ബാറുടമകള്‍ കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കിയെന്ന് സി.ബി.ഐ
കൊച്ചി: ഹോട്ടലുകള്‍ക്ക് സ്റ്റാര്‍ പദവി നേടാന്‍ കേരളത്തിലെ ബാറുമടകള്‍ കേന്ദ്ര ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിനു രൂപയുടെ കോഴ നല്‍കിയതായി സി.ബി.ഐ. അന്വേഷണത്തിന്റെ ഭാഗമായി ഇടനിലക്കാരുടെ വീടുകളിലും ഹോട്ടലുകളിലും നടത്തിയ റെയ്ഡില്‍ 31 ലക്ഷം രൂപ പിടിച്ചെടുത്തു.
ഇന്ത്യാ ടൂറിസം റീജ്യണല്‍ ഡയരക്ടര്‍ സഞ്ജയ് വാട്‌സിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തടഞ്ഞ സി.ബി.ഐ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി കോഴ ഇടപാടിനുള്ള തെളിവുകള്‍ കണ്ടെടുത്തു. ബാര്‍കോഴക്കേസ് കേരളത്തില്‍ വീണ്ടും കത്തിക്കയറി വരുമ്പോഴാണ് ബാറുടമകള്‍ ഉള്‍പ്പെട്ട കോഴക്കേസ് സി.ബി.ഐ കണ്ടെത്തുന്നത്. ത്രീ സ്റ്റാര്‍ ക്ലാസിഫിക്കേഷനുള്ള ഹോട്ടലുകള്‍ക്കു മാത്രമാണ് സംസ്ഥാനത്ത് ബാര്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നത്.
കഴിഞ്ഞ ഒരു മാസമായി ചില ഹോട്ടലുകളുടെ സ്റ്റാര്‍ പദവി പുതുക്കാനും പുതിയ അപേക്ഷകള്‍ അംഗീകരിക്കാനും നടപടികള്‍ പുരോഗിക്കുകയാണ്. ഇന്ത്യാ ടൂറിസത്തിന്റെ ചെന്നൈ റീജ്യണല്‍ ഓഫിസാണ് കേരളത്തിലെ ഹോട്ടലുകള്‍ക്ക് ക്ലാസിഫിക്കേഷന്‍ നല്‍കുന്നത്.
ഇതിനിടെ ചില ഏജന്റുമാര്‍ മുഖേന ബാറുടമകള്‍ ടൂറിസം ഉദ്യോഗസ്ഥര്‍ക്കു കോടിക്കണക്കിനു രൂപ കോഴ നല്‍കുന്നതായി സി.ബി.ഐ മധുര യൂനിറ്റിന് രഹസ്യവിവരം ലഭിച്ചു. ഇന്ത്യാ ടൂറിസം റീജ്യണല്‍ ഡയരക്ടര്‍ സഞ്ജയ് വാട്‌സ്, അസിസ്റ്റന്റ് ഡയരക്ടര്‍ സി. രാമകൃഷ്ണന്‍ എന്നിവര്‍ക്കാണ് കോഴ കൈമാറിയതെന്നായിരുന്നു വിവരം. തുടര്‍ന്ന് ബാറുടകള്‍, ഏജന്റുമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ സി.ബി.ഐ നിരീക്ഷിച്ചുവരികയായിരുന്നു. സഞ്ജയ് വാട്‌സ് കൊച്ചിയിലെത്തുമെന്ന വിവരം ലഭിച്ചതോടെ സി.ബി.ഐ കൊച്ചി യൂനിറ്റിന്റെ സഹായത്തോടെ എറണാകുളം, കൊല്ലം ജില്ലകളിലെ ഹോട്ടലുകളിലും ഏജന്റുമാരുടെ വീടുകളിലും റെയ്ഡ് നടത്തി 31 ലക്ഷം രൂപ കണ്ടെടുത്തു.
വൈകീട്ട് തിരിച്ചുപോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ സഞ്ജയ് വാട്‌സിനെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി ഫോണും ലാപ്‌ടോപ്പുമടക്കം പരിശോധിച്ചു. കോഴ കൈമാറ്റം സംബന്ധിച്ച തെളിവുകള്‍ കണ്ടെുടത്ത ശേഷം വിട്ടയച്ചു. സി. രാമകൃഷ്ണന്റെ ചെന്നൈ ഫ്‌ളാറ്റിലും മധുരയിലെ ചില ഏജന്റുമാരുടെ വസതികളിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും റെയ്ഡ് തുടരുകയാണ്. അടിസ്ഥാനസൗകര്യം പോലുമില്ലാത്ത ചില ഹോട്ടുലകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കിയതായി സി.ബി.ഐ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്കാണ് കോഴപ്പണം കൈമാറിയതെന്നും വിവരം ലഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."