നടിയെ ആക്രമിച്ച കേസ്; പ്രദീപ് കുമാര്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലിസ്
ബേക്കല്‍ (കാസര്‍കോട്): നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി പ്രദീപ് കുമാര്‍ കോട്ടത്തല ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ നിസ്സഹകരണം പുലര്‍ത്തുകയാണെന്ന് കേസന്വേഷണ സംഘം.
കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറിയായ പ്രദീപിനെ അറസ്റ്റിലായി റിമാന്റില്‍ കഴിയവെ കൂടുതല്‍ ചോദ്യം ചെയ്യാനും തെളിവെടുപ്പിനും വേണ്ടി നാലു ദിവസത്തേക്കാണ് ഹൊസ്ദുര്‍ഗ് മജിസ്ട്രേട്ട് കോടതി ബേക്കല്‍ പൊലിസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. കഴിഞ്ഞ ദിവസം ആറു മണിക്കൂര്‍ ചോദ്യം ചെയ്തിട്ടും വ്യക്തമായ മറുപടി നല്കാന് പ്രദീപ് തയാറായില്ലെന്ന് പൊലിസ് വ്യക്തമാക്കി.
പ രാതിക്കാരനായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും കാസര്‍കോട്ടേക്കു വന്നത് വാച്ച് വാങ്ങാനും ആരാധനാലയത്തില്‍ പോകാനുമാണെന്നാണ് പ്രദീപ് ആവര്‍ത്തിക്കുന്നത്. തെളിവുകളും സാക്ഷിമൊഴികളും പൊലിസ് ചൂണ്ടിക്കാണിച്ചിട്ടും പ്രദീപ് ഇതെല്ലാം നിഷേധിച്ചെന്നാണ് വിവരം. ഇന്നലെ പ്രദീപിനെ തെളിവെടുപ്പിന് കൊല്ലത്തേക്കു കൊണ്ടുപോകാന്‍ പൊലിസ് തയാറെടുത്തിരുന്നു. വിപിന്‍ലാലിനെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണിന്റെ ലൊക്കേഷന്‍ കൊല്ലം ജില്ലയിലെ ചില പ്രദേശങ്ങളായതിനാലാണിത്. എന്നാല്‍ പ്രദീപ് നിസ്സഹകരണം തുടരുന്ന സാഹചര്യത്തില്‍ കൊണ്ടുപോകാനായില്ല. പ്രതിയുടെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് കോടതി തിങ്കളാഴ്ച പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."