കല്‍ക്കരിപാടം അഴിമതിക്കേസ്: കുറ്റക്കാര്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ
ന്യൂഡല്‍ഹി: കല്‍ക്കരിപാടം അഴിമതിക്കസില്‍ കുറ്റക്കാര്‍ക്ക് രണ്ട് വര്‍ഷം തടവ് ശിക്ഷ. മുന്‍ കല്‍ക്കരി മന്ത്രാലയം സെക്രട്ടറി എച്ച്.സി ഗുപ്തയുള്‍പ്പെടെ മൂന്നു പേര്‍ക്കാണ് ശിക്ഷ. ഡല്‍ഹി സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്.
മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് ഉള്‍പ്പെടെയുള്ളവര്‍ ആരോപണവിധേയരായ കേസില്‍ എച്ച്.സി ഗുപ്തയടക്കം മൂന്ന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സി.ബി.ഐ കോടതി കഴിഞ്ഞ ദിവസം ജയില്‍ശിക്ഷ വിധിച്ചിരുന്നു.
കല്‍ക്കരി മന്ത്രാലയം മുന്‍ ജോയിന്റ് സെക്രട്ടറി കെ.എസ് ക്രോഫ, ഡയറക്ടറായിരുന്ന കെ.സി സമരിയ എന്നിവരാണ് കുറ്റക്കാരെന്നു കണ്ടെത്തിയ മറ്റു രണ്ടുപേര്‍. കല്‍ക്കരിപ്പാടങ്ങള്‍ ലേലത്തില്‍ കൈപ്പറ്റിയ കമ്പനിയുടെ ഉന്നതരും കുറ്റക്കാരാണെന്നു വിചാരണാ കോടതി ജഡ്ജി ഭാരത് പ്രഷാര്‍ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെന്ന നിലയില്‍ അഴിമതി നിരോധന നിയമപ്രകാരം മൂന്നു പേര്‍ക്കുമെതിരേ ചുമത്തിയ ഗൂഢാലോചനക്കുറ്റം കോടതി ശരിവച്ചു.
എന്നാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരമുള്ള വിശ്വാസവഞ്ചനാ കുറ്റത്തില്‍നിന്ന് ഗുപ്തയെ ഒഴിവാക്കി. കേസിലെ മറ്റൊരു പ്രതിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അമിത് ഗോയലിനെ കോടതി വെറുതെ വിട്ടു. കമ്പനി ഡയറക്ടര്‍ പവന്‍ കുമാര്‍ അഹ്‌ലുവാലിയയാണ് ശിക്ഷിക്കപ്പെട്ട നാലാമന്‍.
കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിലെ വിധിയാണിത്. മറ്റു കേസുകളിലും ഗുപ്ത പ്രതിയാണ്. മധ്യപ്രദേശിലെ തെസ്‌ഗോറ ബി രുദ്രാപുരി കല്‍ക്കരിപ്പാടങ്ങള്‍ കമാല്‍ സ്‌പോണ്‍ഗസ് സ്റ്റീല്‍സ് ആന്‍ഡ് പവര്‍ ലിമിറ്റഡ് കമ്പനിക്ക് അനുവദിച്ചതില്‍ ക്രമക്കേട് നടന്നുവെന്ന ആരോപണമാണ് കേസിനാധാരം. കല്‍ക്കരിപ്പാടം അനുവദിക്കുന്നതിനായി കമാല്‍ സ്‌പോണ്‍ഗസ് സ്റ്റീല്‍സ് നല്‍കിയ അപേക്ഷ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാര്‍ഗരേഖയില്‍ ആവശ്യപ്പെടുന്ന മതിയായ യോഗ്യതകള്‍ ഇല്ലാത്തതായിരുന്നുവെന്ന് കേസന്വേഷിച്ച സി.ബി.ഐ കണ്ടെത്തിയിരുന്നു. ഈ കാരണം കൊണ്ട് തന്നെ അപേക്ഷ തള്ളേണ്ടതായിരുന്നു. കമ്പനിയുടെ ശേഷിയെക്കുറിച്ച് അപേക്ഷയില്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയിരുന്നതെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."