തി ശതാബ്ദിയില്‍ ഒപ്പംചേരുന്നതെന്നും ഇന്ത്യയുടെ പതിനഞ്ചാമത്തെ പ്രധാനമന്ത്രി വെളിപ്പെടുത്തി. ഇന്ത്യ സ്വാതന്ത്ര്യം നേടി മൂന്നു വര്‍ഷം കഴിഞ്ഞു മാത്രം ജനിച്ച നരേന്ദ്ര ദാമോദര്‍ദാസ് മോദിക്ക് തികച്ചും അഭിമാനിക്കാവുന്ന ആത്മപ്രശംസ.
മാനവസേവയാണു മാധവസേവയെന്ന് വെളിപ്പെടുത്തിക്കൊണ്ടു 2015 ഒക്ടോബര്‍ രണ്ടിനാരംഭിച്ച 'സ്വച്ഛ് ഭാരത്' പദ്ധതിയിലാണു മോദി 68ാം വയസ്സില്‍ നില്‍ക്കുന്നത്. ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനു മുമ്പ് ശൗചാലയങ്ങള്‍ നിര്‍മിക്കുകയെന്ന വിപ്ലവകരമായ ആഹ്വാനം കഴിഞ്ഞവര്‍ഷം ഷിക്കാഗോയില്‍ നടന്ന സ്വാമി വിവേകാനന്ദ ജയന്തി ആഘോഷവേളയില്‍ അദ്ദേഹം നടത്തുകയുണ്ടായി.
നാഷനല്‍ ആന്വല്‍ റൂറല്‍ സാനിറ്റേഷന്‍ വകുപ്പ് 2017-18ല്‍ നടത്തിയ സര്‍വേയില്‍ ഗ്രാമീണ പാര്‍പ്പിടങ്ങളില്‍ 77 ശതമാനത്തിലും ശൗചാലയങ്ങളുണ്ടെന്നു കണ്ടെത്തിയതു മോദിയെ ആനന്ദിപ്പിച്ചിരിക്കണം. അപ്പോഴും കേന്ദ്ര സാനിറ്റേഷന്‍ വകുപ്പു സെക്രട്ടറി പരമേശ്വരന്‍ അയ്യര്‍ പറയുന്നത് 55 കോടി ജനങ്ങളെങ്കിലും പൊതുസ്ഥലത്താണു കാര്യം നിര്‍വഹിക്കുന്നതെന്നാണ്. കണക്കുനോക്കിയാല്‍ പല വിദേശ രാജ്യങ്ങളിലെയും ആകെ ജനസംഖ്യയോളം വരുമിത്.
അതേസമയം കേരളത്തെയും മിസോറമിനെയും പോലുള്ള സംസ്ഥാനങ്ങള്‍ വെളിയിട വിസര്‍ജനമുക്ത ശ്രമത്തില്‍ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. സമീപഭാവിയില്‍ പൂര്‍ണത നേടുമെന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ജനങ്ങളുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെപ്പോലുള്ളവര്‍ പ്രധാനമന്ത്രിക്ക് ഉറപ്പുനല്‍കിയിട്ടുമുണ്ട്. എന്നാല്‍, ബിഹാര്‍ പോലുള്ള പ്രദേശങ്ങള്‍ വളരെ പിന്നാക്കമാണെന്നാണു കണക്കുകള്‍ പറയുന്നത്.
ലക്ഷ്യം നേടാനുള്ള ഓട്ടത്തില്‍ പല സംസ്ഥാനങ്ങളും കര്‍ശന നടപടി സ്വീകരിക്കുകയുണ്ടായി. ജമ്മു കശ്മിരില്‍ കിഷ്ത്ത്‌വാര്‍ ജില്ലയില്‍ ശൗചാലയമില്ലാത്ത വീടുകളില്‍ താമസിക്കുന്ന 600 സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവച്ചു. പുതുശ്ശേരിയില്‍ സൗജന്യറേഷന്‍ നിര്‍ത്താനുള്ള നീക്കമുണ്ടായി. കര്‍ണാടകയില്‍ പതിനായിരങ്ങള്‍ സംഗമിക്കുന്ന മഹാ കുംഭാഭിഷേക വേദിയായ ശ്രാവണ ബെല്‍ഗൊളയില്‍ മറപ്പുരകളായി നിര്‍മിച്ച ശൗചാലയങ്ങള്‍ മാറ്റിപ്പണിയാന്‍ കല്‍പ്പന വന്നു.
ഒഡിഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ പരസ്യവിസര്‍ജനത്തിനു ക്രിമിനല്‍ കേസെടുക്കണമെന്നു പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ ബൈത്തൂലില്‍ ഒരു കുടുംബത്തിലെ പത്തുപേരില്‍ നിന്നു 75,000 രൂപ പിഴ ഈടാക്കി. ഉത്തര്‍പ്രദേശില്‍ ബാഗ്‌പെട്ടില്‍ ആവേശം മൂത്ത റിയാസുദ്ദീന്‍ അഹമദ് എന്ന വ്യാപാരി പരസ്യമായി മൂത്രമൊഴിക്കുന്നവരുടെ തല അറുക്കുമെന്നു തന്റെ കടയ്ക്കു മുന്‍പില്‍ പരസ്യപ്പലക തൂക്കി.
തോട്ടിപ്പണിയെന്ന, മലം തലയിലേറ്റിപ്പോകുന്ന ഹീനമായ ജോലി 2013-ല്‍ ഇന്ത്യയാകെ നിയമംമൂലം നിരോധിച്ചിട്ടും ഇന്നും പലയിടങ്ങളിലും നടക്കുന്നുണ്ട്. നാലായിരത്തോളം വര്‍ഷം പഴക്കമുള്ള മാലിന്യസംസ്‌കരണ രീതിയെന്നു പരാമര്‍ശിക്കപ്പെട്ട ഈ തൊഴില്‍, തലമുറകളായി ചെയ്യാന്‍ വിധിക്കപ്പെട്ടവര്‍ പല സംസ്ഥാനങ്ങളിലുമുണ്ട്. അവരില്‍ പലരും മറ്റൊരു ഉപജീവനമാര്‍ഗമില്ലെന്നു പറയുമ്പോള്‍ അത്തരം കക്കൂസുകള്‍ ഉപയോഗിക്കുന്നവര്‍ പറയുന്നത്, ആവശ്യത്തിനു വെള്ളമില്ലെന്നത്രെ.
ഉപയോഗിക്കാന്‍ വെള്ളമില്ലെന്ന കാരണത്താല്‍, സര്‍ക്കാര്‍ പന്തീരായിരത്തിലേറെ രൂപ ചെലവഴിച്ചു നിര്‍മിച്ച ശൗചാലയങ്ങള്‍ പലതും സ്റ്റോര്‍ മുറികളായോ കന്നുകാലി ഷെഡുകളായോ ദുരുപയോഗം ചെയ്യുന്നതു കണ്ടെത്തിയെന്നു കേന്ദ്ര സാനിറ്റേഷന്‍ വകുപ്പു കുറ്റപ്പെടുത്തുന്നു. ആവശ്യമായ വെള്ളമെത്തിക്കേണ്ട ചുമതല സംസ്ഥാന ഗവണ്‍മെന്റുകള്‍ നിര്‍വഹിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ചൂണ്ടിക്കാട്ടുന്നു.
തോട്ടിപ്പണി അവസാനിച്ചോയെന്ന സ്ഥിതിവിവരക്കണക്കു ശേഖരിക്കാന്‍ കഴിയാത്തതാണ് അധികൃതരെ പൊതുവില്‍ കുഴയ്ക്കുന്ന പ്രശ്‌നം. 2015-ല്‍ തെലങ്കാന സംസ്ഥാനം സമര്‍പ്പിച്ച കണക്കില്‍ അവിടെ ഒന്നരലക്ഷം കക്കൂസുകളുണ്ടെങ്കിലും തോട്ടിപ്പണിക്കാരായി ആരുമില്ലെന്നാണ് പറഞ്ഞത്. 24,000 കക്കൂസുകളുള്ള കര്‍ണാടകയില്‍ 302 പേരാണുള്ളതെന്നു റിപ്പോര്‍ട്ടു നല്‍കി. ഹരിയാനയും ഹിമാചലുമൊക്കെ ഈ പണി ചെയ്യുന്ന ആരുമില്ലെന്നാണറിയിച്ചത്.
