കോട്ടപ്പടി മാര്‍ക്കറ്റ്: നഗരസഭയുടെ ഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിയും
മലപ്പുറം: കോട്ടപ്പടി മാര്‍ക്കറ്റ് നഗരസഭയുടെ തനത് ഫണ്ടും പദ്ധതി വിഹിതവും ഉപയോഗിച്ചു നവീകരിക്കാന്‍ തീരുമാനം.ഇതിനു വേണ്ടി കെ.യു.ആര്‍.ഡി.എഫ്.സിയില്‍ നിന്നും വായ്പ എടുക്കാനുളള നീക്കം ഉപേക്ഷിച്ചു. ഇന്നലെ നടന്ന നഗരസഭാ കൗണ്‍സില്‍ ഐക്യകണ്‌ഠ്യേനയാണ് തീരുമാനം.
ആധുനിക രീതിയില്‍ മാര്‍ക്കറ്റ് പുന:നിര്‍മിക്കാന്‍ വായ്പ എടുക്കുന്നതിനു വിശദമായ പദ്ധതി തയാറാക്കണം. ഇതിനായി രണ്ടു തവണ ടെന്‍ഡര്‍ വിളിച്ചെങ്കിലും, നിയമസാങ്കേതിക ബുദ്ധുമുട്ടുള്ളതിനാല്‍ അപേക്ഷകരെത്തിയിരുന്നില്ല. ഇതോടെ നവീകരണ പ്രവൃത്തികള്‍ അനന്തമായി നീളുകയായിരുന്നു. ഇതേ തുടര്‍ന്നാണ് നഗരസഭാ ഫണ്ട് ഉപയോഗിച്ചു പണി തുടങ്ങാന്‍ തീരുമാനിച്ചത്. പുതിയ പദ്ധതി തയാറാക്കുന്നതിനു ഉടന്‍ ടെന്‍ഡര്‍ വിളിക്കും.
ആദ്യനിലകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വാടക, അഡ്വാന്‍സ് തുക ലഭ്യമാക്കി തുടര്‍ പ്രവൃത്തികള്‍ തുടരും. മാലിന്യസംസ്‌കരണത്തിനു ശുചിത്വമിഷന്‍ ഫണ്ടും ലഭ്യമാക്കും. കഴിഞ്ഞ ഭരണസമിതി കാലത്ത് വലിയവരമ്പില്‍ ന്യൂ സിറ്റി സ്ഥാപിച്ച് മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വയല്‍ പ്രദേശമായതിനാല്‍ അനുമതി ലഭിച്ചിരുന്നില്ല. നഗരത്തിന്റെ ഹൃദയ ഭാഗത്ത് ഇരുപത് വര്‍ഷത്തോളം മാര്‍ക്കറ്റിനു പഴക്കമുണ്ട്.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 84 മരാമത്ത് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിനു കൗണ്‍സില്‍ അംഗീകാരം നല്‍കി. നഗരത്തില്‍ നാനോ മാര്‍ക്കറ്റ് കം ടേക്ക് എവേ കൗണ്ടര്‍ കുടുംബശ്രീ നേതൃത്വത്തില്‍ തുടങ്ങാന്‍ ഭൗതിക സാഹചര്യമൊരുക്കും. പരസ്യ ഏജന്‍സികള്‍ കരാര്‍ ഏറ്റെടുത്ത തെരുവ് ലൈറ്റുകള്‍ നന്നാക്കാന്‍ ആവശ്യപ്പെടും. പരിഹാരമായില്ലെങ്കില്‍ പുതിയ ഏജന്‍സിക്കു നല്‍കും. കേടായ എല്‍.ഇ.ഡി ബള്‍ബുകള്‍ നന്നാക്കും. വയോജന പാര്‍ക്കിനു വേണ്ടി കിഴക്കേത്തല, ബസ്‌ബേ നിര്‍മിക്കാന്‍ ചെറുപാലം എന്നിവിടങ്ങളില്‍ ഭൂമി ലഭ്യമാകുന്നതോടെ നിര്‍മാണ പ്രവൃത്തിക്കു തുടങ്ങാന്‍ പൊതുമരാമത്ത് വകുപ്പില്‍ നിന്നും അനുമതി തേടി. ചെയര്‍മാന്‍ സി.എച്ച് ജമീല അധ്യക്ഷയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."