തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്ന് ആവര്‍ത്തിച്ച് ട്രംപ്
വാഷിങ്ടണ്‍: വൈറ്റ്ഹൗസില്‍ ഭരണക്കൈമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുമ്പോഴും നിയുക്ത യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ജയം അംഗീകരിക്കാതെ ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായും താനാണ് യഥാര്‍ഥ വിജയിയെന്നും ട്രംപ് ഇന്നലെ ഗെറ്റിസ്ബര്‍ഗിലെ ഹോട്ടലില്‍ നടന്ന യോഗത്തില്‍ അവകാശപ്പെട്ടു. നാം എളുപ്പത്തില്‍ ജയിച്ച തെരഞ്ഞെടുപ്പാണിത്- അദ്ദേഹം തന്നെ അനുകൂലിക്കുന്നവരോടായി പറഞ്ഞു.
പെന്‍സില്‍വാനിയയില്‍ കൂടി വിജയിച്ചതോടെ ബൈഡന് പ്രസിഡന്റാകുമെന്ന് ഉറപ്പായിട്ടുണ്ടെങ്കിലും റിപ്പബ്ലിക്കന്മാരോട് വോട്ടിങ്ങിലെ അട്ടിമറിയെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയാണ് കഴിഞ്ഞ ദിവസത്തെ യോഗത്തിലും ട്രംപ് ചെയ്തത്. അതേസമയം റിപ്പബ്ലിക്കന്മാരില് ഏറെ പേരും ബൈഡന്റെ ജയം അംഗീകരിച്ചിട്ടുണ്ട്. അരിസോണയിലും മിഷിഗണിലും തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടതായി പ്രചരിപ്പിക്കുന്നതിന് സമാനമായ യോഗങ്ങള്‍ നടത്താനൊരുങ്ങുകയാണ് ട്രംപ്.
എന്നാല്‍ തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടന്നതിന് തെളിവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. കോടതിയില്‍ നിയമപോരാട്ടത്തിലും ട്രംപിന് തിരിച്ചടി നേരിട്ടു. പെന്‍സില്‍വാനിയയിലെ വോട്ടെണ്ണലില്‍ അട്ടിമറി നടന്നതായ തന്റെ വാദം കേള്‍ക്കാന്‍ യു.എസിലെ മൂന്നാം സര്‍ക്യൂട്ട് കോടതിയില്‍ ട്രംപ് അപ്പീല്‍ നല്‍കിയിട്ടുണ്ടെങ്കിലും കോടതി വാദംകേള്‍ക്കാമെന്ന് സമ്മതിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."