76 ദിവസംകൊണ്ട് ഈ നീലക്കുറുക്കന്‍ സഞ്ചരിച്ചത് 3,500 കിലോമീറ്റര്‍!
ഓസ്‌ലോ: നോര്‍വെയില്‍നിന്ന് കാനഡയിലേക്ക് വെറും 76 ദിവസംകൊണ്ട് 3,500 കിലോമീറ്ററിലധികം (2,700 മൈല്‍) സഞ്ചരിച്ച ആര്‍ട്ടിക് കുറുക്കന്‍ കൗതുകമാകുന്നു. നോര്‍വീജിയന്‍ പോളാര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഈ വിവരം പുറത്തുവിട്ടത്. 2017 ജൂലൈ 29ന് ഈ പെണ്‍ കുറുക്കന്റെ ദേഹത്ത് അവരൊരു ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചിരുന്നു.
2018 മാര്‍ച്ച് 26ന് നോര്‍വേയിലെ സ്വാല്‍ബാര്‍ഡ് ദ്വീപസമൂഹത്തിലെ സ്പിറ്റ്‌സ്‌ബെര്‍ഗനില്‍നിന്ന് യാത്ര തുടങ്ങിയ നീലക്കുറുക്കന്‍ മഞ്ഞുമൂടിയ പ്രദേശങ്ങളിലൂടെ നടന്ന് 21 ദിവസത്തിനുള്ളില്‍ 939 കിലോമീറ്റര്‍ പിന്നിട്ട് 2018 ഏപ്രില്‍ 16ന് ഗ്രീന്‍ലാന്‍ഡില്‍ എത്തി. യാത്ര തുടര്‍ന്ന് ജൂലൈ 1ന് കാനഡയിലെ എല്ലെസ്‌മെര്‍ ദ്വീപിലുമെത്തി. ആദ്യം ഇത് സത്യമാണെന്ന് വിശ്വസിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ലെന്ന് ഗവേഷകയായ ഇവാ ഫ്യൂഗ്ലി പറയുന്നു.
ഈ ആര്‍ട്ടിക് കുറുക്കന്റെ യാത്ര ഇതുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയതാണെന്ന് ഗവേഷകര്‍ പുറത്തിറക്കിയ പഠന പ്രബന്ധത്തില്‍ പറയുന്നു. ഓരോ ദിവസവും മൂന്ന് മണിക്കൂര്‍ ഇടവിട്ട് കുറുക്കന്‍ എവിടെയാണെന്ന വിവരം ലഭിച്ചുകൊണ്ടിരിക്കും. കടല്‍ ഹിമത്തിനും ഹിമാനികള്‍ക്കും കുറുകെ നടന്ന കുറുക്കന്‍ പ്രതിദിനം ശരാശരി 46.3 കിലോമീറ്റര്‍ വേഗത്തിലാണ് സഞ്ചരിച്ചത്. വടക്കന്‍ ഗ്രീന്‍ലാന്‍ഡിലെ ഹിമപാളികള്‍ക്കു മുകളിലൂടെ ഒരു ദിവസം 155 കിലോമീറ്റര്‍ ദൂരവും സഞ്ചരിച്ചിട്ടുണ്ട്.
ഇത്ര വേഗത്തില്‍ സഞ്ചരിക്കാന്‍ ഹിമാപാളികളെ ഇവ ഉപയോഗിക്കുന്നുവെന്നത് പുതിയ കണ്ടെത്തലാണ്. അതേസമയം, കാലാവസ്ഥാ വ്യതിയാനം ഹിമ പ്രദേശങ്ങളിലുള്ള ജീവികളെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ചുള്ള ആശങ്കകളും ഈ യാത്ര ഉയര്‍ത്തുന്നുണ്ട്. ആര്‍ട്ടിക് പ്രദേശത്തെ വന്യജീവികളെ സംബന്ധിച്ച് കടലിലെ ഹിമപാളികള്‍ എത്രത്തോളം പ്രധാനമാണെന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്- നോര്‍വേയിലെ കാലാവസ്ഥാ പരിസ്ഥിതി മന്ത്രി ഓല എല്‍വെസ്റ്റുന്‍ പറഞ്ഞു. ഭയാനകമാംവിധം ചൂട് വര്‍ധിക്കുകയാണെന്നും കടലിലെ മഞ്ഞുപാളികള്‍ അപ്രത്യക്ഷമാകുന്നത് തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."