അവിശ്വാസം പാസായി; അമരമ്പലത്ത് യു.ഡി.എഫ് പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ പഞ്ചായത്ത് പ്രസിഡന്റ് പുറത്തായി. കഴിഞ്ഞ ആറിനാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരേ എല്‍.ഡി.എഫ്അംഗങ്ങള് കാളികാവ് ബി.ഡി.ഒക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
ഇന്നലെ നടന്ന ചര്‍ച്ചയില്‍ പത്ത് അംഗങ്ങള്‍ പങ്കെടുത്തു. യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനിന്നു. യു.ഡി.എഫ് വിമതനും പ്രതിപക്ഷ അംഗങ്ങളുമാണ് യോഗത്തില്‍ പങ്കെടുത്തത്.
പഞ്ചായത്തില്‍ മൊത്തം 19 വാര്‍ഡുകളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസിന് ഒന്‍പതും മുസ്ലിംലീഗിന് ഒന്നും ഉള്‍പ്പെടെ യു.ഡി.എഫിന് പത്തും സി.പി.എമ്മിന് ഒന്‍പതും സീറ്റുകളാണ് ഉണ്ടായിരുന്നത്.
ഒരു സീറ്റിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിലെ സി. സുജാതയാണ് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നത്. ലീഗിലെ നൊട്ടത്ത് മുഹമ്മദ് വൈസ് പ്രസിഡന്റുമായി. ഇതിനിടെയാണ് സ്ഥിരംസമിതി അധ്യക്ഷ കൂടിയായിരുന്ന രണ്ടാം വാര്‍ഡ് മെമ്പര്‍ കോണ്‍ഗ്രസിലെ അനിതാ രാജു രാജിവച്ചത്. ഭരണത്തില്‍ അര്‍ഹമായ പ്രാധാന്യം നല്‍കുന്നില്ല എന്ന ആരോപണവുയാണ് രാജിവെച്ചത്. ഇതോടെ ഇരുമുന്നണികള്‍ക്കും ഒന്‍പത് വീതം അംഗങ്ങളായി. അപ്രതീക്ഷിതമായി കഴിഞ്ഞ ശനിയാഴ്ച പത്തൊന്‍പതാം വാര്‍ഡ് അംഗം കോണ്‍ഗ്രസിലെ ടി.പി ഹംസ പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ രാജിവച്ച് ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ യു.ഡി.എഫിലെ അംഗസംഖ്യ എട്ടായി ചുരുങ്ങി. സി.പി.എമ്മിന്റെ ഒന്‍പതും യു.ഡി.എഫ് വിമന്‍ ടി.പി ഹംസയും അടക്കം പത്തുപേര്‍ അവിശ്വാസത്തെ അനുകൂലിച്ചതോടെ അവിശ്വാസം പാസായി. പഞ്ചായത്തില്‍ 18 വര്‍ഷത്തോളമായി യു.ഡി.എഫ് ഭരണമാണ്. വൈസ് പ്രസിഡന്റിനാണ് താല്‍ക്കാലിക ചുമതല. കാളികാവ് ബി.ഡി.ഒ കേശവദാസ് ആയിരുന്നു വരണാധികാരി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."