ഇക്കാരണത്താല്‍ ശരിയായ കണക്കെടുപ്പ് നടക്കാതെ വന്നു. 2011-ലെ സോഷ്യോ എക്കണോമിക് സര്‍വേയില്‍ ഈ തോട്ടിപ്പണിയെടുക്കുന്നവരായി 15,375 പേരുണ്ടെന്നു പറയുന്നു. ഇന്ത്യയിലെ 164 ജില്ലകളില്‍ നിന്നു മാത്രം ശേഖരിച്ച വിവരങ്ങളാണിത്. യഥാര്‍ഥ സംഖ്യ എത്രയോ കൂടുമെന്നര്‍ഥം.
മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യം തലയിലേറ്റാന്‍ വിധിക്കപ്പെട്ടര്‍ സ്വയമറിയാതെയാണു മരണത്തിലേക്കു വഴുതിവീഴുന്നത്. 2017-ല്‍ ഇത്തരത്തില്‍ 300-ലേറെ മരണം നടന്നതായി ലോക്‌സഭയില്‍ സാമൂഹ്യനീതി വകുപ്പ് വെളിപ്പെടുത്തി. ഇവയില്‍ 144 എണ്ണവും തമിഴ്‌നാട്ടിലായിരുന്നു. മാലിന്യം നീക്കാന്‍ മാന്‍ഹോളിലിറങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിച്ച നൗഷാദ് എന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ ശ്വാസംമുട്ടി മരിച്ച സംഭവം കുറച്ചുനാള്‍ മുമ്പു കോഴിക്കോട്ടുണ്ടായല്ലോ.
തുറസ്സായസ്ഥലത്തു മലമൂത്രവിസര്‍ജനം നടത്തുന്നതുമൂലം അതിസാരം പിടിപെട്ടു വര്‍ഷന്തോറും അറുപതിനായിരത്തിലധികം കുട്ടികള്‍ മരിക്കുന്നതായി നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേ പറയുന്നു. ഗ്രാമീണമേഖലകളില്‍ വീടുകളിലും വിദ്യാലയങ്ങളിലും സൗകര്യപ്രദമായ ശൗചാലയങ്ങളില്ലാത്തതിന്റെ പേരില്‍ 23 ശതമാനത്തോളം പെണ്‍കുട്ടികള്‍ പാതിവഴിയില്‍ വിദ്യാഭ്യാസം ഉപേക്ഷിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
കേരളം പോലെ ചില സംസ്ഥാനങ്ങളിലും പ്രമുഖ നഗരങ്ങളിലും നേരത്തേ വീടുകളില്‍നിന്നു അല്‍പ്പം മാറി പറമ്പുകളില്‍ കാര്യം നിര്‍വഹിച്ചിരുന്നവര്‍ പില്‍ക്കാലത്തു പ്രത്യേക കക്കൂസ് നിര്‍മിക്കേണ്ട ആവശ്യം മനസ്സിലാക്കിയിരുന്നു. അവര്‍ തന്നെയാണു പില്‍ക്കാലത്തു വീട്ടിനകത്തു ടോയ്‌ലറ്റ് നിര്‍മിക്കാന്‍ തുടങ്ങിയത്. (നേരത്തേ, ഭക്ഷണം വീട്ടില്‍, മറയ്ക്കിരിക്കല്‍ പുറത്ത് എന്നായിരുന്നു. ഇപ്പോള്‍ ഭക്ഷണം പുറത്ത്, മറയ്ക്കിരിക്കല്‍ അകത്ത് എന്ന് ഒരു രസികന്‍ പറഞ്ഞതോര്‍ക്കുന്നു.)
ഈ പരിഷ്‌കാരം വരുത്തിയ നമ്മള്‍ ടോയ്‌ലറ്റുകളുടെ സെപ്റ്റിക് ടാങ്കുകള്‍ കിണറുകളില്‍ നിന്നു വേണ്ടത്ര അകലത്താണോയെന്നു ശ്രദ്ധിക്കാറുണ്ടോ. ഇല്ലെന്ന് ഉത്തരം നല്‍കേണ്ടിവരും. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുമ്പോഴും വളര്‍ത്തുമൃഗങ്ങളുടെ കാര്യമോപാലിനാശ്രയിക്കുന്ന കാലികള്‍ക്കുള്ള തൊഴുത്ത് വൃത്തിയില്‍ സൂക്ഷിക്കാറുണ്ടോ. ഉണ്ടെങ്കില്‍ത്തന്നെ അവയെ മൂത്രമൊഴിക്കാനും ചാണകമിടാനും പൊതു ഇടങ്ങളില്‍ വിടുകയല്ലേ പതിവ്.
