ഉപ്പുതറയിലെ ഭൂമി സര്‍ക്കാരിന്റേതെന്ന് ജില്ലാ ഭരണകൂടം; ജനം ആശങ്കയില്‍
കട്ടപ്പന: ഒരുനൂറ്റാണ്ടോളമായി കൈവശംവച്ച് അനുഭവിക്കുന്ന ഉപ്പുതറയിലെ ഭൂമി സര്‍ക്കാരിന്റേതാണെന്നു ജില്ലാ ഭരണകൂടം അറിയിച്ചതോടെ ജനം ആശങ്കയില്‍. ഉപ്പുതറ വില്ലേജിലെ സര്‍വേ നമ്പര്‍ 338ലെ ഭൂമിക്ക് ഉപാധികളോടെ കരം സ്വീകരിക്കാനും എന്‍ഒസിയും നിജസ്ഥിതി സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കാനും നടപടി ഉണ്ടാകാത്തതിനു പരിഹാരം തേടി കര്‍ഷകര്‍ ജില്ലാ കലക്ടറുടെ പൊതുജന സമ്പര്‍ക്ക പരിപാടിയില്‍ പരാതിയുമായി എത്തിയപ്പോള്‍ നല്‍കിയ മറുപടിയാണു കര്‍ഷകരെ വലയ്ക്കുന്നത്.
ഈ സര്‍വേ നമ്പരില്‍ ഉള്‍പ്പെടുന്ന സ്ഥലം സര്‍ക്കാരിന്റെ പൊതു ആവശ്യത്തിനായി നീക്കിവയ്‌ക്കേണ്ടതും സംരക്ഷിത മേഖലയില്‍ ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളതിനാല്‍ അപേക്ഷയില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന മറുപടിയാണു ജില്ലാ ഭരണകൂടത്തില്‍നിന്നു ലഭിച്ചത്.
കൈവശമുള്ള ഭൂമിയില്‍ യാതൊരു ഉടമസ്ഥാവകാശവും ഇല്ലാത്തരീതിയില്‍ കഴിയുന്ന ഉപ്പുതറ വില്ലേജിലെ ആറ് സര്‍വേ നമ്പരുകളില്‍പെട്ടവര്‍ക്കു തിരിച്ചടി നല്‍കുന്നതാണ് ഈ മറുപടി. തോട്ടം ഭൂമി മുറിച്ചുവില്‍ക്കാന്‍ പാടില്ലെന്ന അടിയാധാരത്തിലെ വ്യവസ്ഥയുടെ പേരില്‍ 1963ലെ ഭൂപരിഷ്‌കരണ നിയമം ലംഘിച്ചെന്ന കാരണം നിരത്തി ഹൈക്കോടതി നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് റവന്യു നടപടികള്‍ നിര്‍ത്തിവച്ചതാണ് ഇവര്‍ക്കു വിനയായത്. യഥാര്‍ഥ വസ്തുത ഹൈക്കോടതിയെ ബോധിപ്പിക്കാന്‍ സര്‍ക്കാരിനു കഴിയാതെവന്നതാണു നൂറുകണക്കിനു കുടുംബങ്ങള്‍ക്കു തിരിച്ചടിയായത്.
ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ എസ്റ്റേറ്റിലെ മിച്ചഭൂമി പിടിച്ചെടുക്കാനുള്ള നടപടിക്കെതിരെ കമ്പനി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഉപ്പുതറ നിവാസികളുടെ ദുരിതത്തിനു തുടക്കമിട്ടത്.
