ഇബ്റാഹീംകുഞ്ഞിന്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി തള്ളി
ആശുപത്രിയില്‍ ചോദ്യം ചെയ്യാം
മൂവാറ്റുപുഴ: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി.കെ ഇബ്റാഹീംകുഞ്ഞ് എം.എല്‍.എയുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. തിങ്കളാഴ്ച ആശുപത്രിയിലെത്തി ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്കി. കര്‍ശന വ്യവസ്ഥകളോടെയാണ് അനുമതി.
ഇബ്റാഹീംകുഞ്ഞിനെ നാലു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടത്. ആവശ്യം കോടതി തള്ളി. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ തുടരാന്‍ കോടതി അനുമതി നല്കി. ജാമ്യാപേക്ഷയിലുള്ള വാദം കോടതിയില്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇന്നലെ കോടതി ചേര്‍ന്ന ഉടന്‍ ജാമ്യാപേക്ഷയിലും വിജിലന്‍സിന്റ കസ്റ്റഡി ആവശ്യത്തിലും വിധി പറയുകയായിരുന്നു.
ഈ മാസം 30ന് രാവിലെ ഒമ്പതു മുതല്‍ 12 വരെയും വൈകീട്ട് മൂന്നു മുതല്‍ നാലു വരെയും ആശുപത്രിയിലെത്തി വിജിലന്‍സിന് ചോദ്യം ചെയ്യാം. ചോദ്യം ചെയ്യുന്നതിനു മുന്‍പ് അന്വേഷണോദ്യോഗസ്ഥര്‍ കൊവിഡ് ടെസ്റ്റ് നടത്തണം. 24 മണിക്കൂറിനകം നടത്തിയ പരിശോധനയുടെ ഫലം ഇബ്റാഹീംകുഞ്ഞിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കു കൈമാറണം.
മാനസികമായും ശാരീരികമായും പീഡിപ്പിക്കരുത്. ചികിത്സ തടസപ്പെടുത്തരുത്. ഒരു മണിക്കൂറിനു ശേഷം 15 മിനിറ്റ് ഇടവേള നല്‍കണം. ചോദ്യം ചെയ്യുന്ന സംഘത്തില്‍ മൂന്ന് ഉദ്യോഗസ്ഥരില്‍ കൂടുതല്‍ പേര് പാടില്ല. ഉത്തരവിന്റെ പകര്‍പ്പ് ആശുപത്രി അധികൃതര്‍ക്കു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."