കത്‌വ കേസിലെ നിയമയുദ്ധം ഹൈക്കോടതിയില്‍, പെണ്‍കുട്ടിയുടെ പിതാവ് ഹരജി നല്‍കും; പിന്തുണയുമായി യൂത്ത് ലീഗ്
പത്താന്‍കോട്ട്: ജമ്മുകശ്മീരിലെ കത്‌വയില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം തടവിലിട്ട് കൂട്ടബലാല്‍സംഗംചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്ത കേസിലെ നിയമയുദ്ധം പഞ്ചാബ് - ഹരിയാന ഹൈക്കോടതിയില്‍. കേസില്‍ ആറു പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയ പത്താന്‍കോട്ട് വിചാരണ കോടതി വിധിക്കെതിരെ പ്രതിഭാഗം സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇന്നലെ ഹരജിയില്‍ പ്രാഥമിക വാദം നടന്നപ്പോള്‍ പെണ്‍കുട്ടിയുടെ പിതാവിനു വേണ്ടി അഡ്വ. മുബീന്‍ ഫാറൂഖിയാണ് ഹൈക്കോടതിയില്‍ ഹാജരായത്. കേസ് വാദംകേള്‍ക്കാനായി 18ലേക്ക് മാറ്റിയ കോടതി, ഹരജിയില്‍ നിലപാട് ആരാഞ്ഞ് ജമ്മുകശ്മീര്‍ സര്‍ക്കാറിന് നോട്ടീസയച്ചു. നിലവില്‍ ജമ്മുകശ്മീര്‍ രാഷ്ട്രപതി ഭരണത്തിനു കീഴിലാണ്.
അതേസമയം, കുറ്റക്കാരെന്നു കണ്ടെത്തിയവരെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കിയ നടപടിയും ഒരു പ്രതിയെ കുറ്റവിമുക്തനാക്കിയതും ചോദ്യംചെയ്ത് പെണ്‍കുട്ടിയുടെ പിതാവ് ഉടന്‍ ഹരജി നല്‍കും. നേരത്തെ വിചാരണക്കോടതി വിധിക്കെതിരെ പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ഹരജി ഫയല്‍ചെയ്യുമെന്ന് പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ക്രൈംബ്രാഞ്ചിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കശ്മീര്‍ ഭരണകൂടത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് പ്രോസിക്യുഷന്‍.
പെണ്‍കുട്ടിയുടെ പിതാവിന് വേണ്ടി ഉടന്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് അഡ്വ. മുബീന്‍ ഫാറൂഖി അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകരെ തന്നെ പെണ്‍കുട്ടിയുടെ കുടുംബത്തിനു വേണ്ടി ഹൈക്കോടതിയിലും ഹാജരാക്കുമെന്ന് യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറും വൈസ് പ്രസിഡന്റ് അഡ്വ: വി.കെ ഫൈസല്‍ ബാബുവും എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാനും അറിയിച്ചു. നേരത്തെ വിചാരണക്കോടതിയില്‍ നടന്ന കേസിനും യൂത്ത് ലീഗ് നിയമസഹായം നല്‍കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ രാജ്വീന്ദര്‍ സിങ് ബയസ്, ജഗ്‌മോഹന്‍ സിങ് ഭാട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘമാവും ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് മുന്‍പാകെ പെണ്‍കുട്ടിയുടെ പിതാവിന് വേണ്ടി ഹാജരാവുക. ദുഷ്‌കരമായ ദൗത്യമായിരിക്കും ഇതെന്ന തിരിച്ചറിവോടെയാണ് കേസിന്റെ നിയമ സഹായ ദൗത്യം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി ഏറ്റെടുത്തതെന്നും മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊടും ക്രൂരത ചെയ്ത പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അതിനായി ഏതറ്റം വരെയും പോകുമെന്നും സി.കെ സുബൈര്‍ പറഞ്ഞു.
സംഭവത്തിന്റെ മുഖ്യ സൂത്രധാരനും ക്ഷേത്രപൂജാരിയുമായ സഞ്ജി റാം, ആനന്ദ് ദത്ത, പര്‍വേഷ് കുമാര്‍, ദീപക് ഖജൂരിയ, സുരേന്ദര്‍ വര്‍മ, തിലക് രാജ് എന്നിവരെ കുറ്റക്കാരെന്നു കണ്ടെത്തി കഴിഞ്ഞമാസമാണ് വിചാരണക്കോടതി വിധി പറഞ്ഞത്. മുഖ്യപ്രതി സഞ്ജിറാം, സുഹൃത്ത് പര്‍വേശ് കുമാര്‍, പൊലിസ് ഉദ്യോഗസ്ഥന്‍ ദീപക് കജൂരിയ എന്നിവര്‍ക്കാണ് ജീവപര്യന്തമാണ് കോടതി വിധി ശിക്ഷ. ഇവര്‍ ഓരോ ലക്ഷംരൂപ വീതം പിഴയും അടയ്ക്കണം. ജമ്മുകശ്മീര്‍ പൊലിസിലെ സ്‌പെഷ്യല്‍ ഓഫിസര്‍ സുരേന്ദര്‍ വര്‍മ, എസ്.ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരെ അഞ്ചുവര്‍ഷത്തെ കഠിനതടവിനും ശിക്ഷിച്ചു. കേസ് അട്ടിമറിക്കാനായി മുഖ്യപ്രതിയില്‍ നിന്ന് ഇവര്‍ നാലുലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. സഞ്ജി റാമിന്റെ മകന്‍ വിശാല്‍ റാമിനെ തെളിവുകളുടെ അഭാവത്തിലാണ് വെറുതെവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."