അങ്കണവാടികളില്‍ ഇനി യു.എച്ച്.ടി പാല്
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ ഗുണഭോക്താക്കള്‍ക്ക് ഇനി മുതല്‍ മില്‍മയുടെ യു.എച്ച്.ടി പാല്. സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായാണ് പാല് വിതരണംചെയ്യാന്‍ തീരുമാനിച്ചത്.
കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യസംരക്ഷണത്തിനായാണ് സമ്പൂര്‍ണ ആഹാരമായ പാല് വിതരണംചെയ്യുന്നത്.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സഹകരണത്തോടെ സപ്ലിമെന്ററി ന്യൂട്രീഷ്യന്‍ പ്രോഗ്രാമിന്റെ കീഴിലായിരിക്കും ഇത് നടപ്പാക്കുക. ഈ പരിപാടിയുടെ ഭാഗമായി പഞ്ചായത്തുകള്‍ക്ക് തുക അനുവദിക്കും. 180 മില്ലിലിറ്റര്‍ ഉള്‍ക്കൊള്ളുന്ന പായ്ക്കറ്റുകളിലാണ് യു.എച്ച്.ടി പാല് എത്തുക.
അള്‍ട്രാ പാസ്ചറൈസേഷന് ഫുഡ് പ്രോസസ് ടെക്നോളജി ഉപയോഗിച്ച് നിര്‍മിക്കുന്ന യു.എച്ച്.ടി പാല് 135 ഡിഗ്രി ഊഷ്മാവിലാണ് സംസ്കരിക്കുന്നത്.
റെഫ്രിജറേറ്ററിന്റെ ആവശ്യമില്ലാതെ സാധാരണ ഊഷ്മാവില്‍ മൂന്നുമാസം വരെ കേടുകൂടാതെ സൂക്ഷിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. തിളപ്പിക്കാതെ തന്നെ ഉപയോഗിക്കാന്‍ കഴിയുന്ന പാലാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."