സൈന്യത്തിനുനേരെ കല്ലെറിയാന്‍ യുവാക്കള്‍ക്ക് പാകിസ്താന്‍ പണം നല്‍കുന്നുവെന്ന് കശ്മിര്‍ ഉപമുഖ്യമന്ത്രി
ശ്രീനഗര്‍: കശ്മിര്‍ വിഘടനവാദികള്‍ക്ക് പാകിസ്താനില്‍ നിന്ന് പണം ലഭിക്കുന്നുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് എന്‍.ഐ.എ അന്വേഷണം നടത്തുന്നതിനിടയില്‍ സുരക്ഷാ സേനക്കെതിരേ കല്ലെറിയുന്ന യുവാക്കള്‍ക്ക് പണം ലഭിക്കുന്നുണ്ടെന്ന അവകാശവാദവുമായി ജമ്മുകശ്മിര്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് രംഗത്ത്.
സുരക്ഷാ സൈന്യത്തിനുനേരെ കല്ലെറിയുന്ന യുവാക്കള്‍ക്ക് 500 രൂപവീതമാണ് ലഭിക്കുന്നതെന്നാണ് നിര്‍മല്‍ സിങ് ആരോപിക്കുന്നത്. ഇന്ത്യയുമായി നേരിട്ട് യുദ്ധം ചെയ്യാനുള്ള ശ്രമം നാല് തവണ പരാജയപ്പെട്ടതോടെയാണ് യുവാക്കള്‍ക്ക് പണം നല്‍കി കല്ലേറ് നടത്തി സംസ്ഥാനത്തിന്റെ ആഭ്യന്തര രംഗത്തെ അസ്ഥിരപ്പെടുത്താന്‍ പാകിസ്താന്‍ ശ്രമം നടത്തുന്നത്. കശ്മിരികളെ രാജ്യദ്രോഹികളെന്ന് വരുത്തി തീര്‍ക്കാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി ആരോപിച്ചു.
പാകിസ്താന്റെ പ്രകോപനപരമായ നിലപാടുകള്‍ സര്‍ക്കാര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെതിരേ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് അസ്ഥിരമായ സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ കഴിഞ്ഞ ശനിയാഴ്ച കശ്മിരി വിഘടന വാദി നേതാക്കളായ അഹ്്മദ് ധര്‍, നയീം ഖാന്‍, ഖാസി ജാവേദ് ബാബ എന്നിവരെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. കശ്മിരില്‍ കലാപം നടത്താന്‍ ഇവര്‍ക്ക് പാകിസ്താനില്‍ നിന്ന് പണം ലഭിക്കുന്നുണ്ടെന്ന വിവരം ലഭിച്ച പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്തത്. ഭീകരവാദത്തിന് പണം ലഭിക്കുന്നുണ്ടെന്നും ഹവാല ഇടപാടുകളുടെ മുഖ്യകണ്ണിയാണെന്നും ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മറ്റൊരു വിഘടനവാദി നേതാവായ ഫറൂഖ് അഹമ്മദ് ധറിനെ ഇന്നലെ ചോദ്യം ചെയ്തിരുന്നു.
വിഘടനവാദി നേതാക്കള്‍ ചില രേഖകള്‍ എന്‍.ഐ.എക്ക് മുന്‍പില്‍ ഹാജരാക്കിയിട്ടുണ്ട്. അതേസമയം ഈ നേതാക്കള്‍ പാകിസ്താനില്‍ നിന്ന് പണം കൈപ്പറ്റി സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള പൊതുമുതല്‍ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ നടത്തിയ കുറ്റസമ്മതമൊഴിയടക്കമുള്ള വീഡിയോയുടെ പശ്ചാത്തലത്തില്‍ എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."