ഏറെ വിലകൊടുത്തു വാങ്ങി വളര്‍ത്തുന്ന നായ്ക്കളുടെ കാര്യത്തിലും ഇതു തന്നെ മനോഭാവം. അവയ്ക്കു കിടക്കാനും ഉറങ്ങാനും എയര്‍കണ്ടീഷന്‍ മുറി ഒരുക്കിയാലും മലമൂത്രവിസര്‍ജനത്തിന് ഇറക്കിവിടുന്നതു പൊതുവഴിയില്‍. പൊതുവെ ഒരവബോധമുള്ളതിനാല്‍ കേരളത്തില്‍ നില ഏറെ മെച്ചമാണ്.
എല്ലാവര്‍ക്കും കക്കൂസ് എന്ന നിലയില്‍ പ്രഖ്യാപനവുമായി കോഴിക്കോട് നഗരസഭ 2016 ഒക്ടോബറില്‍ മുന്നോട്ടുവന്നിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ കമ്യൂണിറ്റി ശൗചാലയങ്ങള്‍ സ്ഥാപിക്കാനായിരുന്നു പരിപാടി. പ്രവാസി വ്യവസായിയായ പാലക്കാട്ടുകാരന്‍ ഡോ. സിദ്ദീഖ് അഹമദിന്റെ നേതൃത്വത്തിലുള്ള സഊദി അറേബ്യയിലെ ഇറാം ഗ്രൂപ്പ് ലക്ഷക്കണക്കിനു രൂപ ചെലവു ചെയ്തു കോഴിക്കോട് നഗരത്തില്‍ ടോയ്‌ലറ്റുകള്‍ പണിതു. എന്നാല്‍, അവയില്‍ പലതും അധികാരികളുടെ പിടിപ്പുകേടുകൊണ്ട് ഇന്നു നോക്കുകുത്തികളാണ്.
പരസ്യവിസര്‍ജനം നിര്‍ത്തലാക്കാനായെന്നു ഗാന്ധിജയന്തി ദിനത്തില്‍ പരസ്യമായി പ്രഖ്യാപിക്കാനാകണമെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ കക്കൂസുമായി നടക്കുന്ന നമ്മുടെ റെയില്‍വേ സംവിധാനത്തില്‍ മാറ്റം വരണം. ഇരുളിന്റെ മറവില്‍ പല സംസ്ഥാനങ്ങളിലും പലരും കാര്യം കഴിക്കുന്നതു റെയിലോരങ്ങളിലാണ്. 1853-ല്‍ 34 കിലോമീറ്ററുമായി തുടങ്ങിയ ഇന്ത്യന്‍ റെയില്‍വേ ഇന്നു പതിനാലു സോണുകളിലായി 63,327 കിലോമീറ്ററിലാണ്. അതിലെയോടുന്ന ട്രെയിനുകളിലിരുന്നു പുറത്തേക്കാണ് ആളുകള്‍ മലവിസര്‍ജനം നടത്തുന്നത്.
പ്രധാനമന്ത്രിയുടെ 'സ്വച്ഛ് ഭാരത് ' പരിപാടി വിജയിക്കണമെങ്കില്‍ ആദ്യം ജനങ്ങളില്‍ അവബോധമുണ്ടാകണം. കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍സിങ് ബിഹാറില്‍ തന്റെ മണ്ഡലമായ മോത്തിഹരിയില്‍ പര്യടനം നടത്തവേ അംഗരക്ഷകനെ കാവല്‍ നിര്‍ത്തിയും മഹാരാഷ്ട്ര ജല സംരക്ഷണ മന്ത്രി റാം ഷിന്‍ഡെ ഹൈവേക്കരികെ എല്ലാവരെയും മാറ്റിനിര്‍ത്തിയും മൂത്രമൊഴിക്കുന്ന ചിത്രം കഴിഞ്ഞവര്‍ഷം പത്രങ്ങളില്‍ വന്നിരുന്നു. ഇതുപോലുള്ള നാണക്കേടുകള്‍ ഒഴിവാക്കാന്‍ ഭരണാധികാരികള്‍ക്കും കഴിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."