'രാജ്യവിരുദ്ധ' പരാമര്‍ശം: വൈക്കോക്ക് ഒരുവര്‍ഷത്തെ തടവ്
ചെന്നൈ: 'രാജ്യവിരുദ്ധ' പരാമര്‍ശത്തിന്റെ പേരില്‍ എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോയ്ക്ക് ഒരു വര്‍ഷത്തെ തടവുശിക്ഷ. നിരോധിത സംഘടനയായ എല്‍.ടി.ടി.ഇയെ അനുകൂലിച്ച് സംസാരിച്ചെന്ന പരാതിയില്‍ ചെന്നൈയിലെ പ്രത്യേക കോടതി ജഡ്ജിയുടെതാണ് നടപടി. ജയില്‍വാസത്തിനു പുറമെ വൈക്കോ 10,000 രൂപ പിഴയും അടയ്ക്കണം. എന്നാല്‍, വൈക്കോയ്ക്ക് അപ്പീല്‍ നല്‍കാനായി ശിക്ഷ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ട്. ഈ മാസം 18ന് തമിഴ്‌നാട്ടില്‍ നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വൈക്കോ മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കോടതി വിധി പുറത്തുവന്നിരിക്കുന്നത്. നേരത്തേ മൂന്നുതവണ രാജ്യസഭാ പ്രതിനിധിയായി ചുമതലയേറ്റ വൈ ഗോപാലസ്വാമി എന്ന വൈക്കോ 23 വര്‍ഷത്തിനു ശേഷമാണ് രാജ്യസഭയിലേക്ക് മത്സസരിക്കുന്നത്.
2008ല്‍ ചെന്നൈയിലെ രാജ അണ്ണാമലൈ ഹാളില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങിനിടെയാണ് വൈക്കോ വിവാദ പരാമര്‍ശം നടത്തിയത്. നിരോധിത സംഘടനയായ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴത്തിനെതിരായ (എല്‍.ടി.ടി.ഇ) യുദ്ധം അവസാനിപ്പിച്ചില്ലെങ്കില്‍ ഇന്ത്യ ഒരു ഏക രാജ്യമായി തുടരില്ലെന്നായിരുന്നു വൈക്കോയുടെ പരാമര്‍ശം. ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നതാണ് പ്രസംഗമെന്ന് ചൂണ്ടിക്കാട്ടി 2009ല്‍ ഡി.എം.കെ സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹത്തിനെതിരേ തമിഴ്‌നാട് പൊലിസിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് 124 (എ) പ്രകാരം (രാജ്യദ്രോഹം) കേസെടുത്തത്.
തമിഴ് പുലികളെ പിന്തുണച്ച് സംസാരിച്ചതിന് വൈക്കോയെ 2002 ല്‍ ജയലളിത സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷത്തോളം അദ്ദേഹം ഇതേതുടര്‍ന്ന് ജയിലിലായിരുന്നു. എല്‍.ടി.ടി.ഇ മേധാവി പ്രഭാകരന് പിന്തുണ നല്‍കിവന്നിരുന്ന വൈക്കോ, എം.കെ സ്റ്റാലിന് ഡി.എം.കെയില്‍ കൂടുതല്‍ പരിഗണന കൊടുത്തെന്നാരോപിച്ചാണ് പാര്‍ട്ടി വിട്ട് എം.ഡി.എം.കെ രൂപീകരിച്ചത്. തമിഴ്‌നാട് നിയമസഭയില്‍ എം.ഡി.എം.കെയ്ക്ക് അംഗങ്ങളില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ ധാരണപ്രകാരമാണ് വൈക്കോയ്ക്ക് ഡി.എം.കെ രാജ്യസഭ സീറ്റ് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."