ഇതോടെ എം.ജി.രാജമാണിക്യത്തെ സ്‌പെഷല്‍ ഓഫിസറായി സര്‍ക്കാര്‍ നിയമിച്ചു. ഇദ്ദേഹം നടത്തിയ അന്വേഷണത്തില്‍ മറ്റ് പല കമ്പനികളിലും മിച്ചഭൂമിയുണ്ടെന്നും അവ കൈമാറ്റം ചെയ്തിട്ടുണ്ടെന്നും കണ്ടെത്തി. മലയാളം റബര്‍ പ്രൊഡ്യൂസേഴ്‌സ് കമ്പനി, ഹാരിസണ്‍ ക്രോസ് ഫീല്‍ഡ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ട്രാവന്‍കൂര്‍ ടീ കമ്പനി എന്നീ എസ്റ്റേറ്റുകളിലും മിച്ചഭൂമിയുണ്ടെന്നായിരുന്നു കണ്ടെത്തല്‍.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് 2014 മാര്‍ച്ചില്‍ സര്‍ക്കാരിനും ഹൈക്കോടതിക്കും സമര്‍പ്പിച്ചതോടെയാണു ജനങ്ങളെ വലയ്ക്കുന്ന നടപടിയുണ്ടായത്. എല്ലാ എസ്റ്റേറ്റുകളുടെ മിച്ചഭൂമി സംബന്ധിച്ചും കോടതി പരാമര്‍ശം ഉണ്ടായതിനെ തുടര്‍ന്നു ലാന്‍ഡ് റവന്യു സെക്രട്ടറി ഇടപെട്ടു. കോടതി പരാമര്‍ശത്തിനു വിധേയമായ എസ്റ്റേറ്റുകളിലെ 338, 594, 595, 800, 916, 917 എന്നീ സര്‍വേ നമ്പരുകളില്‍ റവന്യു നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.
ഇതുസംബന്ധിച്ചു 2015 ഫെബ്രുവരി 23നു ജില്ലാ കലക്ടര്‍ക്കും റീസര്‍വേ അസിസ്റ്റന്റ് ഡയറക്ടര്‍ക്കും സര്‍വേ സൂപ്രണ്ടിനും തഹസില്‍ദാര്‍ക്കും ഉത്തരവു നല്‍കുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് വിലയ്ക്കു വാങ്ങി കരം അടച്ചുപോന്നിരുന്ന ഭൂമിയില്‍ കര്‍ഷകരും തൊഴിലാളികളും ഒറ്റദിവസംകൊണ്ടു അന്യരായി. റീസര്‍വേ കഴിയാത്തതിനാല്‍ ഈ ആറ് സര്‍വേ നമ്പരുകളില്‍പെട്ട ഭൂമിയുടെ അളവു സംബന്ധിച്ചു കൃത്യമായ വിവരമില്ലെന്നാണ് റവന്യു വകുപ്പ് അധികൃതരുടെ നിലപാട്.
എന്നാല്‍ ആയിരം ഏക്കറിലധികം സ്ഥലത്ത് അഞ്ഞൂറോളും കുടുംബങ്ങളാണ് ഈ സര്‍വേ നമ്പരുകളില്‍ കഴിയുന്നതെന്നാണു നിഗമനം. റവന്യു നടപടികള്‍ നിര്‍ത്തിവച്ചതോടെ ഈ കുടുംബങ്ങളുടെ ദുരിതകാലം ആരംഭിച്ചു.
അത്യാവശ്യഘട്ടങ്ങളില്‍പോലും ഭൂമി കൈമാറ്റം ചെയ്യാന്‍ കഴിയാതെയായി. പോക്കുവരവ് നടത്താനോ നിജസ്ഥിതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനോ കഴിയുന്നില്ല.
പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പുതറ യൂണിറ്റിന്റെ നേതൃത്വത്തില്‍ റവന്യു മന്ത്രിക്കു നിവേദനം നല്‍കിയപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ നടപടിയുണ്ടാക്കാമെന്ന് ഉറപ്പു ലഭിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രയോജനമുണ്ടായിട്ടില്ല.
ഇതിനിടെയാണു ജില്ലാ ഭരണകൂടത്തില്‍നിന്ന് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന മറുപടികൂടി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."