ഹാഫിസ് സഈദ് പൊലിസ് വലയില്‍
ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ജമാഅത്തുദ്ദഅ്‌വ നേതാവുമായ ഹാഫിസ് സഈദിനെയും 12 സഹായികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പാക് പൊലിസ്. ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിനും കള്ളപ്പണം വെളുപ്പിച്ചതിനുമാണ് ഇവര്‍ക്കെതിരേ കേസെടുക്കുക. പാകിസ്താനിലെ പഞ്ചാബ് പൊലിസിന്റെ ഭീകരവിരുദ്ധ വിഭാഗം ഹാഫിസ് സഈദുള്‍പ്പെടെയുള്ള 13 പേര്‍ക്കെതിരേ ബുധനാഴ്ച ഭീകരപ്രവര്‍ത്തനത്തിന് പണം ചെലവഴിച്ചതിന് 23 എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പഞ്ചാബ് പൊലിസ് വക്താവ് നിയാബ് ഹൈദര്‍ നഖ്‌വി പി.ടി.ഐയോടു പറഞ്ഞു. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
നിരോധിത ഭീകരസംഘടനയായ ജമാഅത്തുദ്ദഅ്‌വയിലെ നിരവധി അംഗങ്ങളെ പൊലിസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഹാഫിസ് സഈദ് പൊലിസ് വലയിലുണ്ടെന്ന സൂചനകളുമുണ്ട്. സര്‍ക്കാരില്‍ നിന്നുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് പൊലിസ് എന്ന് പേരു വെളിപ്പെടുത്താത്ത പാക് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. നിലവില്‍ ലാഹോറിലെ ജൗഹര്‍ നഗരത്തിലെ വീട്ടിലുണ്ടെന്നും സര്‍ക്കാരിന്റെ അനുമതിക്കായി പൊലിസ് കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരര്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നതു തടയാന്‍ കടുത്ത നടപടിയെടുക്കണമെന്ന് പാരിസ് ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പാക് ഭരണകൂടത്തോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഒരാഴ്ചയ്ക്കകം ഹാഫിസിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു.
ജൂണിനകം ഭീകരസംഘടനകള്‍ക്ക് പണം ലഭിക്കുന്നത് തടയണമെന്ന എഫ്.എ.ടി.എഫ് നിര്‍ദേശം നടപ്പാക്കാന്‍ കഴിയാതിരുന്നതിനാല്‍ ഒക്ടോബര്‍ വരെ പാകിസ്താന് സമയം കൊടുത്തിരിക്കുകയാണ്. അപ്പോഴും സാധിച്ചില്ലെങ്കില്‍ പാകിസ്താനെ എഫ്.എ.ടി.എഫ് കരിമ്പട്ടികയില്‍ പെടുത്തുമെന്നാണ് മുന്നറിയിപ്പ്. സാമ്പത്തികപ്രതിസന്ധിയിലുള്ള പാകിസ്താനെ നിലവില്‍ ഗ്രേ പട്ടികയിലാണ് പെടുത്തിയിട്ടുള്ളത്. ഭീകരതയ്ക്കു വേണ്ടി പണം കൈപ്പറ്റിയ കുറ്റത്തിന് ജമാഅത്തുദ്ദഅ്‌വയിലെയും ജെയ്‌ഷെ മുഹമ്മദിലെയും 12 പേര്‍ക്ക് പാകിസ്താനിലെ ഭീകരവിരുദ്ധ കോടതി അഞ്ചു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.
ഹാഫിസ് സഈദിനെ നേരത്തേ യു.എസ് ട്രഷറി വകുപ്പ് ആഗോളഭീകരനായി മുദ്രകുത്തിയിരുന്നു. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമേരിക്ക 2012ല്‍ ഒരു കോടി ഡോളര്‍ പ്രതിഫലമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ജമാഅത്തുദ്ദഅ്‌വയുടെയും ഫലാഹെ ഇന്‍സാനിയത്ത് ഫൗണ്ടേഷന്റെയും ലാഹോറിലെ ആസ്ഥാനം പാക് അധികൃതര്‍ പൂട്ടി സീല്‍ ചെയ്യുകയും 120 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. 2017ല്‍ ഹാഫിസിനെ പിടികൂടിയ പാക് സര്‍ക്കാര്‍ 11 മാസത്തിനു ശേഷം അവരെ മോചിപ്പിക്കുകയായിരുന്നു.
മുഖം മിനുക്കലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജമാഅതുദ്ദഅ്‌വ മേധാവി ഹാഫിസ് സഈദിനെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പാകിസ്താന്‍ പറയുന്നതെങ്കിലും ദാവൂദ് ഇബ്‌റാഹീമിന് അവരുടെ മണ്ണിലെ സാന്നിധ്യം നിഷേധിക്കാന്‍ തയാറാകാത്തത് ഇരട്ടത്താപ്പാണെന്ന് ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍.
ദാവൂദ് ഇബ്‌റാഹിം പാകിസ്താനില്‍ കഴിയുന്നുവെന്നത് രഹസ്യമല്ല. അക്രമവും ഭീകരവാദ പ്രവര്‍ത്തനങ്ങളും നടത്തി പാകിസ്താനില്‍ കഴിയുന്നവരുടെ പട്ടിക ഇന്ത്യ പലതവണ പാകിസ്താന് കൈമാറിയിട്ടുണ്ട്. ഇത്തരക്കാരെ പിടികൂടി ഇന്ത്യക്ക് കൈമാറണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴും ആ ആവശ്യം ആവര്‍ത്തിക്കുകയാണെന്നും രവീഷ് കുമാര്‍ പറഞ്ഞു.
എന്നാല്‍ ഇന്ത്യയുടെ നിലപാട് പുറത്തുവന്നതിനു പിന്നാലെ ദാവൂദ് ഇബ്‌റാഹിം പാകിസ്താനില്‍ കഴിയുന്നുണ്ടെന്ന ആരോപണം പാകിസ്താന്‍ നിഷേധിച്ചു. ദാവൂദ് പാകിസ്താനിലില്ലെന്ന് പാക് വിദേശ കാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."